
ടെന്നീസ് ചരിത്രത്തിലെ തന്നെ പഴക്കമേറിയതും ഏറെ പ്രാധന്യമേറിയതുമാണ് വിംബിള്‍ഡണ്‍. ജൂണ്‍ മാസാവസാനം ആരംഭിക്കുന്ന പുല്‍ക്കോര്‍ട്ടില്‍ നടക്കുന്ന ഏക ഗ്രാന്‍ഡ്സ്ലാം എന്ന ബഹുമതി കൂടിയുണ്ട് ഗ്രാന്‍ഡ്സ്ലാമുകളുടെ ഗ്രാന്ഡ്സ്ലാമിനു. അട്ടിമറികളും പരിക്കും പിടിമുറുക്കിയ ടൂര്‍ണ്ണമെന്റ് ഇത്തവണ വേറൊരു കാര്യത്തിനു കൂടിയാണ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
വിംബിള്‍ഡണില്‍ ശക്തമായൊരു ഡെസ്സ് കോഡ് ഉണ്ട്. പൂര്‍ണ്ണമായും വെളുപ്പായിരിക്കണം താരങ്ങളുടെ വേഷവിധാനം. ഇതിനു കോട്ടം തട്ടുന്ന എന്ത് സംഭവിച്ചാലും അതിനു പരിഹാരം ഉടനടി നിര്‍ദ്ദേശിക്കും വിംബിള്‍ഡണ്‍ ഒഫീഷ്യലുകള്‍. കഴിഞ്ഞ ദിവസം ഓസ്ട്രിയയുടെ ജൂനിയര്‍ താരം ജുറിജ് റോഡിനോവിനോട് അധികൃതര്‍ തന്റെ അടിവസ്ത്രം മാറ്റി മാത്രം കോര്‍ട്ട് 18ല്‍ താന്‍ കളിച്ചുകൊണ്ടിരുന്ന മത്സരം പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു തൊട്ടു മുമ്പ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ടോപ് സീഡുകളായ ഡബിള്‍സ് സഖ്യം സോംബോര് പിറോസ്, വു യിബിംഗ് സഖ്യത്തോടും അടിവസ്ത്രം മാറ്റി മാത്രം മത്സരത്തിനിറങ്ങിയാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
ഇത്തരം സംഭവങ്ങള്‍ ഇതാദ്യമല്ല. ടൂര്‍ണ്ണമെന്റിന്റെ ആദ്യ റൗണ്ടില്‍ വീനസ് വില്യംസിനോടും സമാനമായ ആവശ്യം അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. താന്‍ ധരിച്ചിരുന്ന പിങ്ക് ബ്രായുടെ സ്ട്രാപ്പ് വസ്ത്രത്തിനു പുറത്ത് വന്നപ്പോളാണ് വീനസിനോട് പോയി വസ്ത്രം മാറ്റി വരുവാന്‍ ടൂര്‍ണ്ണമെന്റ് അധികൃതര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ കാര്യത്തില്‍ ഇതല്ല സംഭവിച്ചത്. പുറമേ നിന്ന് ദൃശ്യമല്ലായിരുന്നുവെങ്കിലും വസ്ത്രമാറ്റത്തിനു ഉത്തരവിടുകയായിരുന്നു മാച്ച് ഒഫീഷ്യലുകള്‍.
ഡെസ്സ് കോഡ് സംബന്ധമായി കഴിഞ്ഞാഴ്ച ഇറക്കിയ വീഡിയോ കുറുപ്പിലും ടൂര്‍ണ്ണമെന്റ് അധികൃതര്‍ വ്യക്തമാക്കിയത്, നിങ്ങള്‍ക്ക് ശ്രദ്ധ പിടിച്ചുപറ്റണമെങ്കില്‍ അത് വേഷത്തിലൂടെയല്ല, കോര്‍ട്ടിലെ കളി മികവിലൂടെയായിരിക്കണം. ഈ ടൂര്‍ണ്ണമെന്റില്‍ നിലവിലെ ചാമ്പ്യനും ക്വാളിഫയര്‍ കളിച്ച് വരുന്ന യുവതാരവുമെല്ലാം സമം ആണെന്നായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial