Picsart 25 02 24 22 18 19 202

ജയം തുടരാൻ ഗോകുലം കേരള

ഐസ്വാൾ: ഐ ലീഗിൽ ജയം തുടരാൻ എവേ മത്സരത്തിൽ ഗോകുലം കേരള ഇന്ന് കളത്തിലിറങ്ങുന്നു. എവേ മത്സരത്തിൽ ഐസ്വാൾ എഫ്.സിയെയാണ് ഗോകുലം നേരിടുന്നത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഡൽഹി എഫ്.സിക്കെതിരേ മികച്ച ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് മലബാറിയൻസ് ഇന്നത്തെ പോരാട്ടത്തിനിറങ്ങുന്നത്.

തുടർ തോൽവികൾക്ക് ശേഷമായിരുന്നു ഗോകുലം വിജയ വഴിയിൽ തിരിച്ചെത്തിയത്. 15 മത്സരം പൂർത്തിയാക്കിയ ഗോകുലം 22 പോയിന്റുമായി ഇപ്പോൾ പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിൽകൂടി ജയിക്കുകയാണെങ്കിൽ പോയിന്റ് ടേബിളിൽ നേട്ടമുണ്ടാക്കാൻ ഗോകുലത്തിന് കഴിയും. മറ്റു ടീമുളുടെ വിജയങ്ങളേയും ആശ്രയിച്ചായിരിക്കും ഇനി ഗോകുലത്തിന്റെ മുന്നോട്ടുള്ള യാത്ര. നിലവിൽ ടീമിൽ ആർക്കും പരുക്കില്ലാത്തതിനാൽ മികച്ച ടീമിനെ തന്നെ കളത്തിലിറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗോകുലം കേരള.

15 മത്സരത്തിൽനിന്ന് 11 പോയിന്റ് മാത്രമുള്ള ഐസ്വാൾ എഫ്.സി പട്ടികയിൽ 11-ാം സ്ഥാനത്താണ്. അതിനാൽ എതിരാളികളെ പെട്ടെന്ന് വീഴ്ത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മലബാറിൻസിന്റെ പട. രാത്രി ഏഴിനാണ് മത്സരം.

Exit mobile version