ദുബായ് ഓപ്പണിൽ പിറകിൽ നിന്ന ശേഷം സബലെങ്കയെ മറികടന്ന് ഹാലപ്പ് സെമിയിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ദുബായ് ഓപ്പണിൽ ഏഴാം സീഡ് ആര്യാന സബലെങ്കയെ മറികടന്ന് ഒന്നാം സീഡ് സിമോണ ഹാലപ്പ് സെമിഫൈനലിലേക്ക് മുന്നേറി. 2019 ലെ വിംബിൾഡൺ ജേതാവ് കൂടിയായ റൊമാനിയൻ താരമായ ഹാലപ്പ് ആദ്യ സെറ്റ് നഷ്ടമായ ശേഷം ആണ് ബെലാറൂസ് താരത്തെ മറികടന്നത്. ഇതോടെ അഡലൈഡിൽ ഏറ്റ തോൽവിക്ക് ഹാലപ്പ് പ്രതികാരം ചെയ്തു. കഴിഞ്ഞ മത്സരത്തിൽ മാച്ച് പോയിന്റുകൾ രക്ഷിച്ച് അവസാന എട്ടിൽ എത്തിയ ഹാലപ്പിന് ആദ്യ സെറ്റിൽ മികച്ച തുടക്കം അല്ല ലഭിച്ചത്.

6-3 നു നഷ്ടമായ ശേഷം അടുത്ത രണ്ടു സെറ്റുകളിൽ തിരിച്ചു വരികയായിരുന്നു ഹാലപ്പ്. 6-2, 6-2 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ ജയിച്ച് തന്റെ വിശ്വരൂപം ഹാലപ്പ് പുറത്ത് എടുത്തപ്പോൾ സബലെങ്കക്ക് മറുപടി ഇല്ലായിരുന്നു. ലഭിച്ച 3 ബ്രൈക്ക് പോയിന്റുകൾ മുതലാക്കാൻ സബലെങ്കക്ക് ആയെങ്കിലും 8 ബ്രൈക്ക് പോയിന്റുകളിൽ 6 എണ്ണവും മുതലാക്കിയ ഹാലപ്പ് മത്സരത്തിന്റെ രണ്ടാം സെറ്റ് മുതൽ വലിയ ആധിപത്യം ആണ് നേടിയത്. സെമിയിൽ അമേരിക്കൻ താരം ജെന്നിഫർ ബ്രാഡി ആണ് ഹാലപ്പിന്റെ എതിരാളി.