
വിംബിൾഡൺ ചാമ്പ്യൻഷിപ്പിന്റെ വനിതാ ഫൈനലിൽ മുൻ ചാമ്പ്യനും നിലവിലെ പത്താം സീഡുമായ അമേരിക്കയുടെ വീനസ് വില്ല്യംസ് സ്പെയിനിന്റെ മുഗുറുസയെ നേരിടും. ഇന്നലെ നടന്ന സെമി ഫൈനൽ മത്സരത്തിൽ ബ്രിട്ടന്റെ പ്രതീക്ഷയായ ജോഹന്നാസ് കോണ്ടയെ നേരിട്ടുള്ള സെറ്റുകൾക്ക് നിഷ്പ്രയാസം മറികടന്നാണ് വെറ്ററൻ ചാമ്പ്യനായ വീനസ് ഫൈനലിലേക്ക് യോഗ്യത നേടിയത്. സ്കോർ (6-4, 6-2). ടൂർണ്ണമെന്റിലുടനീളം അട്ടിമറികളിലൂടെ സെമി ഫൈനൽ വരെയെത്തിയ റൈബറിക്കോവയെ 6-1, 6-1 എന്ന സ്കോറിന് തകർത്താണ് പതിനാലാം സീഡായ സ്പാനിഷ് താരം മുഗുറുസ ഫൈനലിൽ കടന്നത്.
ഇന്ന് നടക്കുന്ന പുരുഷന്മാരുടെ സെമി ഫൈനൽ മത്സരത്തിൽ ക്രൊയേഷ്യയുടെ മരിയൻ സിലിച്ച് അമേരിക്കയുടെ സാം ക്യൂറെയേയും, സ്വിറ്റ്സർലാൻഡിന്റെ റോജർ ഫെഡറർ ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെർഡിച്ചിനെയും നേരിടും. ഇന്നലെ നടന്ന പുരുഷ ഡബിൾസ് സെമി ഫൈനൽ മത്സരത്തിൽ ഒന്നാം സീഡുകളായ പിയേഴ്സ് കോണ്ടിനെൻ സഖ്യം തോറ്റ് പുറത്തായി. നാലാം സീഡുകളായ കുബോട്ട് – മെലോ സഖ്യമാണ് ഒന്നാം സീഡുകളെ തോൽപ്പിച്ചത്. മത്സരം അഞ്ച് സെറ്റുകൾ നീണ്ടുനിന്നു. ഫൈനലിൽ മറാച്ച്-പവിച് ജോഡികളാണ് കുബോട്ട് – മെലോ സഖ്യത്തിന്റെ എതിരാളികൾ. മിക്സഡ് ഡബിൾസ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന ബൊപ്പണ്ണ സഖ്യം ഇന്നലത്തെ മത്സരത്തിൽ തോറ്റു പുറത്തായി. ഇതോടെ ടൂർണമെന്റിലെ ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial