പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി ബാംഗ്ലൂര്‍

- Advertisement -

8.1 ഓവറില്‍ 10 വിക്കറ്റ് വിജയവുമായി കിംഗ്സ് ഇലവന്‍ പഞ്ചാബിനെ തകര്‍ത്ത് വിട്ട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. വിരാട് കോഹ്‍ലി 48 റണ്‍സും പാര്‍ത്ഥിവ് പട്ടേല്‍ 40 റണ്‍സും നേടി പുറത്താകാതെ നിന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവന്‍ പഞ്ചാബ് 15.1 ഓവറില്‍ 88 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

കിംഗ്സ് ഇലവനെ തകര്‍ത്തെറിയുമ്പോള്‍ നിര്‍ണ്ണായകമായ രണ്ട് പോയിന്റുകള്‍ മാത്രമല്ല റണ്‍റേറ്റിന്റെ അനുകൂല്യം കൂടി തങ്ങള്‍ക്കൊപ്പമാക്കുകയായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെയും രാജസ്ഥാന്‍ റോയല്‍സിനെയുമാണ് ഇനിയുള്ള മത്സരങ്ങളില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേരിടുന്നത്.

ടൂര്‍ണ്ണമെന്റിന്റെ ഒരു ഘട്ടത്തില്‍ പുറത്തായി എന്ന് കരുതപ്പെട്ട ബാംഗ്ലൂരിനു അനുകൂലമായി മറ്റു മത്സരവിധികള്‍ കൂടി വന്നപ്പോള്‍ വീണ്ടും പ്ലേ ഓഫ് സാധ്യതകളുടെ നേരിയ സാധ്യത ടീമിനു കൈവരിക്കാനാകുകയായിരുന്നു. യാതൊരുവിധ സമ്മര്‍ദ്ദവുമില്ലാതെ കളിക്കാനാകുന്നതാണ് ടീമിന്റെ പുതിയ തിരിച്ചുവരവിനു കാരണമെന്ന് നായകന്‍ വിരാട് കോഹ്‍ലി പറഞ്ഞു. ശേഷിക്കുന്ന മത്സരങ്ങളില്‍ രണ്ട് വിജയം കൂടി നേടാനായാല്‍ പ്ലേ ഓഫുകളില്‍ കളിക്കുന്ന ഒരു ടീമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും മാറിയേക്കാം.

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഉമേഷ് യാദവ് മൂന്ന് വിക്കറ്റുമായി ബാംഗ്ലൂര്‍ ബൗളിംഗ് നിരയെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു. മുഹമ്മദ് സിറാജ്, യൂസുവേന്ദ്ര ചഹാല്‍, കോളിന്‍ ഡി ഗ്രാന്‍‍ഡോം, മോയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് നേടി 88 റണ്‍സിനു കിംഗ്സ് ഇലവനെ പുറത്താക്കുകയായിരുന്നു. 26 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ച് ആയിരുന്നു പഞ്ചാബ് നിരയിലെ ടോപ് സ്കോറര്‍. ലോകേഷ് രാഹുല്‍(21), ക്രിസ് ഗെയില്‍(18) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്ന പഞ്ചാബ് ബാറ്റ്സ്മാന്മാര്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ ആദ്യ പന്ത് മുതല്‍ ആക്രമിച്ചു കളിക്കുകയായിരുന്നു. വിരാട് കോഹ്‍ലിയും പാര്‍ത്ഥിവ് പട്ടേലും യഥേഷ്ടം ബൗണ്ടറികള്‍ നേടിയപ്പോള്‍ പഞ്ചാബ് ബൗളര്‍മാര്‍ നിലയുറപ്പിക്കുവാന്‍ ബുദ്ധിമുട്ടുകയായിരുന്നു. 28 പന്തില്‍ നിന്ന് 6 ബൗണ്ടറിയും 2 സിക്സും നേടി കോഹ്‍ലി 48 റണ്‍സ് നേടിയപ്പോള്‍ പാര്‍ത്ഥിവ് 22 പന്തില്‍ 40 റണ്‍സ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement