Picsart 25 07 05 18 22 38 712

കുടുംബവും ഫുട്ബോൾ ലോകവും ഒത്തുചേർന്നു; ഡിയോഗോ ജോട്ടക്ക് അന്ത്യയാത്ര


ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ വാഹനാപകടത്തിൽ മരണപ്പെട്ട ലിവർപൂൾ, പോർച്ചുഗൽ താരം ഡിയോഗോ ജോട്ട (28), ഇളയ സഹോദരൻ ആന്ദ്രെ സിൽവ (25) എന്നിവർക്ക് ജന്മനാടായ ഗോണ്ടോമാറിൽ ശനിയാഴ്ച അന്ത്യയാത്ര നൽകി.


വ്യാഴാഴ്ച വടക്കുപടിഞ്ഞാറൻ സ്പെയിനിലെ ഒരു മോട്ടോർവേയിൽ നിന്ന് ഇവരുടെ വാഹനം തെന്നിമാറി തീപിടിച്ചാണ് ഇരു സഹോദരങ്ങളും മരണപ്പെട്ടത്. ജോട്ട തന്റെ ദീർഘകാല പങ്കാളിയായ റൂട്ടെ കാർഡോസോയെ വിവാഹം കഴിച്ച് ഒരാഴ്ച പിന്നിടുമ്പോളാണ് ഈ ദുരന്തം സംഭവിക്കുന്നത്. മൂന്ന് കുട്ടികളുണ്ട് ഈ ദമ്പതികൾക്ക്.


കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഫുട്ബോൾ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും ഇന്ന് അന്ത്യകർമ്മ ചടങ്ങുകളിൽ പങ്കെടുത്തു. പോർച്ചുഗൽ ടീമംഗങ്ങളായ ബെർണാഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ്, ഡാനിലോ പെരേര, ജാവോ ഫെലിക്സ് എന്നിവരും മുഖ്യ പരിശീലകൻ റോബർട്ടോ മാർട്ടിനെസും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.


ലിവർപൂൾ ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക്ക് ജോട്ടയുടെ നമ്പർ 20 ആലേഖനം ചെയ്ത ചുവന്ന പൂക്കളുള്ള ലിവർപൂൾ ഷർട്ടിന്റെ ആകൃതിയിലുള്ള റീത്ത് കൊണ്ടുവന്നു. ഡാർവിൻ ന്യൂനെസ്, പുതിയ പരിശീലകൻ ആർനെ സ്ലോട്ട് എന്നിവരുൾപ്പെടെയുള്ള മറ്റ് ലിവർപൂൾ പ്രതിനിധികൾ കുടുംബത്തെ സന്ദർശിക്കുകയും വെള്ളിയാഴ്ചത്തെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു.


പോർച്ചുഗൽ പ്രസിഡന്റ് മാർസെലോ റെബെലോ ഡി സൂസ, പ്രധാനമന്ത്രി ലൂയിസ് മോണ്ടെനെഗ്രോ, ജോട്ടയുടെ ഏജന്റ് ജോർജ്ജ് മെൻഡസ് എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു.

Exit mobile version