ഇന്ത്യൻ വെൽസ് ഫൈനലിൽ ഇഗയും സക്കാരിയും ഏറ്റുമുട്ടും

Wasim Akram

ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സ് ഫൈനലിൽ പോളണ്ടിന്റെ ഇഗ സ്വിയറ്റക്കും ഗ്രീക്ക് താരം മരിയ സക്കാരിയും ഏറ്റുമുട്ടും. മുൻ ഫ്രഞ്ച് ഓപ്പൺ ജേതാവ് കൂടിയായ മൂന്നാം സീഡ് ഇഗ 24 സീഡ് ആയ മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് സിമോണ ഹാലപ്പിനെയാണ് സെമി ഫൈനലിൽ തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു പോളണ്ട് താരത്തിന്റെ ജയം. ആദ്യ സെറ്റ് ടൈബ്രേക്കറിൽ 7-6 നു നേടിയ ഇഗ രണ്ടാം സെറ്റ് 6-4 നു നേടി ഫൈനൽ ഉറപ്പിച്ചു. മത്സരത്തിൽ 4 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 5 തവണ എതിരാളിയെ ബ്രൈക്ക് ചെയ്യാൻ ഇഗക്ക് ആയി. ഡബ്യു.ടി.എ 1000 ൽ തുടർച്ചയായ ഫൈനൽ ആണ് താരത്തിന് ഇത്.

Screenshot 20220319 114650

അതേസമയം അഞ്ചാം സീഡ് ആയ നിലവിലെ ജേതാവ് പൗള ബഡോസയെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് ആറാം സീഡ് സക്കാരി വീഴ്ത്തിയത്. ആദ്യ സെറ്റ് 6-2 നു ഗ്രീക്ക് താരം നേടിയപ്പോൾ രണ്ടാം സെറ്റ് 6-4 നു നേടി സ്പാനിഷ് താരം തിരിച്ചടിച്ചു. എന്നാൽ മൂന്നാം സെറ്റിൽ തന്റെ മത്സരം തിരിച്ചു പിടിച്ച ഗ്രീക്ക് താരം സെറ്റ് 6-1 നു നേടി ഫൈനൽ ഉറപ്പിച്ചു. മത്സരത്തിൽ 4 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 7 തവണയാണ് എതിരാളിയെ സക്കാരി ബ്രൈക്ക് ചെയ്തത്. കരിയറിൽ ആദ്യമായി ഡബ്യു.ടി.എ 1000 ഫൈനലിൽ സക്കാരി എത്തുന്നത്. മികച്ച ഫോമിലുള്ള താരങ്ങൾ തമ്മിൽ മികച്ച ഫൈനൽ തന്നെയാവും നാളെ കാണാൻ ആവുക. ഫൈനലിൽ ജയിക്കുന്ന താരം ലോക രണ്ടാം റാങ്കിലും എത്തും.