മൂന്നാം റൗണ്ടിൽ മുഗുരുസ വീണു, സബലങ്ക, ഇഗ, പ്ലിസ്കോവ നാലാം റൗണ്ടിൽ

20210702 210804

വിംബിൾഡൺ മൂന്നാം റൗണ്ടിൽ മുൻ ജേതാവും 11 സീഡും ആയ ഗബ്രീൻ മുഗുരുസ മൂന്നാം റൗണ്ടിൽ പുറത്ത്. സീസണിൽ മികച്ച ഫോമിലുള്ള ഡബ്യു. ടി. എ കിരീടം നേടുന്ന ആദ്യ അറബ് താരമായി മാറിയ ടുണീഷ്യൻ താരവും 21 സീഡുമായ ഒൻസ് ജബർ ആണ് സ്പാനിഷ് താരത്തെ അട്ടിമറിച്ചത്. മൂന്നു സെറ്റ് നീണ്ട പോരാട്ടം കണ്ട മത്സരത്തിൽ ആദ്യ സെറ്റ് കൈവിട്ട ശേഷം ആയിരുന്നു ടുണീഷ്യൻ താരത്തിന്റെ തിരിച്ചു വരവ്. ആദ്യ സെറ്റിൽ കടുത്ത പോരാട്ടം കണ്ടപ്പോൾ സെറ്റ് 7-5 നു മുഗുരുസ കയ്യിലാക്കി. എന്നാൽ രണ്ടാം സെറ്റിൽ തിരിച്ചടിച്ച ടുണീഷ്യൻ താരം സെറ്റ് 6-3 നു നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ കൂടുതൽ ആധിപത്യം കാണിച്ച ഒൻസ് സെറ്റ് 6-2 നു നേടി നാലാം റൗണ്ടിലേക്ക് മുന്നേറി. തന്റെ പോരാട്ടവീര്യം ഒൻസ് മത്സരത്തിൽ സെന്റർ കോർട്ടിൽ കാണിച്ച് കൊടുക്കുക തന്നെ ചെയ്തു. മത്സരത്തിൽ 12 ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ച മുഗുരുസ 3 ബ്രൈക്കുകൾ നേടിയപ്പോൾ 29 ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ച ഒൻസ് 5 ബ്രൈക്കുകൾ നേടി. നാലാം റൗണ്ടിൽ ഏഴാം സീഡ് ഇഗ സ്വിയറ്റക് ആണ് ഒൻസിന്റെ എതിരാളി. റൊമാനിയൻ താരം ഇറിന കമേലിയയെ തകർത്താണ് മുൻ ഫ്രഞ്ച് ഓപ്പൺ ജേതാവ് ആയ ഇഗ നാലാം റൗണ്ടിൽ എത്തിയത്. എതിരാളിക്ക് ഒരു ഗെയിം മാത്രം മത്സരത്തിൽ നൽകിയ ഇഗ 6-1, 6-0 എന്ന സ്കോറിന് എതിരാളിക്ക് മേൽ സമ്പൂർണ ആധിപത്യ ജയം നേടി.

അതേസമയം രണ്ടാം സീഡ് ആര്യാന സബലങ്കയും നാലാം റൗണ്ടിലേക്ക് മുന്നേറി. മരിയ കമിലക്ക് എതിരെ 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 3 ഗെയിമുകൾ മാത്രം ആണ് സബലങ്ക എതിരാളിക്ക് നൽകിയത്. 6 ബ്രൈക്കുകൾ കണ്ടത്തിയ സബലങ്ക സമ്പൂർണ ആധിപത്യം കാണിച്ച മത്സരത്തിൽ 6-0, 6-3 എന്ന സ്കോറിന് രണ്ടാം സീഡ് ജയം കണ്ടു. നാട്ടുകാരിയായ തെരേസ മാർട്ടിൻകോവയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് എട്ടാം സീഡ് ചെക് താരം കരോലിന പ്ലിസ്കോവ മറികടന്നത്. 6-3, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ജയം കണ്ട എട്ടാം സീഡ് നാലാം റൗണ്ടിലേക്ക് മാർച്ച് ചെയ്തു. അമേരിക്കൻ താരം ഷെൽബി റോജേഴ്‌സിനെ 6-1, 6-4 എന്ന സ്കോറിന് മറികടന്നു 18 സീഡ് എലീന റൈബികാനയും റഷ്യയുടെ സമ്സ്നോവായും സ്വിസ് താരം വിക്ടോറിയയും നാലാം റൗണ്ടിലേക്ക് മുന്നേറി.

Previous articleലീ ഗ്രാന്റിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ
Next articleലങ്ക പ്രീമിയര്‍ ലീഗിന് യൂസഫ് പത്താനും