ഹാലെപ്പും പുറത്ത്

- Advertisement -

വിംബിൾഡൺ ടെന്നീസ് വനിതാ വിഭാഗത്തിൽ മുൻനിര സീഡുകളുടെ പുറത്താവൽ തുടർക്കഥയാകുന്നു. ഒന്നാം സീഡും ഫ്രഞ്ച് ഓപ്പൺ ജേത്രിയുമായ സിമോണ ഹാലെപ്പ് ആണ് ഇന്നലെ പുറത്തായത്. ഇതോടെ ആദ്യ പത്ത് സീഡുകളിൽ അവശേഷിക്കുന്നത് ഏഴാം സീഡ് പ്ലിസ്ക്കോവ മാത്രമാണ്. ഇത് വിംബിൾഡൺ റെക്കോർഡ് കൂടിയാണ്. തായ്‌വാനിൽ നിന്നുള്ള സീഡില്ലാ താരം ഹേയ്ഷ്‌ ആണ് ഒന്നാം സീഡായ സിമോണയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ തകർത്തത്.

ആദ്യ സെറ്റ് 6-3 എന്ന സ്കോറിന് നേടിയ ശേഷമായിരുന്നു ഹാലെപ്പിന്റെ തോൽവി. മുൻ ഒന്നാം നമ്പർ താരം കെർബർ, സിബുൽക്കോവ, ബെൻചിച്ച്, സാൻസോവിച്ച്, ഒസ്റ്റാപെങ്കൊ, കസാറ്റ്കിന, ഉയ്റ്റ്‌വാങ്ക് എന്നിവരും വനിതകളിൽ അവസാന പതിനാറിൽ ഇടം നേടിയിട്ടുണ്ട്.

പുരുഷ വിഭാഗത്തിൽ സാധ്യത കൽപ്പിച്ചിരുന്ന നിക് കൈരൂയിസും, അലക്‌സാണ്ടർ സ്വരേവും ടൂർണമെന്റിൽ നിന്ന് പുറത്തായി. ജപ്പാന്റെ നിഷിക്കോരിയാണ്‌ ഓസ്‌ട്രേലിയൻ താരമായ നിക്കിനെ തോൽപ്പിച്ചത്. അലക്‌സാണ്ടർ സ്വരേവിനെ അഞ്ച് സെറ്റുകൾ നീണ്ട ഉജ്ജ്വല പോരാട്ടത്തിൽ അട്ടിമറിച്ചത് ലാത്വിയയുടെ ഏണസ്റ്റ് ഗുൾബിസാണ്. എഡ്മണ്ടിനെ തോൽപിച്ച് ജോക്കോവിച്ചും, മിനോറിനെ തോൽപ്പിച്ച് നദാലും, എബ്‌ഡനെ തോൽപ്പിച്ച് സിമോണും, പെയ്‌റെയെ തോൽപ്പിച്ച് ഡെൽപോട്രോയും അവസാന പതിനാറിൽ എത്തിയിട്ടുണ്ട്.

പുരുഷ ഡബിൾസിൽ ഇന്ത്യൻ സഖ്യമായ ബാലാജി-വർദ്ധൻ സഖ്യം പുറത്തായപ്പോൾ ഇന്തോ ഓസ്‌ട്രേലിയൻ കൂട്ടുകെട്ടായ ശരൺ-സിറ്റാക് സഖ്യം ആദ്യ രണ്ട് സെറ്റുകൾ നഷ്ടപ്പെടുത്തിയ ശേഷം തിരിച്ചടിച്ച് വിജയം സ്വന്തമാക്കി പ്രീക്വാർട്ടറിൽ പ്രവേശിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement