Picsart 25 10 15 14 30 50 629

ദേശീയ സീനിയർ വനിതാ ട്വൻ്റി 20: ജമ്മു കശ്മീരിനെ തകർത്ത് കേരളം

ദേശീയ സീനിയർ വനിതാ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഒൻപത് വിക്കറ്റ് വിജയം. ടൂർണ്ണമെൻ്റിൽ കേരളത്തിൻ്റെ മൂന്നാം വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ജമ്മു കശ്മീർ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 16.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ടോസ് നേടിയ കേരളം ജമ്മു കശ്മീരിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ബവൻദീപ് കൌറും രുഖിയ അമീനും ചേർന്ന് മികച്ച തുടക്കമാണ് കശ്മീരിന് നല്കിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ തുടരെയുള്ള ഓവറുകളിൽ ഇരുവരെയും പുറത്താക്കി എസ് ആശയാണ് മത്സരത്തിൻ്റെ ഗതി കേരളത്തിന് അനുകൂലമാക്കിയത്. ബവൻദീപ് കൌർ 34ഉം റഉഖിയ അമീൻ 16ഉം റൺസ് നേടി. തുടർന്നെത്തിയ ക്യാപ്റ്റൻ ജസിയയെ സജന സജീവൻ റണ്ണൌട്ടാക്കിയപ്പോൾ റുബിയ സയ്യദിനെ ആശയും പുറത്താക്കി. അവസാന ഓവറുകളിൽ 14 പന്തുകളിൽ 20 റൺസെടുത്ത ചിത്ര സിങ്ങാണ് കശ്മീരിൻ്റെ സ്കോർ നൂറ് കടത്തിയത്. കേരളത്തിന് വേണ്ടി എസ് ആശ മൂന്നും സലോണി ഡങ്കോര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. നാലോവറിൽ വെറും ഒൻപത് റൺസ് മാത്രം വിട്ടു കൊടുത്താണ് ആശ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഷാനിയും പ്രണവി ചന്ദ്രയും ചേർന്ന് തകർപ്പൻ തുടക്കമാണ് നല്കിയത്. അനായാസം സ്കോർ മുന്നോട്ടു നീക്കിയ ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർത്തു. വിജയത്തിന് ഒൻപത് റൺസകലെ 51 റൺസെടുത്ത പ്രണവി പുറത്തായി. തുടർന്ന് 37 റൺസുമായി പുറത്താകാതെ നിന്ന ഷാനിയും അക്ഷയയും ചേർന്ന് കേരളത്തെ വിജയത്തിലെത്തിച്ചു.48 പന്തുകളിൽ മൂന്ന് ഫോറും മൂന്ന് സിക്സുമടക്കമാണ് പ്രണവി 51 റൺസ് നേടിയത്.

Exit mobile version