എട്ടാം ദിനത്തിൽ അവസാന എട്ടിലേക്ക് ചുരുങ്ങി വിംബിൾഡൺ

shabeerahamed

20220705 110202
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെയോടെ വിംബിൾഡണിലെ ക്വാർട്ടർ ഫൈനൽ ലൈനപ്പ് വ്യക്തമായി. പടക്കുതിരകൾ റഫയേലും, നോവാക്കും, വഴക്കാളി നിക്കും കഴിഞ്ഞാൽ ബാക്കിയെല്ലാം പൊതുവെ പുതുമുഖങ്ങൾ. മുകളിൽ പറഞ്ഞവർ പ്രൊഫെഷണൽ ടെന്നീസ് കളിച്ചു തുടങ്ങിയ സമയത്ത് പിച്ചവച്ചു നടക്കാൻ പഠിച്ചു വളർന്നവർ. അത് കൊണ്ട് തന്നെ ഒരു ജനറേഷൻ ഗ്യാപ്പ് പ്രകടമാണ്. ഇത് വരെ നടന്ന കളികൾ കണ്ടിടത്തോളം, ജൻ നെക്സ്റ്റ് കപ്പുയർത്താൻ കാത്തിരിക്കേണ്ടി വരും.

സെന്റർ കോർട്ട് ഇന്നലെ കിരിയോസിന്റെ കളി ഉണ്ടായിരുന്നിട്ടു പോലും ശാന്തമായിരിന്നു. വാക്പോര് പ്രതീക്ഷിച്ചു വന്നവർ നിരാശരായി. കഴിഞ്ഞ കളിയിൽ ഉണ്ടാക്കിയ ചീത്തപ്പേര് കാരണം ഒന്നു അടങ്ങിയതാണോ അതോ കൂൾ ആസ് എ ക്യുക്കുമ്പർ നകഷിമ ഇതിലൊന്നും വീഴില്ല എന്നറിഞ്ഞു വേണ്ടന്ന് വച്ചതാണോ എന്നറിയില്ല, കിരിയോസിന്റെ കളിയെ അതു എങ്ങനെ ബാധിച്ചു എന്ന കാര്യത്തിൽ രണ്ടഭിപ്രായം ഉണ്ട്. കിരിയോസ് സ്വാതന്ത്രമായല്ല കളിച്ചത് എന്നു കാണാൻ സാധിച്ചു. പെരുമാറ്റം നന്നാക്കാനായി ശ്രമിച്ചപ്പോൾ കളി കാര്യമായി. ആദ്യ സെറ്റ് നേടിയപ്പോൾ അനായാസം കളി തീർക്കും എന്ന പ്രതീതി ഉണ്ടായെങ്കിലും, നകഷിമ തിരിച്ചടിച്ചു. അഞ്ചാം സെറ്റിൽ തന്റെ ഫോം വീണ്ടെടുത്തു എതിരാളിയെ കിരിയോസ് നിഷ്പ്രഭമാക്കുന്ന കാഴ്ചയാണ് കണ്ടത്. കളി കഴിഞ്ഞുള്ള കോർട്ട് സൈഡ് ഇന്റർവ്യൂയിലും ഒരു പുതിയ മനുഷ്യനായാണ് നിക് കിരിയോസ് സംസാരിച്ചത്. നകഷിമയുടെ കളിയെ പുകഴ്ത്തിയ നിക്, 2015 ശേഷം ആദ്യമായി ഒരു ഗ്രാൻഡ്സ്ലാം ക്വാർട്ടറിൽ കടന്നതിൽ സന്തോഷം പങ്കിട്ടു.
Img 20220705 Wa0005
മറ്റൊരു നാലാം റൗണ് മത്സരത്തിൽ 23ആം സ്ലാമിനായി കളിക്കുന്ന നദാൽ എതിരാളി വാൻ ഡി സാൻഡ്ഷൾപ്പിനെ 3 സെറ്റുകൾക്ക് മറികടന്നു. ഫ്രഞ്ച് ഓപ്പണിൽ കളിച്ചതിനെക്കാൾ ഫോമിലാണ് നദാൽ ഇപ്പോൾ കളിക്കുന്നത്. വിംബിൾഡണ് മുൻപ് ഇടത് കാലിനേറ്റ പരിക്കും, വേദനസംഹാരി ഇൻജക്ഷനും സംസാരവിഷയമാക്കിയ നദാൽ വേറെ ഏതോ കളിക്കാരൻ ആയിരിന്നു എന്നു തോന്നിപ്പോകുന്നു.

ഇതിനിടയിൽ സമമന്മാരുടെ കളികളും പുൽക്കോർട്ടിൽ നടന്നു. വാശിയേറിയ മത്സരത്തിൽ ചിലിയൻ ഗാരിൻ, ഓസ്‌ട്രേലിയക്കാരനായ ഡി മിനോറിനെ 5 സെറ്റിൽ തോൽപ്പിച്ചു. മൂന്നാമത്തെ സെറ്റിനെ പുറമെ അവസാന സെറ്റും ടൈബ്രേക്കറിലേക്ക് കടന്നപ്പോൾ കാണികൾക്ക് ആവേശമായി.
Img 20220705 Wa0004
വനിതകളുടെ കളിയിൽ മുൻ ചാമ്പ്യൻ സിമോണ ഹാലപ്പിന്റെ തിരിച്ചു വരവാണ് ഏറ്റവും സന്തോഷം നൽകിയ വാർത്ത. 2006ൽ തന്റെ പ്രൊഫെഷണൽ ക്യാരിയർ തുടങ്ങിയ ഹാലപ്പിന്റെ ഇപ്പോഴത്തെ ഫോം തുടർന്നാൽ ഒരു വിംബിൾഡൺ കൂടി ഉയർത്തിയേക്കും. കൂട്ടത്തിൽ അതിന് തടയിടാൻ ഓൻസ് ജാബർ മാത്രമാണുള്ളത്.

ക്വാർട്ടർ ലൈനപ്പിൽ കണ്ണോടിച്ചാൽ, ഇനിയുള്ള ദിവസങ്ങൾ സുന്ദര ടെന്നിസിന്റേതാണ് സംശയമില്ലാതെ പറയാം.