Picsart 25 06 14 15 55 57 820

ചരിത്രം പിറന്നു!! ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ വീഴ്ത്തി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി!

ദക്ഷിണാഫ്രിക്ക അവരുടെ സ്വപ്നത്തിലേക്ക് എത്തി. ഇന്ന് ലോഡ്സിൽ ഫൈനലിന്റെ നാലാം ദിനത്തിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് കൊണ്ട് ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കി. ഓസ്ട്രേലിയ മുന്നിൽ വെച്ച 282 എന്ന വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിൽ മറികടക്കാൻ ദക്ഷിണാഫ്രിക്കക്ക് ആയി.

ഇന്ന് 213/2 എന്ന നിലയിൽ കളി ആരംഭിച്ച ദക്ഷിണാഫ്രിക്കക്ക് 69 റൺസ് കൂടി ആയിരുന്നു വിജയിക്കാൻ വേണ്ടിയിരുന്നത്. അവർക്ക് തുടക്കത്തിൽ 66 റൺസ് എടുത്ത ബാവുമയെ നഷ്ടമായി. എങ്കിലും അവർ സമ്മർദ്ദത്തിലേക്ക് വീണില്ല. മാർക്രം സ്റ്റബ്സിനൊപ്പം ചേർന്ന് ടീമിനെ ലക്ഷ്യത്തിലേക്ക് നയിച്ചു.

ജയിക്കാൻ 41 റൺസ് വേണ്ടിയിരിക്കെ സ്റ്റബ്സ് സ്റ്റാർക്കിന്റെ പന്തിൽ പുറത്തായി. ഇത് കളി ആവേശകരമാക്കി. പക്ഷെ ദക്ഷിണാഫ്രിക്ക പതറിയില്ല. ബെഡിങ്ഹാമിനൊപ്പം ചേർന്ന് മാർക്രം അവരെ ജയത്തിന് അടുത്ത് എത്തിച്ചു. മാർക്രം പുറത്താകുമ്പോൾ 6 റൺസ് മാത്രമെ അവർക്ക് വേണ്ടിയിരുന്നുള്ളൂ.

ഇന്നലെ സെഞ്ച്വറി പൂർത്തിയാക്കിയ മാർക്രം ഇന്ന് പതറാതെ തന്നെ ബാറ്റു ചെയ്തു. ആകെ 207 പന്തിൽ 136 റൺസ് മാർക്രം എടുത്തു.

നേരത്തെ ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ 212 റൺസ് എടുക്കുകയും ദക്ഷിണാഫ്രിക്കയെ 138ന് പുറത്താക്കി ഒന്നാം ഇന്നിംഗ്സിൽ വലിയ ലീഡ് നേടിയിരുന്നു. എന്നാൽ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ 207 റൺസിന് ഓളൗട്ട് ആയി. ഇന്നലെ മാർക്രവും ബാവുമയും ചേർന്ന് പടുത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ആണ് കളി ഓസ്ട്രേലിയയിൽ നിന്ന് അകറ്റിയത്.

Exit mobile version