വിംബിൾഡൺ : നദാൽ, കെർബർ പുറത്ത് 

- Advertisement -

വിംബിൾഡൺ ടെന്നീസിൽ ഇന്നലെ അട്ടിമറികളുടെ ദിവസമായിരുന്നു. വനിതകളിൽ ഒന്നാം സീഡ് കെർബർ 3 സെറ്റ് നീണ്ട പോരാട്ടത്തിൽ പതിനാലാം സീഡ് സ്‌പെയിനിന്റെ മുഗുറുസയോട് തോറ്റ് പുറത്തായപ്പോൾ മുൻ ഒന്നാം നമ്പർ താരവും ടൂർണമെന്റിലെ അഞ്ചാം സീഡുമായ ഡെന്മാർക്കിന്റെ വോസ്നിയാക്കി അമേരിക്കയുടെ ഇരുപത്തിനാലാം സീഡ് കോക്കോയോട് പാരായജയപ്പെട്ടു. നാലാം സീഡ് സ്വിറ്റോലിനയും ഇന്നലത്തെ മത്സരത്തിൽ പരാജയം രുചിച്ചു. പതിമൂന്നാം സീഡ് ഒസ്റ്റാപെങ്കൊയാണ് താരത്തെ തോൽപ്പിച്ചത്.  മറ്റ് മത്സരങ്ങളിൽ മുൻ ചാമ്പ്യൻ വീനസ് വില്ല്യംസ്,കുസ്നെറ്റ്സോവ, റൈബറിക്കോവ, കോണ്ട എന്നിവർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.

പുരുഷന്മാരിൽ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായ  റാഫേൽ നദാലിന് ഒരിക്കൽ കൂടി ജൈൽസ് മുള്ളർക്ക് മുന്നിൽ അടിതെറ്റി. അഞ്ച് സെറ്റുകൾ നീണ്ട ഇടം കൈയ്യന്മാരുടെ മാരത്തോൺ പോരാട്ടത്തിൽ മുള്ളർ റാഫയെ അട്ടിമറിച്ച് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ടൈബ്രേക്കറുകൾ ഇല്ലാത്ത അവസാന സെറ്റ് 15-13 എന്ന സ്കോറിനാണ് മുള്ളർ നേടിയത്. ഇതിനു മുൻപ് 2011 ലും മുള്ളർ റാഫേയെ വിംബിൾഡണിൽ അട്ടിമറിച്ചിട്ടുണ്ട്. മറ്റു മത്സരങ്ങളിൽ റോജർ ഫെഡറർ ദിമിത്രോവിനേയും, ആന്റി മറെ പെയ്റെയേയും, റയോനിച്ച് സ്വരേവിനേയും, സാം ക്വുറെ ആൻഡേഴ്‌സണെയും, സിലിച്ച് അഗൂത്തിനെയും തോൽപ്പിച്ച് ക്വാർട്ടർ ഫൈനൽ ബെർത്ത് നേടി.

പുരുഷ ഡബിൾസിൽ ഒന്നാം  സീഡുകളായ പിയേഴ്സ് കോണ്ടിനെൻ സഖ്യം ക്വാർട്ടറിൽ പ്രവേശിച്ചു. വനിതകളിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന സാനിയ ഫ്ലിപ്കെൻസ് സഖ്യം പുറത്തായി. മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ രാജ സഖ്യവും ഇന്നലത്തെ മത്സരത്തിൽ പരാജയപ്പെട്ടു. അവശേഷിക്കുന്ന പ്രതീക്ഷയായ സാനിയ-ഡോഡിഗ് സഖ്യം ക്വാർട്ടറിൽ വാട്സൺ-കോണ്ടിനെൻ സഖ്യത്തെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement