വിംബിൾഡണിൽ അട്ടിമറികളുടെ മൂന്നാം ദിനം

കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു കളിക്കാർ വിട്ട് നിന്ന വിംബിൾഡണ് ടൂർണമെന്റിൽ ഇന്നലെ ആശ്വാസ ദിനമായിരുന്നു. സമ്പർക്ക പട്ടികയിൽ ഉള്ളവർ ആരും പോസിറ്റീവ് ആയില്ല എന്നത് സംഘാടകർക്ക്‌ സന്തോഷം നൽകിയ വാർത്തയായി. എന്നാലും തികഞ്ഞ ജാഗ്രതയോടെയാണ് കളിക്കാരും കാണികളും. പക്ഷെ അട്ടിമറികളുടെ ദിനമായിരുന്നു ഇന്നലെ. പല മുൻനിര കളിക്കാരും ടൂർണമെന്റിന് വെളിയിലേക്കുള്ള വഴി തിരഞ്ഞെടുത്ത ദിവസമായിരുന്നു ഇന്നലെ. അവസാന നാലിൽ നമ്മൾ പ്രതീക്ഷിച്ച കളിക്കാരും ഇതിൽ പെടും.

ഇന്നലെ ബ്രിട്ടീഷ് ടെന്നീസിനാണ് കാര്യമായ കോട്ടം സംഭവിച്ചത്. അവരുടെ പ്രതീക്ഷകളായ ആൻഡി മറെയും , എമ്മ റാഡുക്കാനുവും രണ്ടാം റൗണ്ടിൽ പുറത്തായി. അമേരിക്കയുടെ ഇരുപതാം സീഡ് താരം ജോൺ ഐസ്നർ നാല് സെറ്റിൽ മറെയെ തോൽപ്പിച്ചു. ആദ്യ രണ്ട് സെറ്റിൽ നിഷ്പ്രഭമായി പോയ മറെ മൂന്നാം സെറ്റ് ടൈ ബ്രെക്കറിൽ തിരിച്ചു പിടിച്ചെങ്കിലും, നാലാം സെറ്റിൽ ഐസ്നർ മിന്നുന്ന പ്രകടനം പുറത്തെടുത്തു. ഐസ്നറുടെ ശക്തമായ ഫസ്റ്റ് സെർവുകൾക്കു മുന്നിൽ മറെ പതറിപ്പോയി. അത് മാത്രമല്ല, വളരെ ക്ളീൻ ആയ ഡ്രോപ്പ് ഷോട്ടുകളും, നിയന്ത്രിത ഫൈൻ ടച്ചുകളും നിറഞ്ഞ ഐസ്നറുടെ കളി അതിമനോഹരമായി. ഇവർ തമ്മിൽ ഇത് ഒമ്പതാമത്തെ തവണയാണ് ഏറ്റ്മുട്ടുന്നതെങ്കിലും, ആദ്യമായാണ് മുറെ തോൽക്കുന്നത്.

ഫ്രഞ്ച് റണ്ണർ അപ് താരം കാസ്പെർ റുഡ് രണ്ടാം റൗണ്ടിൽ പുറത്തായി. ആണുങ്ങളുടെ മത്സരങ്ങളിൽ പുറത്താകുന്ന ഏറ്റവും ഉയർന്ന സീഡഡ് കളിക്കാരനാണ് റുഡ്. ഈ മൂന്നാം സീഡ്കാരനെ, ഫ്രഞ്ച് കളിക്കാരനായ യുഗോ ഹംബെർട്ട് 4 സെറ്റുകളിൽ തോൽപ്പിച്ചു. ആദ്യ ഒരു സെറ്റ് നേടി തൻ്റെ ഫോം അറിയിച്ച കാസ്പെറിന് പിന്നീട് യൂഗോയുടെ ചടുലമായ കളിക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല. ഒരു നല്ല ഗ്രാസ് കോർട്ട് കളിക്കാരനായി അറിയപ്പെടുന്ന യുഗോ ഇതേ നില തുടർന്നാൽ അവസാന നാളിൽ എത്തും എന്ന് പ്രതീക്ഷിക്കാം.
Img 20220627 Wa0268
ബ്രിട്ടീഷ് കാണികളുടെ കണ്ണിലുണ്ണിയായ എമ്മയുടെ തോൽവി ടൂർണമെന്റിന്റെ വിഷമമായി. പക്ഷെ ഫ്രഞ്ച് അൺസീഡഡ് കളിക്കാരിയായ കരോലിൻ ഗാർഷ്യയുടെ മുന്നിൽ എമ്മക്ക് ഒരിക്കൽ പോലും നല്ല പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. അടുത്ത കാലത്തായി ഡബിൾസ് പ്ലെയർ എന്ന നിലയിൽ പേരുടുത്ത കരോലിൻ നേരിട്ടുള്ള രണ്ട് സെറ്റുകൾക്കാണ് എമ്മയെ തോൽപ്പിച്ചത്.

വനിതകളുടെ രണ്ടാം സീഡ് അനേറ്റ് കൊണ്ടവെയിറ്റ് രണ്ടാം റൗണ്ടിൽ പുറത്തായ പ്രമുഖരിൽ പെടും. ജർമൻ അൺസീഡഡ് കളിക്കാരി ജൂൾ നെയ്മിയർ നേരിട്ടുള്ള സെറ്റുകൾക്കാണ് അനേറ്റിനെ അട്ടിമറിച്ചത്.

വനിതകളുടെ മത്സരത്തിൽ ഒമ്പതാം സീഡ് മുഗുരുസയും രണ്ടാം റൗണ്ടിൽ പുറത്തായി. കാര്യമായ ചെറുത്തുനില്പില്ലാതെ വെറും രണ്ട് സെറ്റിലാണ് കളി തോറ്റത്.