റോം ഓപ്പണിൽ സെമിയിൽ ഒന്നാം സീഡ് ഹാലപ്പിന് മുഗുരുസ എതിരാളി, രണ്ടാം സീഡ് പ്ലിസ്കോവയും സെമിയിൽ

- Advertisement -

ഡബ്യു. ടി. എ ടൂറിൽ റോം ഓപ്പൺ സെമിഫൈനൽ ലൈനപ്പ് ആയി. ക്വാർട്ടർ ഫൈനലിൽ എതിരാളിയായ യൂലിയ പുറ്റിന്റ്സെവ പിന്മാറിയതോടെയാണ് ഒന്നാം സീഡ് ആയ സിമോണ ഹാലപ്പ് സെമിഫൈനലിൽ എത്തിയത്. ആദ്യ സെറ്റ് ആധികാരികമായി 6-2 നു നേടിയ ഹാലപ്പ് രണ്ടാം സെറ്റിൽ ബ്രൈക്ക് നേടി 2-0 നു മുന്നിട്ട് നിൽക്കുമ്പോൾ ആണ് എതിരാളി പരിക്കേറ്റു പിന്മാറുന്നത്. സെമിയിൽ ഒമ്പതാം സീഡ് സ്പാനിഷ് താരം ഗബ്രിൻ മുഗുരുസ ആണ് ഒന്നാം സീഡ് ആയ റൊമാനിയൻ താരത്തിന്റെ എതിരാളി. മികച്ച ഫോമിലുള്ള വിക്ടോറിയ അസരങ്കക്ക് എതിരെ ആദ്യ സെറ്റ് 6-3 നു നഷ്ടമായ ശേഷം തിരിച്ചു വന്നു ജയം കണ്ടാണ് മുഗുരുസ സെമിയിൽ എത്തിയത്.

6 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 7 തവണ ബ്രൈക്ക് കണ്ടത്തിയ മുഗുരുസ 6-3, 6-4 എന്ന സ്കോറിന് ആണ് രണ്ടും മൂന്നും സെറ്റുകൾ കയ്യിലാക്കിയത്. 11 സീഡ് ബെൽജിയം താരം എൽസി മെർട്ടൻസിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ വീഴ്‌ത്തിയ രണ്ടാം സീഡ് ചെക് താരം കരോളിന പ്ലിസ്കോവയും സെമിയിലേക്ക് മുന്നേറി. അവസാന സെറ്റിൽ ഒരു പോയിന്റ് പോലും എതിരാളിക്ക് നൽകാതിരുന്ന പ്ലിസ്കോവ 6-3, 3-6, 6-0 എന്ന സ്കോറിന് ആണ് ജയം കണ്ടത്. സെമിയിൽ നാട്ടുകാരി ആയ പന്ത്രണ്ടാം സീഡ് മാർകറ്റ വോണ്ടോറസോവ ആണ് പ്ലിസ്‌കോവയുടെ എതിരാളി. നാലാം സീഡ് എലീന സ്വിറ്റോലീനയെ 6-3, 6-0 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ആണ് മാർകറ്റ സെമിഫൈനൽ ഉറപ്പിച്ചത്.

Advertisement