വിംബിൾഡനിൽ ചരിത്രമെഴുതി ഉക്രൈൻ താരം, ബ്രിട്ടീഷ് പ്രതീക്ഷകൾക്കും അന്ത്യം

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

വിംബിൾഡനിൽ പുതുചരിത്രം കുറിച്ച് ഉക്രൈൻ താരവും 8 സീഡുമായ എലീന സിറ്റോലീന. വിംബിൾഡൺ സെമിയിൽ പ്രവേശിച്ചതോടെ ഒരു ഗ്രാന്റ് സ്‌ലാം സെമിയിൽ എത്തുന്ന ഉക്രൈന്റെ ആദ്യ വനിത ടെന്നീസ് താരവും രണ്ടാമത്തെ മാത്രം താരവുമായി സിറ്റോലീന മാറി. ഇതിനു മുമ്പ് ഫ്രഞ്ച് ഓപ്പൺ സെമിയിൽ എത്തിയ മെദ് വദേവ്‌ മാത്രമാണ്‌ ഈ നേട്ടം കൈവരിച്ച ഉക്രൈൻ താരം. പിന്തുണക്കാൻ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന കാമുകനും ഫ്രഞ്ച് ടെന്നീസ് താരവുമായ ഗെയിൽ മോഫീസ്, സുഹൃത്ത് ജർമ്മൻ ഫുട്‌ബോൾ താരം ജോഷുവ കിമ്മിച്ച് എന്നിവരെ സാക്ഷിയാക്കിയാണ് കോർട്ട് 1 ൽ ഉക്രൈൻ താരം ചരിത്രം കുറിച്ചത്. ചെക് റിപ്പബ്ലിക് താരം കരോലിന മുക്കോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തോല്പിച്ചായിരുന്നു സിറ്റോലീനയുടെ സെമി പ്രവേശനം. ആദ്യ സെറ്റിൽ തുടക്കത്തിൽ ആധിപത്യം പുലർത്തി നന്നായി കരോലിനയെ തന്റെ മികവ് മുഴുവൻ പുറത്തെടുത്താണ് സിറ്റോലീന 7-5 നു മറികടന്നത്.

രണ്ടാം സെറ്റിൽ തുടക്കത്തിലെ മുൻതൂക്കം നേടിയ സിറ്റോലീനക്കെതിരെ പിന്നീട് നല്ല പോരാട്ടം തന്നെ കാഴ്ച വച്ചെങ്കിലും തോൽവി ഒഴിവാക്കാൻ ചെക് താരത്തിന് അത് മതിയായില്ല. 6-4 നു രണ്ടാം സെറ്റും മത്സരവും സ്വന്തമാക്കി ഉക്രൈൻ താരം ചരിത്രം കുറിച്ചു. സെമിയിൽ മുൻ ലോക ഒന്നാം നമ്പർ താരം സിമോണ ഹാലപ്പ് ആണ് സിറ്റോലീനയുടെ എതിരാളി. അതേസമയം മറ്റൊരു ക്വാട്ടർ ഫൈനൽ മത്സരത്തിൽ ബ്രിട്ടീഷ് പ്രതീക്ഷയായ ജൊഹാന കോന്റ അപ്രതീക്ഷിത തോൽവി വഴങ്ങി. 19 സീഡായ കോന്റ 2017 നു ശേഷം തന്റെ രണ്ടാം വിംബിൾഡൺ സെമി ഫൈനൽ ലക്ഷ്യം വച്ചാണ് സെന്റർ കോർട്ടിൽ ഇറങ്ങിയത്.

ആദ്യ സെറ്റിന്റെ തുടക്കത്തിൽ 4-1 മുന്നിട്ട് നിന്ന കോന്റ മത്സരത്തിൽ വ്യക്തമായ മുൻതൂക്കം നേടി. എന്നാൽ അവസാന എട്ടിൽ എത്തിയ 3 ചെക് റിപ്പബ്ലിക് താരങ്ങളിൽ അവശേഷിക്കുന്ന ഏക താരമായ ബാർബോറ സ്റ്ററയ്കോവ വിട്ട് കൊടുക്കാൻ തയ്യാറായിരുന്നില്ല. സീഡ് ചെയ്യപ്പെടാത്ത 33 കാരിയായ താരം തന്റെ മികവ് പുറത്തെടുത്തപ്പോൾ കോന്റ പതറി, ആദ്യ സെറ്റ് ടൈബ്രേക്കറിൽ ചെക് താരം സ്വന്തമാക്കി. കാണികൾ കോന്റക്കായി ആർത്ത് വിളിച്ചിട്ടും രണ്ടാം സെറ്റിൽ പിഴവുകൾക്ക് പിറകെ പിഴവുകൾ വരുത്തിയ ബ്രിട്ടീഷ് താരത്തിനു ഒരവസരവും നൽകാതെ 6-1 നു രണ്ടാം സെറ്റും മത്സരവും ചെക് താരത്തിനു സ്വന്തം. തന്റെ കരിയറിൽ ഇത് ആദ്യമായാണ് ബാർബോറ ഒരു ഗ്രാന്റ് സ്‌ലാം സെമിഫൈനലിൽ എത്തുന്നത്. സെമിയിൽ മുൻ ചാമ്പ്യൻ സെറീന വില്യംസ്‌ ആണ് ചെക് താരത്തിന്റെ എതിരാളി.