ദുബായ് ഓപ്പണിൽ ഒന്നാം സീഡ് സിമോണ ഹാലപ്പ് ഫൈനലിൽ

- Advertisement -

മുഗുരസെയെ അട്ടിമറിച്ച് സെമിഫൈനലിൽ എത്തിയ അമേരിക്കൻ താരം ജെന്നിഫർ ബ്രാഡിയെ നിലം തൊടീക്കാതെ മറികടന്ന് ഒന്നാം സീഡ് സിമോണ ഹാലപ്പ് ദുബായ് ഓപ്പണിന്റെ ഫൈനലിൽ കടന്നു. നേരിട്ടുള്ള സെറ്റുകൾക്ക് വളരെ ആധികാരികമായി ആയിരുന്നു റൊമാനിയൻ താരത്തിന്റെ ജയം. ആദ്യ സർവീസിൽ 76 ശതമാനം പോയിന്റുകളും സ്വന്തമാക്കാൻ ആയ ഹാലപ്പ് എതിരാളിക്ക് മത്സരത്തിൽ വലിയ ഒരു അവസരവും നൽകിയില്ല. 2019 ലെ വിംബിൾഡൺ ജേതാവ് കൂടിയായ ഹാലപ്പിന് മുന്നിൽ പിടിച്ച് നിൽക്കാൻ കൂടി സീഡ് ചെയ്യാത്ത അമേരിക്കൻ താരത്തിന് ആയില്ല.

ആദ്യ സെറ്റിൽ അമേരിക്കൻ താരത്തിന്റെ സർവീസുകൾ 2 തവണ ബ്രൈക്ക് ചെയ്ത ഹാലപ്പ് നന്നായി സർവീസ് ചെയ്യുക കൂടി ചെയ്തപ്പോൾ സെറ്റ് 6-2 നു ഹാലപ്പിന് സ്വന്തം. ആദ്യ സെറ്റിൽ ലഭിച്ച ആധിപത്യവും ആയി രണ്ടാം സെറ്റിന് ഇറങ്ങിയ ഹാലപ്പ് കൂടുതൽ മികവിലേക്ക് ഉയരുന്നത് ആണ് രണ്ടാം സെറ്റിൽ കണ്ടത്. ഇത്തവണ ബ്രാഡിക്ക് ഒരു പോയിന്റ് പോലും ഹാലപ്പ് അനുവദിച്ചു നൽകിയില്ല. ഇതോടെ 6-0 ത്തിനു രണ്ടാം സെറ്റ് നേടി ഹാലപ്പ് ഫൈനലിലേക്ക് മുന്നേറി. ഫൈനലിൽ 19 കാരിയായ എലേന റൈബകിന ആണ് ഹാലപ്പിന്റെ എതിരാളി.

Advertisement