Picsart 25 06 01 17 30 03 365

കെസിഎ – എൻ.എസ്.കെ ട്വൻ്റി 20 : വിജയവുമായി എറണാകുളവും കോട്ടയവും

തിരുവനന്തപുരം : കെസിഎ – എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ എറണാകുളത്തിനും കോട്ടയത്തിനും വിജയം. എറണാകുളം കംബൈൻഡ് ഡിസ്ട്രിക്ട്സിനെ നാല് വിക്കറ്റിനും കോട്ടയം വയനാടിനെ 35 റൺസിനുമാണ് തോല്പിച്ചത്.

എറണാകുളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത കംബൈൻഡ് ഡിസ്ട്രിക്ട്സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുത്തു. 34 റൺസെടുത്ത മാനവ് കൃഷ്ണയാണ് ടോപ് സ്കോറർ. രോഹൻ നായർ 32 റൺസ് നേടി. അവസാന ഓവറുകളിൽ 15 പന്തുകളിൽ നിന്ന് 25 റൺസുമായി പുറത്താകാതെ നിന്ന ആദിത്യ ബൈജുവിൻ്റെ പ്രകടനമാണ് കംബൈൻഡ് ഡിസ്ട്രിക്ട്സിൻ്റെ സ്കോർ 128 വരെയെത്തിച്ചത്. എറണാകുളത്തിന് വേണ്ടി ഇബ്നുൾ അഫ്താബ് മൂന്നും ആദിത്യ വിനോദ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എറണാകുളം രണ്ട് പന്തുകൾ ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി. 35 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ഗോവിന്ദ് ദേവ് പൈയും 21 പന്തുകളിൽ നിന്ന് 34 റൺസെടുത്ത അനന്തു സുനിലുമാണ് എറണാകുളത്തിന് വിജയമൊരുക്കിയത്. അനന്തുവാണ് കളിയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടത്. കംബൈൻഡ് ഡിസ്ട്രിക്ട്സിന് വേണ്ടി ഗോകുൽ ഗോപിനാഥും കൌമാര താരം ഇഷാൻ കുനാലും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

രണ്ടാം മല്സരത്തിൽ അഖിൽ സജീവിൻ്റെ ഓൾ റൌണ്ട് മികവാണ് കോട്ടയത്തിന് വിജയമൊരുക്കിയത്. 31 റൺസുമായി കോട്ടയത്തിൻ്റെ ടോപ് സ്കോററായ അഖിൽ അഞ്ച് വിക്കറ്റും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത കോട്ടയം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസാണ് നേടിയത്. 21 പന്തുകളിൽ നിന്ന് രണ്ട് ഫോറും രണ്ട് സിക്സുമടക്കമാണ് അഖിൽ 31 റൺസെടുത്തത്. ആസിഫ് അലി 23ഉം ഘനശ്യാം 12 പന്തുകളിൽ 20 റൺസും ജാക്സൻ പീറ്റർ ഏഴ് പന്തുകളിൽ 16 റൺസും നേടി. വയനാടിന് വേണ്ടി കെ എസ് ശരത്തും റഹാൻ റഹീമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വയനാട് 17.1 ഓവറിൽ 99 റൺസിന് ഓൾ ഔട്ടായി. വയനാട് ബാറ്റിങ്ങിൻ്റെ മുൻനിര അഖിലിന് മുന്നിൽ തകർന്നടിയുകയായിരുന്നു. 30 റൺസെടുത്ത സായന്തും 25 റൺസെടുത്ത ആൽബിനും മാത്രമാണ് വയനാട് ബാറ്റിങ് നിരയിൽ പിടിച്ചു നിന്നത്. അഞ്ച് വിക്കറ്റെടുത്ത അഖിലിന് പുറമെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജിത്തു ജി എബ്രഹാമും കോട്ടയത്തിൻ്റെ ബൌളിങ് നിരയിൽ തിളങ്ങി. അഖിൽ സജീവാണ് പ്ലെയർ ഓഫ് ദി മാച്ച്.

Exit mobile version