അനായാസം മൂന്നാം റൗണ്ടിലേക്ക് മുന്നേറി ജ്യോക്കോവിച്ച്, കാസ്പർ റൂഡ് പുറത്ത്

വിംബിൾഡൺ രണ്ടാം റൗണ്ടിൽ അനായാസ ജയവുമായി ഒന്നാം സീഡ് നൊവാക് ജ്യോക്കോവിച്ച്. സീഡ് ചെയ്യാത്ത ഓസ്‌ട്രേലിയൻ താരം തനാസി കൊക്കിനാക്കിസിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ജ്യോക്കോവിച്ച് തോൽപ്പിച്ചത്. ഓസ്‌ട്രേലിയൻ താരത്തിന് എതിരെ സമ്പൂർണ ആധിപത്യം കാണിച്ച ജ്യോക്കോവിച്ച് 6-1, 6-4, 6-2 എന്ന സ്കോറിന് ആണ് ജയം കണ്ടത്. സെന്റർ കോർട്ടിൽ ആദ്യ മത്സരത്തിനെക്കാൾ മികവ് പുലർത്തിയ സെർബിയൻ താരം 11 ഏസുകൾ ഉതിർത്ത ഓസ്‌ട്രേലിയൻ താരത്തെ 5 തവണയാണ് ബ്രൈക്ക് ചെയ്തത്. നിലവിൽ പുൽ മൈതാനത്തെ ഏറ്റവും മികച്ച താരം താൻ ആണ് എന്ന് ജ്യോക്കോവിച്ച് തെളിയിക്കുക ആയിരുന്നു മത്സരത്തിലൂടെ. അതേസമയം മൂന്നാം സീഡ് കാസ്പർ റൂഡ് രണ്ടാം റൗണ്ടിൽ പുറത്തായി.

20220627 210004

സീഡ് ചെയ്യാത്ത ഫ്രഞ്ച് താരം ഉഗോ ഉമ്പർട്ട് നാലു സെറ്റ് പോരാട്ടത്തിൽ ആണ് റൂഡിനെ തോൽപ്പിച്ചത്. ആദ്യ സെറ്റ് 6-3 നു നഷ്ടമായ ശേഷം 6-2, 7-5, 6-4 സ്കോറിന് തുടർന്നുള്ള സെറ്റുകൾ നേടിയാണ് ഫ്രഞ്ച് താരം റൂഡിനെ അട്ടിമറിച്ചത്. 4 തവണ ബ്രൈക്ക് വഴങ്ങിയ ഉമ്പർട്ട് 6 തവണയാണ് റൂഡിന്റെ സർവീസ് ബ്രൈക്ക് ചെയ്തത്. പുൽ മൈതാനത്ത് തനിക്ക് കളി വഴങ്ങില്ലെന്ന് റൂഡ് ഒരിക്കൽ കൂടി തെളിയിച്ചു. അതേസമയം 5 സെറ്റ് പോരാട്ടത്തിൽ സ്പാനിഷ് താരം ജെമു മുനാറിനെ തോൽപ്പിച്ചു ബ്രിട്ടീഷ് ഒന്നാം നമ്പറും ഒമ്പതാം സീഡും ആയ കാമറൂൺ നോറിയും മൂന്നാം റൗണ്ടിൽ എത്തി. 6-4, 3-6, 5-7, 6-0, 6-2 എന്ന സ്കോറിന് ആയിരുന്നു നോറി മാരത്തോൺ പോരാട്ടം ജയിച്ചത്. അമേരിക്കൻ താരവും 23 സീഡും ആയ ഫ്രാൻസസ് ടിയഫോ ജർമ്മൻ താരം മാക്സിമിലിയൻ മാർട്ടററെ 6-2, 6-2, 7-6 എന്ന സ്കോറിന് തോൽപ്പിച്ചു മൂന്നാം റൗണ്ടിലേക്ക് മുന്നേറി.