Picsart 23 12 27 01 35 55 089

റൊണാൾഡോ 2023ലെ ടോപ് സ്കോറർ!! ഇത്തിഹാദിനെ തകർത്ത് അൽ നസർ

സൗദി പ്രൊ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിൽ അൽ നസറിന് വിജയം. കരുത്തരായ അൽ ഇത്തിഹാദിനെ നേരിട്ട അൽ നസർ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ആണ് വിജയിച്ചത്. അതും അൽ ഇത്തിഹാദിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച്. ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് അൽ നസറിന്റെ ഹീറോ ആയത്. ഈ ഗോളുകളോടെ 2023ൽ ഏറ്റവും കൂടെ ഗോളുകൾ നേടിയ താരമായി റൊണാൾഡോ മാറി. 2023ൽ റൊണാൾഡോ ആകെ 53 ഗോളുകൾ ആണ് നേടിയത്. 52 ഗോളുകൾ നേടിയ കെയ്നിനെയും എംബപ്പെയെയും റൊണാൾഡോ മറികടന്നു.

ഇന്ന് മത്സരത്തിന്റെ പതിനാലാം മിനുട്ടിൽ ഹംദള്ളയിലൂടെ ഇത്തിഹാദ് ആണ് ലീഡ് എടുത്തത്. ഇതിന് 19ആം മിനുട്ടിൽ റൊണാൾഡോയുടെ ഒരു പെനാൾട്ടിയിലൂടെ അൽ നസർ സമനില നേടി. ആദ്യ പകുതി അവസാനിക്കും മുമ്പ് ടലിസ്കയിലൂടെ അൽ നസർ ലീഡും എടുത്തു.

രണ്ടാം പകുതിയിൽ തുടക്കത്തിൽ ഹംദള്ള വീണ്ടും ഇത്തിഹാദിനായി ഗോൾ നേടി. സ്കോർ 2-2. 67ആം മിനുട്ടിൽ ഫബിഞ്ഞോ ചുവപ്പ് കണ്ട് പുറത്തായത് അൽ നസറിന് തിരിച്ചടിയായി. 68ആം മിനുട്ടിൽ ഒരു പെനാൾട്ടി കൂടെ ലക്ഷ്യത്തിൽ എത്തിച്ച് റൊണാൾഡോ വീണ്ടും അൽ നസറിനെ മുന്നിൽ എത്തിച്ചു. 76ആം മിനുട്ടിലും 82ആം മിനുട്ടിലും മാനെ ഗോൾ നേടിയതോടെ 5-2 എന്ന വലിയ വിജയം അൽ നസർ ഉറപ്പിച്ചു.

ഈ വിജയത്തോടെ അൽ നസർ 43 പോയ്ന്റുമായി രണ്ടാമത് നിൽക്കുന്നു. 28 പോയിന്റ് മാത്രമുള്ള ഇത്തിഹാദ് ആറാം സ്ഥാനത്താണ്.

Exit mobile version