വിംബിൾഡൺ ക്വാർട്ടറിൽ എത്തുന്ന ആദ്യ അറബ് വനിതയായി ഒൻസ്! സബലങ്കയും അവസാന എട്ടിൽ

Screenshot 20210705 180703

വിംബിൾഡണിൽ അറബ് വസന്തം! 1974 നു ശേഷം ആദ്യമായി വിംബിൾഡൺ അവസാന എട്ടിൽ എത്തുന്ന അറബ് താരമായ ടുണീഷ്യൻ താരം ഒൻസ് ജെബേർ വിംബിൾഡൺ അവസാന എട്ടിൽ എത്തുന്ന ആദ്യ അറബ് വനിതയായും ചരിത്രം എഴുതി. ഈജിപ്ത്തിന്റെ ഇസ്മയിൽ എൽ ഷെഫയ്ക്ക് ശേഷം ക്വാർട്ടർ ഫൈനലിൽ എത്തുന്ന ആദ്യ അറബ് താരം ആയ ഒൻസ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ വടക്കൻ ആഫ്രിക്കൻ താരം കൂടിയായി മാറി. നാലാം റൗണ്ടിൽ മുൻ ഫ്രഞ്ച് ഓപ്പൺ ജേതാവും ഏഴാം സീഡും ആയ ഇഗ സ്വിയറ്റക്കിനെയാണ് 21 സീഡ് ആയ ഒൻസ് മറികടന്നത്. മൂന്നു സെറ്റ് പോരാട്ടം കണ്ട മത്സരത്തിൽ ആദ്യ സെറ്റിൽ 5-3 നു മുന്നിൽ നിന്ന ശേഷം ഇരട്ട ബ്രൈക്ക് വഴങ്ങി സെറ്റ് 7-5 നു കൈവിട്ട ശേഷം പക്ഷെ ഒൻസ് തന്റെ വിശ്വരൂപം കാണിച്ചു. രണ്ടാം സെറ്റ് 6-1 നു നേടിയ താരം സമാനമായ സ്കോറിന് മൂന്നാം സെറ്റും നേടി രണ്ടും മൂന്നും സെറ്റുകളിൽ ഇഗക്ക് ഒരവസരവും നൽകാതെ വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മാർച്ച് ചെയ്തു.

മത്സരത്തിൽ 8 ഏസുകൾ ഉതിർത്ത ഒൻസ് 3 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും ലഭിച്ച 7 അവസരത്തിലും ഇഗയുടെ സർവീസ് ബ്രൈക്ക് ചെയ്തു. ക്വാർട്ടർ ഫൈനലിൽ രണ്ടാം സീഡ് ആര്യാന സബലങ്കയാണ് ടുണീഷ്യൻ താരത്തിന്റെ എതിരാളി. എലെന റൈബകാന്യയുടെ വെല്ലുവിളി അതിജീവിച്ചാണ് രണ്ടാം സീഡ് ആയ സബലങ്ക അവസാന എട്ടിൽ എത്തിയത്. നാലാം റൗണ്ട് ശാപം അവസാനിപ്പിച്ച സബലങ്ക കരിയറിൽ ആദ്യമാണ് ഒരു ഗ്രാന്റ് സ്‌ലാം ക്വാർട്ടർ ഫൈനലിൽ എത്തുന്നത്. ആദ്യ സെറ്റ് 6-3 നു നേടിയ സബലങ്ക രണ്ടാം സെറ്റ് 6-4 നു കൈവിട്ടു. എന്നാൽ മൂന്നാം സെറ്റിൽ 6-3 നു സെറ്റ് കയ്യിലാക്കിയ താരം അവസാന എട്ടിലേക്കുള്ള ടിക്കറ്റ് എടുത്തു. മത്സരത്തിൽ 3 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 5 തവണ എതിരാളിയെ ബ്രൈക്ക് ചെയ്താണ് സബലങ്ക ജയം ഉറപ്പിച്ചത്. ക്വാർട്ടറിൽ അറബ് ചരിത്രം എഴുതാൻ വരുന്ന വലിയ അട്ടിമറികൾക്ക് ഇതിനകം പേരു കേട്ട ഒൻസ് വലിയ വെല്ലുവിളി ആവും സബലങ്കക്ക് എതിരെ ഉയർത്തുക.

Previous articleതിരഞ്ഞെടുത്ത കൗണ്ടി ഇലവനുമായി ഇന്ത്യ സന്നാഹ മത്സരം കളിക്കും
Next articleഫെലിപെ ആൻഡേഴ്സൺ ലാസിയോയിലേക്ക് തിരികെയെത്തുന്നു