അവിശ്വസനീയം ഈ മരിയ! 34 മത്തെ വയസ്സിൽ രണ്ടു കുട്ടികളുടെ അമ്മയായി വിംബിൾഡൺ സെമിഫൈനലിൽ

വിംബിൾഡണിൽ പുതിയ സിൻഡ്രല്ല കഥ എഴുതി ജർമ്മൻ താരം താത്‌ജാന മരിയ. 2007 മുതൽ ഗ്രാന്റ് സ്‌ലാം കളിച്ചു തുടങ്ങിയ മരിയയുടെ കരിയറിലെ 46 മത്തെ ഗ്രാന്റ് സ്‌ലാം ആയിരുന്നു ഇത്. കരിയറിൽ ഇത് വരെ ഗ്രാന്റ് സ്‌ലാമിൽ രണ്ടാം റൗണ്ടിന് മുകളിൽ ഒരു തവണ മാത്രം മുന്നോട്ട് പോയ താരം വിംബിൾഡണിൽ സ്വപ്ന കുതിപ്പ് ആണ് നടത്തുന്നത്. കഴിഞ്ഞ വർഷം രണ്ടാം കുഞ്ഞിന് ജന്മം നൽകിയ ശേഷം ഇടവേള എടുത്ത മരിയ ആറു മാസം മുമ്പാണ് കളത്തിൽ തിരിച്ചെത്തിയത്. നാട്ടുകാരിയായ ജൂൾ നെയിമയറിനെതിരെ ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് മരിയ ജയം പിടിച്ചെടുത്തത്. ആദ്യ സെറ്റിൽ ജൂൾ തന്റെ മികവ് പുറത്ത് എടുത്തപ്പോൾ 6-4 നു സെറ്റ് താരത്തിന് സ്വന്തം. രണ്ടാം സെറ്റിൽ പക്ഷെ മരിയ ബ്രൈക്ക് വഴങ്ങിയ ശേഷം തിരിച്ചു വന്നു.

Screenshot 20220705 202606 01

6-2 നു സെറ്റ് നേടിയ മരിയ മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ കടുത്ത പോരാട്ടം ആണ് കാണാൻ ആയത്. സർവീസ് നിലനിർത്താൻ ഇരു താരങ്ങളും നന്നായി പൊരുതി. 4-3 നു സെറ്റിൽ ജൂൾ മുന്നിട്ട് നിന്ന ഇടത്ത് നിന്നാണ് മരിയ തിരിച്ചു വന്നത്. ഇടക്ക് മരിയ ബ്രൈക്ക് പോയിന്റ് സൃഷ്ടിച്ചു എങ്കിലും ജൂൾ അത് രക്ഷിച്ചു. ഇടക്ക് ഇരു താരങ്ങളും അവിശ്വസനീയ ടെന്നീസ് ആണ് പുറത്ത് എടുത്തത്. എന്നാൽ ഒടുവിൽ ജൂളിന്റെ അവസാന സർവീസ് ഭേദിച്ച് കൊണ്ടു മരിയ സ്വപ്ന ജയം കുറിച്ചു. മത്സരത്തിൽ 3 തവണ ബ്രൈക്ക് വഴങ്ങിയ മരിയ 5 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു. ഓപ്പൺ യുഗത്തിൽ ആദ്യമായി ഗ്രാന്റ് സ്‌ലാം സെമിഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായും മരിയ മാറി. സെമിയിൽ ഒൻസ് ജാബ്യുർ, മേരി ബോസ്കോവ മത്സര വിജയിയെ ആണ് മരിയ നേരിടുക.