ആദ്യ വിംബിൾഡൺ മത്സരം ജയിച്ചു കാസ്പർ റൂഡ് മുന്നോട്ട്, സൂപ്പർ ടൈബ്രൈക്കിൽ ഹുർകാശിനെ വീഴ്ത്തി വമ്പൻ അട്ടിമറിയും ആയി ഫോകിന

വിംബിൾഡൺ ആദ്യ റൗണ്ടിൽ ജയം കണ്ടു മൂന്നാം സീഡ് കാസ്പർ റൂഡ്. കരിയറിൽ ആദ്യമായി ആണ് വിംബിൾഡണിൽ നോർവീജിയൻ താരം ഒരു മത്സരം ജയിക്കുന്നത്. നേരിട്ടുള്ള സെറ്റുകൾക്ക് സ്പാനിഷ് താരം ആൽബർട്ട് റാമോസ് വിനോലസിനെ വീഴ്ത്തിയ റൂഡ് പക്ഷെ 2 ടൈബ്രൈക്കുകൾ ആണ് മത്സരത്തിൽ നേരിട്ടത്. ആദ്യ രണ്ടു സെറ്റുകളും ടൈബ്രൈക്കിൽ ജയിച്ച റൂഡ് മൂന്നാം സെറ്റ് 6-2 നു ആണ് നേടിയത്. രണ്ടാം ടൈബ്രൈക്കിൽ കടുത്ത പോരാട്ടം ആണ് മത്സരത്തിൽ കണ്ടത്. 14 ഏസുകൾ ഉതിർത്ത റൂഡ് 4 തവണ എതിരാളിയെ ബ്രൈക്ക് ചെയ്യുകയും ചെയ്തു. ഏഴാം സീഡ് ആയ ഹാലെ ചാമ്പ്യൻ പോളണ്ട് താരം ഉമ്പർട്ട് ഹുർകാശ് ആദ്യ റൗണ്ടിൽ പുറത്തായത് വമ്പൻ അട്ടിമറിയായി. സ്പാനിഷ് താരം അലഹാൻഡ്രോ ഡേവിഡോവിച് ഫോകിന ആണ് പോളണ്ട് താരത്തെ അട്ടിമറിച്ചത്.

20220627 231448

അഞ്ചു സെറ്റ് നീണ്ട കടുത്ത പോരാട്ടം പലപ്പോഴും മഴ മുടക്കി. ആദ്യ രണ്ടു സെറ്റുകൾ 7-6, 6-4 എന്ന സ്കോറിന് ഫോകിന ജയിച്ചതോടെ ഹുർകാശ് സമ്മർദത്തിൽ ആയി. എന്നാൽ മഴ നൽകിയ ഇടവേള മുതലെടുത്ത ഹുർകാശ് മൂന്നാം സെറ്റിൽ 5-3 ൽ നിന്നു 3 മാച്ച് പോയിന്റുകൾ രക്ഷിച്ചു സെറ്റ് 7-5 നു നേടി മത്സരം നാലാം സെറ്റിലേക്ക് നീട്ടി. നാലാം സെറ്റ് 6-2 നു നേടിയ താരം മത്സരം അഞ്ചാം സെറ്റിലേക്ക് കൊണ്ടു പോയി. അഞ്ചാം സെറ്റിൽ ഇരു താരങ്ങളും തുല്യത പാലിച്ചതോടെ സെറ്റ് സൂപ്പർ ടൈബ്രൈക്കറിലേക്ക് നീണ്ടു. സൂപ്പർ ടൈബ്രൈക്കറിൽ ഹുർകാശിന്റെ വലിയ തിരിച്ചു വരവ് അതിജീവിച്ച ഫോകിന ടൈബ്രൈക്കർ ജയിച്ചു രണ്ടാം റൗണ്ട് ഉറപ്പിക്കുക ആയിരുന്നു. 20 ഏസുകൾ ഉതിർത്ത ഹുർകാശ് 6 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. എന്നാൽ അതൊന്നും അട്ടിമറി ഒഴിവാക്കാൻ താരത്തെ സഹായിച്ചില്ല. 22 സീഡ് നിക്കോളാസ് ബാസിലാഷ്വിലി, 23 സീഡ് ഫ്രാൻസസ് ടിയഫോ, 30 സീഡ് ടോമി പോൾ എന്നിവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.