ആന്റി മറെ!!!! ആരാധകരെ ത്രില്ലടിപ്പിച്ചു 5 സെറ്റ് പോരാട്ടം ജയിച്ചു മറെ മൂന്നാം റൗണ്ടിൽ

20210701 030228

നാലു വർഷങ്ങൾക്ക് ശേഷമുള്ള തന്റെ വിംബിൾഡൺ തിരിച്ചു വരവിൽ പ്രതാപ കാലത്തെ ഓർമ്മിപ്പിച്ച് ആരാധകർക്ക് ത്രില്ലർ സമ്മാനിച്ചു ആന്റി മറെ. ആദ്യ റൗണ്ടിൽ നാലു സെറ്റ് അതിജീവിച്ചു രണ്ടാം റൗണ്ടിൽ എത്തിയ മറെ ഇത്തവണ 5 സെറ്റ് ത്രില്ലർ അതിജീവിച്ചു ആണ് മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ വിംബിൾഡൺ കളിക്കുന്ന ജർമ്മൻ താരം ഓസ്കാർ ഓട്ടെക്ക് എതിരെ തന്റെ സർവ്വവും പുറത്ത് എടുത്ത മറെ പലപ്പോഴും അവിശ്വസനീയവും സുന്ദരവും ആയ ഷോട്ടുകൾ കൊണ്ടു ആരാധകർക്ക് വലിയ ആവേശം തന്നെ പകർന്നു. മത്സരത്തിൽ 14 ഏസുകൾ ഉതിർത്ത ജർമ്മൻ താരത്തിന് എതിരെ 12 ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ച മറെ ഇതിൽ 7 എണ്ണവും മുതലാക്കി. അതേസമയം 4 തവണ മാത്രം ബ്രൈക്ക് വഴങ്ങിയ ബ്രിട്ടീഷ് താരം നിർണായക സമയത്ത് മികച്ച ടെന്നീസ് കളിച്ചു ബ്രൈക്ക് പോയിന്റുകൾ രക്ഷിക്കുകയും ചെയ്തു.

ആദ്യ സെറ്റ് 6-3 നു നേടിയ മറെ മത്സരത്തിൽ ആദ്യം മുൻതൂക്കം നേടി. എന്നാൽ രണ്ടും മൂന്നും സെറ്റുകൾ നേടി തിരിച്ചടിക്കുന്ന ജർമ്മൻ താരത്തെയാണ് പിന്നീട് കണ്ടത്. മൂന്നാം സെറ്റ് 6-4 നു നേടിയ ഓസ്കാർ ആത്മവിശ്വാസത്തോടെ കളിക്കാൻ തുടങ്ങിയപ്പോൾ ഈ ഘട്ടത്തിൽ മറെ ബുദ്ധിമുട്ടി. ഇതോടെ മൂന്നാം സെറ്റും സമാനമായ സ്കോറിൽ ഓസ്കാർ നേടി. എന്നാൽ തനിക്ക് ആയി ആർത്തു വിളിച്ച ആരാധകരുടെ പിന്തുണയിൽ പ്രചോദനം ഉൾക്കൊണ്ട മറെ പിന്നീട് നിർണായക സമയത്ത് ഉണർന്നു കളിച്ചു. പലപ്പോഴും മികച്ച പോയിന്റുകൾ കണ്ടത്തിയ മറെ നാലാം സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തി സെറ്റ് 6-4 നു നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി.

ഇതിനിടയിൽ സെന്റർ കോർട്ടിൽ മേൽക്കൂര അടച്ചതോടെ മറെ കൂടുതൽ ആധിപത്യം കാണിക്കാൻ തുടങ്ങി. അഞ്ചാം സെറ്റിൽ തുടക്കത്തിൽ തന്നെ ബ്രൈക്ക് കണ്ടത്തിയ മറെ അടുത്ത സർവീസുകൾ ജർമ്മൻ താരത്തിന്റെ കടുത്ത വെല്ലുവിളിയിലും നിലനിർത്തുകയും ചെയ്തു. ഇടക്ക് അടി തെറ്റി വീണെങ്കിലും എണീറ്റ് ആരാധകരെ അമ്പരപ്പിക്കുന്ന ഷോട്ടുകൾ കളിച്ച മറെ തുടർന്ന് ഒരിക്കൽ കൂടി ബ്രൈക്ക് കണ്ടത്തി അഞ്ചാം സെറ്റ് 6-2 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. മറെയുടെ ജയത്തിൽ പൊട്ടിത്തെറിച്ച സെന്റർ കോർട്ട് കാണികൾക്ക് അർഹിച്ച പോരാട്ടം തന്നെയാണ് മറെ നൽകിയത്. പലപ്പോഴും തന്റെ പ്രതാപ കാലത്തെ ഓർമ്മിപ്പിക്കുന്ന വിധം മനോഹരമായ ഷോട്ടുകളും മറെ ഉതിർത്തു. അക്ഷരാർഥത്തിൽ മറെ ടെന്നീസ് മൈതാനത്ത് തിരിച്ചു വന്നു എന്ന് പറയാവുന്ന മത്സരം ആയിരുന്നു ഇത്. മൂന്നാം റൗണ്ടിൽ പത്താം സീഡ് കനേഡിയൻ താരം ഡെന്നിസ് ഷപവലോവ് ആണ് മറെയുടെ എതിരാളി. രണ്ടാം റൗണ്ടിൽ എതിരാളി പിന്മാറിയതിനാൽ വിശ്രമം കൂടെ ലഭിച്ച മികച്ച താരം ആയ ഷപവലോവിനു എതിരെ മറെക്ക് മൂന്നാം റൗണ്ടിൽ എന്തെങ്കിലും ചെയ്യാൻ ആവുമോ എന്നു കണ്ടറിയാം.