Site icon Fanport

ഒഡീഷയെ തോൽപ്പിച്ച് ചെന്നൈയിൻ മൂന്നാം സ്ഥാനത്ത്

ഐ എസ് എല്ലിൽ ചെന്നൈയിൻ ആദ്യ നാലിൽ തിരികെയെത്തി. ഇന്ന് നടന്ന മത്സരത്തിൽ ഒഡീഷയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെന്നൈയിൻ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 23ആം മിനുട്ടിൽ ജർമ്മൻ പ്രീത് ആണ് ആദ്യ ഗോൾ നേടിയത്. അനിരുദ്ധ് താപ നൽകിയ ക്രോസിൽ നിന്നുള്ള ജർമൻ പ്രീതിന്റെ ആദ്യ ഷോട്ട് ഒഡീഷ ഡിഫൻസ് തടഞ്ഞു എങ്കിലും റീബൗണ്ടിൽ താരം വലയിൽ എത്തിച്ചു. ജർമ്മൻപ്രീതിന്റെ സീസണിലെ ആദ്യ ഗോളാണിത്.

രണ്ടാം പകുതിയിൽ 63ആം മിനുട്ടിൽ മുരാസേവിന്റെ ഒരു ലോങ് റേഞ്ചർ ചെന്നൈയിന്റെ രണ്ടാം ഗോളും വിജയവും ഉറപ്പിച്ചു. ഒഡീഷ ഗോളിന് അടുത്ത് എത്തിയ രണ്ട് ശ്രമങ്ങളും വന്നത് അവരുടെ വിദേശ താരമായ അരിദയുടെ ഷോട്ടിൽ നിന്നായിരുന്നു. അരിദായ് തൊടുത്ത ആദ്യ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും രണ്ടാം ഷോട്ട് ഗോളി വിഷാൽ കെയ്ത് രക്ഷിക്കുകയുമായിരുന്നു.

85ആം മിനുട്ടിൽ ലീഡ് വർധിപ്പിക്കാൻ ചെന്നൈയിന് അവസരം കിട്ടി എങ്കിലും ലൂകാസ് എടുത്ത പെനാൾട്ടി ലക്ഷ്യത്തിൽ എത്തിയില്ല. അവസാന നിമിഷം ഹാവി ഹെർണാണ്ടസിലൂടെ ഒരു ഗോൾ മടക്കാൻ ഒഡീഷക്ക് ആയെങ്കിലും ഫലം മാറിയില്ല.

ഈ വിജയത്തോടെ 11 പോയിന്റുമായി ചെന്നൈയിൻ മൂന്നാം സ്ഥാനത്ത് എത്തി. 9 പോയുന്റുമായി ഒഡീഷ അഞ്ചാമത് നിൽക്കുന്നു.

Exit mobile version