കേരള പ്രീമിയർ ലീഗ് ഏപ്രിൽ എട്ടു മുതൽ, പത്തു ടീമുകൾ ഒരു കിരീടം

പുതിയ മുഖവുമായി കേരള ഫുട്ബോളിന്റെ മാറ്റത്തിനു തന്നെ കാരണമാകുമെന്നു കരുതുന്ന കേരള പ്രീമിയർ ലീഗ് ഫിക്സ്ചർ ഇന്ന് കേരള ഫുട്ബോൾ അസോസിയേഷൻ പുറത്തുവിട്ടു. ഏപ്രിൽ എട്ടിനാരംഭിക്കുന്ന കേരള പ്രീമിയർ ലീഗിൽ അഞ്ചു ഡിപാർട്മെന്റൽ ടീമും അഞ്ചു പ്രൊഫഷണൽ ക്ലബുകളുമാണ് ഉള്ളത്. അഞ്ചു വീതമുള്ള രണ്ടു ഗ്രൂപ്പുകളായി തിരിച്ച് ഹോ ആൻഡ് എവേ മത്സരങ്ങളായാണ് ലീഗ് നടക്കുക. രണ്ടു ഗ്രൂപ്പിലേയും ആദ്യ രണ്ടു സ്ഥാനക്കാർ സെമിയിലെത്തും.

കേരളത്തിന്റെ പുത്തൻ പ്രതീക്ഷയായി കണക്കാക്കുന്ന ഗോകുലം എഫ് സി, ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ക്ലബ് ഫുട്ബോളിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച സ്പോർട്സ് അക്കാദമി തിരൂർ, ജനങ്ങളുടെ ക്ലബ് എന്നറിയപ്പെടുന്ന എഫ് സി കേരള, കോഴിക്കോടിന്റെ ക്വാർട്ട്സ് എഫ് സി, എഫ് സി തൃശ്ശൂർ എന്നീ പ്രൊഫഷണൽ ക്ലബുകളും, ഓഫീസ് ടീമുകളായ കേരള പോലീസ്, കെ എസ് ഇ ബി, സെൻട്രൽ എക്സൈസ്, കൊച്ചിൻ പോർട്ട്, പിന്നെ നിലവിലെ ചാമ്പ്യന്മാരായ എസ് ബി ടി എന്നീ ഓഫീസ് ക്ലബുകളുമാണ് കേരള പ്രീമിയർ ലീഗിൽ ഇത്തവണ മാറ്റുരയ്ക്കുന്നത്. പത്തു ടീമുകൾ ആറു ഗ്രൗണ്ടുകൾ ഹോം ഗ്രൗണ്ടായി പങ്കിട്ടാകും മത്സരം.

എട്ടാം തീയതി എഫ് സു തൃശ്ശൂരും സാറ്റും തമ്മിൽ തിരൂരിൽ വെച്ചു നടക്കുന്ന മത്സരത്തോടെയാണ് പ്രീമിയർ ലീഗിന് തുടക്കമാവുക. പതിമൂന്നാം തീയതി കൊച്ചിൻ പോർട്ട് ട്രസ്റ്റിനെതിരെയാണ് ഗോകുലം എഫ് സിയുടെ ആദ്യ മത്സരം. എല്ലാ മത്സരങ്ങളും വൈകിട്ട് 4 മണിക്കാണ് നടക്കുക. ആദ്യ ഇരുപത് മത്സരങ്ങളുടെ ഫിക്സ്ചർ മാത്രമേ ഇപ്പോൾ കേരള ഫുട്ബോൾ അസോസിയേഷൻ പുറത്തുവിട്ടിട്ടുള്ളൂ, ശേഷിക്കുന്ന ഇരുപത് മത്സരങ്ങളുടേയും സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളുടേയും ക്രമം പിന്നീട് കെ എഫ് എ അറിയിക്കുന്നതാണ്.

Previous articleയുണൈറ്റഡിന് ഇത്തവണയും സമനില തന്നെ, ലെസ്റ്ററിന് ആറാം ജയം
Next articleമണ്ഡലാംകുന്നിൽ ഇന്നു മുതൽ സെവൻസ് ആരവം