സെമിയിൽ ദ്യോക്കോവിച്ചിന്റെ എതിരാളി സ്പാനിഷ് താരം

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

തങ്ങളുടെ ആദ്യ വിംബിൾഡൺ ക്വാട്ടർ ഫൈനലിന് ഇറങ്ങിയ 23 സീഡ് സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗുറ്റും 26 സീഡ് അർജന്റീന താരം പെല്ലയും മികച്ച പോരാട്ടം പുറത്തെടുത്തപ്പോൾ വളരെ മികച്ചൊരു മത്സരത്തിനാണ് കോർട്ട് 1 സാക്ഷ്യം വഹിച്ചത്. നിരവധി വലിയ റാലികൾ കണ്ട മത്സരത്തിൽ ഈ വിംബിൾഡനിൽ ഇത് വരെ ഏറ്റവും കൂടുതൽ സമയം കളത്തിൽ ചിലവിട്ട പെല്ലയുടെ പോരാട്ടവീര്യത്തെ മറികടന്നു ജയം സ്പാനിഷ് താരത്തിനു. ആദ്യ സർവീസ് തന്നെ ബ്രൈക്ക് വഴങ്ങിയ പെല്ല പക്ഷെ മികച്ച പോരാട്ടവുമായി തിരിച്ചെത്തിയപ്പോൾ മത്സരം കടുത്തു. ഏതാണ്ട് ഒരു മണിക്കൂർ നീണ്ട ആദ്യ സെറ്റ് 7-5 നു സ്വന്തമാക്കി ബാറ്റിസ്റ്റ പക്ഷെ മത്സരത്തിൽ മുൻതൂക്കം നേടി. രണ്ടാം സെറ്റിലും ആദ്യ സെറ്റിൽ എന്ന പോലെ സർവീസ് ബ്രൈക്ക് നേടി തുടങ്ങിയ ബാറ്റിസ്റ്റ കൂടുതൽ ആധിപത്യം പുലർത്തിയപ്പോൾ 6-4 നു രണ്ടാം സെറ്റും സ്പാനിഷ് താരത്തിന് ഒപ്പം.

പ്രീ ക്വാട്ടറിൽ മീലോസ് റയോണികിനെതിരെ ആദ്യ രണ്ട് സെറ്റ് നഷ്ടമായ ശേഷം ജയിച്ച് വന്ന പെല്ല പക്ഷെ വിട്ട് കൊടുക്കാൻ ഒരുക്കമെല്ലായിരുന്നു. റയോണികിനെതിരായ മത്സരത്തെ ഓർമ്മിപ്പിച്ച് മൂന്നാം സെറ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത അർജന്റീന താരം മൂന്നാം സെറ്റ് 6-3 നു സ്വന്തമാക്കി മത്സരത്തിലെ പ്രതീക്ഷ നിലനിർത്തി. എന്നാൽ തന്റെ കരിയറിലെ തന്നെ മികച്ച ടെന്നീസ് കളിക്കുന്ന ബാറ്റിസ്റ്റ പക്ഷെ നാലാം സെറ്റിൽ പെല്ലക്ക് വലിയ അവസരങ്ങൾ നൽകിയില്ല. 6-3 നു നാലാം സെറ്റും മത്സരവും സ്വന്തമാക്കിയ സ്പാനിഷ് താരം തന്റെ ആദ്യ വിംബിൾഡൺ സെമിയിലേക്ക് മാർച്ച് ചെയ്തു. ലോക ഒന്നാം നമ്പറും നിലവിലെ ജേതാവുമായ നൊവാക് ദ്യോക്കോവിച്ച് ആണ് ബാറ്റിസ്റ്റയുടെ സെമിയിലെ എതിരാളി.