കൊച്ചിൻ പോർട്ട് തകർത്ത് ഗോകുലം എഫ് സി തുടങ്ങി

കേരള പ്രീമിയർ ലീഗിൽ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഗോകുലത്തിന് ഏകപക്ഷീയമായ ജയം. കൊച്ചിൻ പോർട്ട് ട്രസ്റ്റിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഗോകുലം എഫ് സി അവരുടെ തട്ടകമായ കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിൽ വെച്ച് പരാജയപ്പെടുത്തിയത്.

3-4-3 എന്ന ഫോർമേഷനിൽ ജിഷ്ണു ബാലകൃഷ്ണനെ വിംഗ് ബാക്കായി പരീക്ഷിച്ച് ഇറങ്ങിയ ബിനോ ജോർജ്ജിന്റെ ഗോകുലം ആ പരീക്ഷണം വിജയത്തിൽ എത്തിക്കുന്നതാണ് കണ്ടത്. ആദ്യ പകുതിയിൽ തന്നെ ഗോകുലം രണ്ടു ഗോളുകൾ നേടിയിരുന്നു. ഡിഫൻസിലെ പാളിച്ചകൾ ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലേ കാണിച്ച കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഇന്നും പ്രതിരോധിക്കുന്ന കാര്യത്തിൽ പരാജയപ്പെടുന്നതാണ് കണ്ടത്. രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ കൂടി ഗോകുലം എഫ് സി കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ വലയിലേക്ക് കയറ്റി.

ഗോകുലത്തിന് വേണ്ടി ശിഹാദ് നെല്ലിപ്പറമ്പൻ, പ്രിതം സർകാർ, ആരിഫ്, മുൻ ഈസ്റ്റ് ബംഗാൾ താരം സുഹൈർ എന്നിവർ ഇന്ന് ലക്ഷ്യം കണ്ടു. പതിനാറാം തീയ്യതി കോട്ടപ്പടി സ്റ്റേഡിയത്തിൽ വെച്ചാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. ഈ മാസം അവസാനം മുപ്പതാം തീയതി എഫ് സി കേരളക്കെതിരായാണ് കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഇനി ഇറങ്ങുക.