ആദ്യം കിംഗ്സ് ലീ മാജിക്, പിന്നെ മെഡിഗാഡിന്റെ മാജിക് തിരിച്ചുവരവ്

കൊയപ്പ അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്നതു മുഴുവൻ മാജിക്കാകണം. ആദ്യ നിമിഷം മുതൽ അവസാന നിമിഷം വരെ. ശക്തരായ രണ്ടു ടീമുകൾ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടും മെഡിഗാഡ് അരീക്കോടും നേർക്കുനേർ വന്നപ്പോൾ ആദ്യ പകുതിയിൽ കണ്ടത് കിംഗ്സ് ലീ മാജിക്ക് മാത്രമായിരുന്നു. എണ്ണം പറഞ്ഞ രണ്ടു ഗോളുകളും മൂന്നാമത്തെ ഗോളിനു വഴിയിരുക്കലും. ആദ്യ പകുതിക്ക് വിസിൽ മുഴങ്ങിയപ്പോൾ 3-0തിന് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് മുന്നിൽ. ആദ്യ പകുതിയിൽ മൂന്ന് ബ്ലാക്കിന് അടിക്കാമെങ്കിൽ തിരിച്ച് അത്രയും സനയം കൊണ്ട് നമുക്കും മൂന്നടിക്കാം എന്നുറച്ചായിരുന്നു മെഡിഗാഡ് രണ്ടാം പകുതിക്ക് ഇറങ്ങിയത്. ഒരു ഓൺ ഗോളിലൂടെ തിരിച്ചടി തുടങ്ങിയ മെഡിഗാഡ് അവസാനിപ്പിച്ചത് അറുപതാം മിനുട്ടിലെ സമനില ഗോളിലൂടെ. ഫൈനൽ വിസിലിന് 3-3. മത്സരം മറ്റൊരു ദിവസം നടത്താനാണ് കമ്മിറ്റി അവസാനം തീരുമാനിച്ചത്. നാളെ കൊടുവൾക്കിയിൽ സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരും മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും തമ്മിലാണ് മത്സരം.

പൊന്നാനി അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മദീനയുടെ വിജയം. മദീനയ്ക്കു വേണ്ടി ഡി മറിയയും ആൽബർട്ടും വല കിലുക്കി. നാളെ പൊന്നാനിയിൽ മദീന ഹയർ സബാൻ കോട്ടക്കലിനെ നേരിടും.

മറ്റു മത്സരങ്ങളിൽ ഇന്ന് ഒളവണ്ണയിൽ ലക്കി സോക്കർ ആലുവ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ജയ എഫ് സി തൃശ്ശൂരിനെ പരാജയപ്പെടുത്തി. ലക്കി സോക്കർ ആലുവയുടെ സീസണിലെ ഏറ്റവും വലിയ വിജയമാണിത്. ഒളവണ്ണയിൽ ബ്ലാക്കും ഫിറ്റ് വെൽ കോഴിക്കോടും തമ്മിലാണ് നാളെ മത്സരം.

ഇന്ന് കൊളത്തൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ടൗൺ ടീം അരീക്കോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഫിറ്റ് വെൽ കോഴിക്കോടിനെ കീഴടക്കി. ഫിഫാ മഞ്ചേരിയും ഫ്രണ്ട്സ് മമ്പാടും തമ്മിലാണ് നാളെ കൊളത്തൂരിൽ പോരാട്ടം.

Previous articleമുഹമ്മദ് റാഫിയുടെ ഇരട്ട ഗോൾ, തൃക്കരിപ്പൂരിന് തകർപ്പൻ ജയം
Next articleകൾച്ചറൽ ഫോറത്തിനെ തകർത്ത തിരിച്ചു വരവ് ഗംഭീരമാക്കി നാദം ദോഹ