ടിം സൗത്തിയ്ക്ക് ആറ് വിക്കറ്റ്, ആദ്യ ഇന്നിംഗ്സ് ലീഡുമായി ന്യൂസിലാണ്ട്

- Advertisement -

ബാബര്‍ അസം സര്‍ഫ്രാസ് അഹമ്മദ് സൊഹൈല്‍ ഖാന്‍ എന്നിവരുടെ ബാറ്റിംഗ് പ്രകടനം പാക്കിസ്ഥാനെ ആദ്യ ഇന്നിംഗ്സ് ലീഡ് നേടിക്കൊടുക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ടിം സൗത്തിയുടെ ആറ് വിക്കറ്റ് പ്രകടനം ന്യൂസിലാണ്ടിനു 55 റണ്‍സ് ആദ്യ ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചു. 216 റണ്‍സിനു പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആവുമ്പോള്‍ ബാബര്‍ അസം(90*) ക്രീസിലുണ്ടായിരുന്നു. മഴ മൂലം ന്യൂസിലാണ്ട് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഉടന്‍ തന്നെ മൂന്നാം ദിവസത്തെ കളി ഉപേക്ഷിക്കുകയായിരുന്നു.

രണ്ടാം ദിവസത്തെ സ്കോറായ 76/5 എന്ന നിലയില്‍ നിന്ന് മൂന്നാം ദിവസം ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാനു വേണ്ടി മികച്ച രീതിയിലാണ് അസമും സര്‍ഫ്രാസും തുടങ്ങിയത്. തന്റെ അര്‍ദ്ധ ശതകം തികച്ച അസമും സര്‍ഫ്രാസും ചേര്‍ന്ന് 74 റണ്‍സാണ് ആറാം വിക്കറ്റില്‍ നേടിയത്. നീല്‍ വാഗ്നര്‍ സര്‍ഫ്രാസിനെ(41) പുറത്താക്കിയെങ്കിലും അടുത്തതായി വന്ന സൊഹൈല്‍ ഖാന്‍ ബാബര്‍ അസമിനു മികച്ച പിന്തുണ നല്‍കി. 37 റണ്‍സെടുത്ത സൊഹൈല്‍ ഖാനെ പുറത്താക്കി സൗത്തി പാക്കിസ്ഥാന്‍ തകര്‍ച്ചയുടെ തുടക്കം ഇട്ടു. പാക് വാലറ്റത്തെ മുഴുവന്‍ സൗത്തി തന്റെ ബൗളിംഗിനു മുന്നില്‍ മുട്ടു കുത്തിക്കുകയായിരുന്നു. 192/7 എന്ന നിലയില്‍ നിന്ന് 216 നു ഓള്‍ഔട്ട് ആവുമ്പോള്‍ പാക് നിരയില്‍ ബാബര്‍ അസം 90 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു.

ടിം സൗത്തിയുടെ ആറ് വിക്കറ്റ് പ്രകടനമാണ് ന്യൂസിലാണ്ട് ബൗളിംഗില്‍ മികച്ച് നിന്നത്. നീല്‍ വാഗ്നര്‍ മൂന്നും കോളിന്‍ ഗ്രാന്‍ഡോം ഒരു വിക്കറ്റും നേടി.

55 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാണ്ടിനു ഒരു പന്ത് മാത്രമേ കളിക്കുവാന്‍ സാധിച്ചുള്ളു. ശക്തമായ മഴയെ തുടര്‍ന്ന് ശേഷിക്കുന്ന ദിവസത്തെ കളി ഉപേക്ഷിക്കുകയായിരുന്നു.

Advertisement