Picsart 24 11 25 17 49 08 971

U15 ക്രിക്കറ്റ്; ബിഹാറിനെ തകർത്ത് കേരളം

ഷിമോഗ: 15 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് ഉജ്ജ്വല വിജയം. 121 റൺസിനാണ് കേരളത്തിൻ്റെ പെൺകുട്ടികൾ ബിഹാറിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 35 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്തു. 69 റൺസെടുത്ത ആര്യനന്ദയുടെ പ്രകടനമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. 89 പന്തിൽ 13 ഫോർ അടങ്ങുന്നതായിരുന്നു ആര്യനന്ദയുടെ ഇന്നിങ്സ്. 26 റൺസെടുത്ത ലക്ഷിത ജയനും 25 റൺസെടുത്ത റെയ്ന റോസും കേരള ബാറ്റിങ് നിരയിൽ തിളങ്ങി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാർ 26-ാം ഓവറിൽ 79 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ആകെ മൂന്ന് പേർ മാത്രമാണ് ബിഹാർ നിരയിൽ രണ്ടക്കം കടന്നത്. 30 റൺസെടുത്ത ക്യാപ്റ്റൻ പ്രതിഭാ സാഹ്നിയാണ് ബിഹാറിൻ്റെ ടോപ് സ്കോറർ. പ്രിയാ രാജ് 24ഉം അക്ഷര ഗുപ്ത 12ഉം റൺസെടുത്തു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അരിതയുടെ പ്രകടനമാണ് ബിഹാർ ബാറ്റിങ് നിരയെ തകർത്തത്. നാല് ഓവറിൽ വെറും ആറ് റൺസ് മാത്രം വിട്ടു കൊടുത്തായിരുന്നു അരിത അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.

Exit mobile version