ആന്ദ്രേയാസ് ക്രിസ്റ്റിയൻസൻ, ചെൽസി പ്രതിരോധത്തിന്റെ ഭാവി

- Advertisement -

ഒരു അക്കാദമി താരം ചെൽസിയുടെ ആദ്യ ഇലവനിൽ സ്ഥിരം കളിക്കാരനായി മാറുന്നത് കാണാൻ ചെൽസി ആരാധകർക്കൊപ്പം തന്നെ കാത്തിരുന്ന ചെൽസി ഉടമ റോമൻ അബ്രാമിവിച്ചിനും ഏറെ സന്തോഷം നൽകുന്ന ഒന്നാണ് അന്ദ്രീയാസ് ക്രിസ്റ്റിയൻസൻ എന്ന 21 കാരന്റെ ചെൽസിയിലെ വളർച്ച. ജോണ് ടെറിക്ക് ശേഷം തുടർച്ചയായ 4 മത്സരങ്ങളിൽ എങ്കിലും മുഴുവനായി കളിച്ച ഒരു അക്കാദമി താരം ഇല്ലാതിരുന്ന ചെൽസിക്ക് ഇപ്പോൾ ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഡാനിഷ് ദേശീയ താരം കൂടിയായ  ക്രിസ്റ്റിയൻസൻ. ജർമ്മനിയിൽ ഏറെ ഗുണം ചെയ്ത ലോൺ കഴിഞ്ഞു തിരിച്ചെത്തിയ ക്രിസ്റ്റിയൻസൻ ടെറിയുടെ പിൻഗാമിയായി ഇതിനകം തന്നെ മാറി കഴിഞ്ഞു. ഒരു പക്ഷെ ചെൽസിയുടെ ലോൺ സിസ്റ്റത്തിന്റെ ഏറ്റവും മികച്ച ഗുണഭോക്താക്കളിൽ ഒരാളും ക്രിസ്റ്റിയൻസനാവും.

അന്റോണിയോ കൊണ്ടേയുടെ സിസ്റ്റത്തിൽ  ഏറെ ഉത്തരവാദിത്തം ഉള്ള പൊസിഷനുകളിൽ ഒന്നാണ്  3 സെൻട്രൽ ഡിഫണ്ടർമാരിൽ നടുവിൽ കളിക്കുന്ന ആളുടെ സ്ഥാനം. യുവന്റസിലും, ഇറ്റലി ദേശീയ ടീമിലും കൊണ്ടേക്ക് കീഴിൽ ലോകത്തിലെ ഏറ്റവും മികച്ച ഡിഫെണ്ടർമാരിൽ ഒരാളായ ലിയാനാർഡോ ബനൂച്ചി കളിച്ച അതേ പൊസിഷനിൽ ഈ സീസണിൽ വൻ മത്സരങ്ങളിൽ അടക്കം കോണ്ടേ ഈ 21 കാരനെ ചുമതലപ്പെടുത്തിയത്  താരത്തിൽ അത്രക്കുള്ള വിശ്വാസം കൊണ്ട് മാത്രമാണ്. ഡേവിഡ് ലൂയിസിന്‌ സീസണിൽ തുടക്കത്തിൽ ലഭിച്ച വിലക്കും, പിന്നീട് ലൂയിസ് കൊണ്ടേയുമായി ഉടക്കിയതും ക്രിസ്റ്റിയൻസന് ആദ്യ ഇലവനിലേക്ക് അവസരം ഒരുകിയിട്ടുണ്ടെങ്കിലും അവസരം ലഭിച്ചപ്പോയൊക്കെ മികച്ച പ്രകടനം നടത്തി ക്രിസ്റ്റിയൻസൻ ടീമിലെ സ്ഥാനം ഉറപ്പിച്ചു. നിലവിലെ ഫോമിൽ ഡേവിഡ് ലൂയിസിനും റൂഡിഗറിനും മുന്നിലാണ് പിക്കിങ് ഓർഡറിൽ ക്രിസ്റ്റിയൻസന്റെ സ്ഥാനം.

കേവലം പ്രതിരോധിക്കുക എന്നതിനപ്പുറം പുതു തലമുറ ഫുട്‌ബോളിൽ ഒരു പ്രതിരോധ നിരക്കാരന് അത്യാവശ്യമായ പാസിംഗ് സ്കില്ലും കൂടെ ചേരുമ്പോൾ ലീഗിലെ തന്നെ ഏറ്റവും മികച്ച ബോൾ പ്ലെയിങ് സെന്റർ ഹാഫുമാരിൽ ഒരാളായി ക്രിസ്റ്റിയൻസൻ വളർന്നു. കായിക ക്ഷമതയിൽ അത്ര മുന്നിലല്ലെങ്കിലും മികച്ച പൊസിഷനിങ്ങും ഏതു വൻ മത്സരങ്ങളിലും കാണിക്കുന്ന അസാമാന്യ അച്ചടക്കവും, പതർച്ച ഇല്ലായ്മയും ക്രിസ്റ്റിയൻസനെ കോണ്ടേയുടെ പ്രിയപ്പെട്ടവനാക്കി. ചെൽസിക്കായി ഈ സീസണിൽ 12 മത്സരങ്ങൾ കളിച്ചിട്ടും ഒരു മഞ്ഞ കാർഡോ, ചുവപ്പ് കാർഡോ ഇതുവരെ ക്രിസ്റ്റിയൻസൻ വാങ്ങിയിട്ടില്ല. ഒരു പക്ഷെ ഡേവിഡ് ലൂയിസിൽ മികച്ച ഒരു ബോൾ പ്ലെയിങ് സെന്റർ ഹാൾഫ് ഉണ്ടെങ്കിലും  ലൂയിസിന്റെ തീരുമാനങ്ങളും, അച്ചടക്കവും പലപ്പോഴായി ചോദ്യം ചെയ്യപ്പെട്ടിരുന്നു. കൊണ്ടേയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്തതോടെ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരായ സീസണിലെ ഏറ്റവും വലിയ മത്സരത്തിൽ ലൂയിസ് പുറത്താവുകയും ക്രിസ്റ്റിയൻസൻ ആദ്യ ഇലവനിൽ സ്ഥാനം നേടുകയും ചെയ്തു. ലുകാക്കു അടക്കമുള്ള യൂണൈറ്റഡ് ആക്രമണ നിരയെ ചെൽസി പ്രതിരോധം മികച്ച രീതിയിൽ നേരിട്ടപ്പോൾ അന്ന് താരത്തിന്റെ പ്രകടനവും വേറിട്ടു നിന്നു. പിന്നീട് ഇങ്ങോട്ട് ചെൽസിയുടെ എല്ലാ ലീഗ് മത്സരങ്ങളിലും ആദ്യ ഇലവനിൽ തന്നെ ക്രിസ്റ്റിയൻസനുണ്ട്.

ആരാധകനു സന്തോഷം നൽകുന്ന ഒന്നാണ് താൻ പിന്തുണക്കുന്ന ടീമിൽ യുവ താരങ്ങൾ അക്കാദമി വഴി സീനിയർ ടീമിൽ കളിക്കുന്നത്. ചെൽസിക്ക് അത്തരം ഏതാനും പേർ ഉണ്ടായെങ്കിലും അവരൊന്നും സ്ഥിരം ഇടം നേടാതെ പോയി. പക്ഷെ ഈ സീസണിലെ ക്രിസ്റ്റിയൻസന്റെ വരവ് ജോണ് ടെറിക്ക് ശേഷം ചെൽസി ആരാധകർ 19 വർഷം കാത്തിരുന്നതിന് അവസാനമായി. 2012 ഇൽ ചെൽസി അക്കാദമിയിൽ എത്തിയ ക്രിസ്റ്റിയൻസൻ പ്രീമിയർ ലീഗ് അരങ്ങേറ്റം സമ്മാനിച്ചത് 2015 ഇൽ ജോസ് മൗറീഞ്ഞോയാണ്. അന്ന് മെയ് മാസത്തിൽ സണ്ടർലാൻഡിന് എതിരെയാണ് ക്രിസ്റ്റിൻസൻ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ജർമ്മൻ ക്ലബ്ബായ ബൊറൂസിയ ഗ്ലാഡ്ബാച്ചിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ച ക്രിസ്റ്റിയൻസൻ 20 ആം വയസിൽ ക്ലബ്ബ് ക്യാപ്റ്റൻ ഗ്രെണിത് ശാക്കയെ പിന്തള്ളി അവരുടെ ആ സീസണിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടുള്ള 2016-2017 സീസണിലും ജർമ്മനിയിൽ തന്നെ തുടർന്ന ക്രിസ്റ്റിയൻസൻ ക്ലബ്ബിന്റെ ചാംപ്യൻസ് ലീഗ് മത്സരങ്ങളിൽ അടക്കം കളിച്ച അനുഭവ സമ്പത്തുമായാണ് ലണ്ടനിലേക്ക് മടങ്ങിയത്. 2014 ഇൽ ജോണ് ടെറി ക്രിസ്റ്റിയൻസൻ തന്റെ പിൻഗാമിയാവും എന്നു പ്രവചിച്ചിരുന്നു. മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരായ മത്സരത്തിന് ശേഷം ചെൽസി പരിശീലകൻ അന്റോണിയോ കോണ്ടേ പറഞ്ഞത് ചെൽസിയുടെ ഭാവിയാണ് ക്രിസ്റ്റിയൻസൻ എന്നാണ്.

ഗാരി കാഹിലും ,ഡേവിഡ് ലൂയിസും 30 പിന്നിടുകയും ആസ്പിലിക്വറ്റ 30 നോട് അടുക്കുകയും ചെയ്തതോടെ ചെൽസിയുടെ പ്രതിരോധ നിരയുടെ ഭാവി ഈ ഡാനിഷ് താരമാകും എന്ന് ഉറപ്പാണ്. 2015 മുതൽ ഡെൻമാർക്ക് ദേശീയ ടീമിലും അംഗമാണ് ക്രിസ്റ്റിയൻസൻ. വരും ലോകകപ്പ്‌ ടീമിലും ഡെന്മാർക്കിൽ പ്രതിരോധ നിരയിൽ ക്രിസ്റ്റിയൻസൻ ഉണ്ടാവുമെന്ന് ഉറപ്പാണ്. ടെറിയെ പോലെ ചെൽസി ക്യാപ്റ്റൻ പദവിയും വരും കാലങ്ങളിൽ ക്രിസ്റ്റിയൻസന്റെ കയ്യിലെത്തുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement