മാഞ്ചസ്റ്റർ ചുവപ്പ് തന്നെ!! സിറ്റിയുടെ കിരീടാഘോഷം തടഞ്ഞ് യുണൈറ്റഡ് തിരിച്ചുവരവ്

കിടിലൻ ഡർബി മത്സരത്തിനൊടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. കിരീട ജയം ആഘോഷിക്കാൻ കാത്തിരുന്ന സിറ്റി ആരാധകരെ ഇത്തിഹാദ് സ്റേഡിയത്തിൽ നിശ്ശബ്ദമാക്കി ജോസ് മൗറീഞ്ഞോയുടെ മാസ്റ്റർ ക്ലാസ്. ആദ്യ പകുതിയിൽ 2 ഗോളുകൾക്ക് പിറകിൽ പോയ ശേഷമാണ് യുണൈറ്റഡ് മത്സരം 2-3 ന് സ്വന്തമാക്കിയത്. ഇന്നത്തെ തോൽവിയോടെ സിറ്റിക്ക് കിരീടം ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും. രണ്ടാം പകുതിയിൽ ആർത്തിരമ്പി സിറ്റി ഗോൾ മുഖം വിറപ്പിച്ചാണ് യുണൈറ്റഡ് മത്സരം സ്വന്തമാക്കിയത്. പോൾ പോഗ്ബ രണ്ടും സ്മാളിംഗ് ഒരു ഗോളും നേടി. സീസൺ തുടക്കത്തിൽ ഓൾഡ് ട്രാഫോഡിൽ ഏറ്റ തോൽവിക്കുള്ള മധുര പ്രതികാരം കൂടിയായി യുണൈറ്റഡിന്റെ ഇന്നത്തെ ജയം.

ലിവർപൂളിന് എതിരെ തോൽവി വഴങ്ങിയ ടീമിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് പെപ് സിറ്റിയെ ഇറക്കിയത്. ഡു ബ്രെയ്ൻ, വാൾക്കർ, ജിസൂസ്, ലപോർട് എന്നിവർ പുറത്തിരുന്നപ്പോൾ ഡാനിലോ, ഡെൽഫ്, ബെർനാടോ സിൽവ, സ്റ്റെർലിങ് എന്നിവർ ആദ്യ ഇലവനിൽ ഇടം നേടി. യുണൈറ്റഡ് നിരയിൽ ഹെരേര , എറിക് ബായി എന്നിവർ ആദ്യ ഇലവനിലേക്ക് മടങ്ങി എത്തി. സാഞ്ചസിനും ലുകാകുവിനും ഒപ്പം ലിംഗാർഡ് ആണ് ആക്രമണത്തിൽ പങ്കാളി ആയത്.

കരുതലോടെ ഇരു ടീമുകളും ആദ്യ പകുതി ആരംഭിച്ചപ്പോൾ ഇരു ടീമുകൾക്കും കാര്യമായി അവസരങ്ങൾ സൃഷ്ടിക്കാനായില്ല. 25 ആം മിനുട്ടിലാണ് എത്തിഹാദ് സ്റ്റേഡിയം കാത്തിരുന്ന ഗോൾ പിറന്നത്. സാനെയുടെ കോർണറിൽ നിന്ന് ബുള്ളറ്റ് ഹെഡറിലൂടെ ക്യാപ്റ്റൻ വിൻസെന്റ് കമ്പനി സിറ്റിക്ക് ലീഡ് സമ്മാനിക്കുകയായിരുന്നു. 31 ആം മിനുട്ടിൽ സിറ്റിയുടെ രണ്ടാം ഗോളും പിറന്നു. ഇത്തവണ സ്റ്റർലിംഗിന്റെ പസിൽ ഗുണ്ടകനാണ്‌ ഗോൾ നേടിയത്. മിനുട്ടുകൾക്ക് അകം സ്റ്റർലിംഗിന് കിട്ടിയ അവസരം താരം തുലച്ചില്ലായിരുന്നെങ്കിൽ യുണൈറ്റഡിന്റെ സ്ഥിതി ആദ്യ പകുതിയിൽ തന്നെ തീർത്തും മോശമായേനെ.

രണ്ടാം പകുതിയിൽ പക്ഷെ പോഗ്ബ സിറ്റിയുടെ കിരീട സ്വപ്നങ്ങൾക്ക് തൽകാലത്തേക്കെങ്കിലും അന്ത്യം കുറിക്കുന്നതാണ് കണ്ടത്. 2 മിനിട്ടുകൾക്കുള്ളിൽ 2 ഗോളുകൾ നേടിയാണ് ഫ്രഞ്ച് താരം യുണൈറ്റഡിനെ മത്സരത്തിലേക്ക് തിരികെ കൊണ്ട് വന്നത്. 53, 55 മിനുറ്റുകളിലാണ് പോഗ്ബ സിറ്റി വല കുലുക്കിയത്. കിരീടം ഉറപ്പിച്ച ഇത്തിഹാദ് സ്റ്റേഡിയത്തിലെ ആയിരങ്ങൾ നിശബ്ദമായ രണ്ടു ഗോളുകൾ. പക്ഷെ ശെരിക്കുമുള്ള ഞെട്ടൽ സിറ്റി കാണാൻ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളു. 69 ആം മിനുട്ടിൽ സഞ്ചസിന്റെ പാസ്സ് ഗോളാക്കി സ്മാളിംഗ് യുണൈറ്റഡിന്റെ തിരിച്ചു വരവ് പൂർത്തിയാക്കി. സ്കോർ 2-3. പിന്നീട് സമനില എങ്കിലും നേടാൻ സിറ്റി കാര്യമായി ശ്രമിച്ചെങ്കിലും യുണൈറ്റഡ് പ്രതിരോധം മറികടക്കാൻ അവർക്കായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബ്രാവോ കൊടുങ്കാറ്റില്‍ മുംബൈ ഇന്ത്യന്‍സ് കടപുഴകി
Next articleറോമയ്ക്ക് തോൽവി, അഞ്ചാം സ്ഥാനത്തേക്ക് എത്താൻ സാധ്യത