
വനിതകളിൽ രണ്ടാം സീഡായിരുന്ന സിമോണ ഹാലെപ് വിംബിൾഡണിൽ നിന്ന് പുറത്തായി. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ആറാം സീഡ് ബ്രിട്ടന്റെ കോണ്ടയാണ് സിമോണയെ മടക്കിയത്. ആദ്യ സെറ്റ് ടൈ ബ്രേക്കറിൽ നേടിയ ശേഷമായിരുന്നു രണ്ടാം സീഡിന്റെ പതനം. മറ്റുമത്സരങ്ങളിൽ വെറ്ററൻ ചാമ്പ്യൻ വീനസ് വില്ല്യംസ് ഒസ്റ്റാപെങ്കൊയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് സെമിയിൽ കടന്നു.
ടൂർണമെന്റിൽ അട്ടിമറികൾ ശീലമാക്കിയ സീഡ് ചെയ്യപ്പെടാത്ത റൈബറിക്കോവ അമേരിക്കയുടെ കോക്കോ വാൻഡവേഗയെ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ച് സെമിയിൽ പ്രവേശിച്ചു. പതിനാലാം സീഡ് സ്പെയിനിന്റെ മുഗുറുസയും റഷ്യയുടെ കുസ്നെറ്റ്സോവയെ തോൽപ്പിച്ച് സെമിയിൽ ഇടം നേടിയിട്ടുണ്ട്. ഇന്ന് നടക്കുന്ന പുരുഷ ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ഫെഡറർ കാനഡയുടെ റയോനിച്ചിനെയും, ജോക്കോവിച്ച് ചെക്ക് റിപ്പബ്ലിക്കിന്റെ ബെർഡിച്ചിനെയും, ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ ആന്റി മറെ അമേരിക്കയുടെ സാം ക്യൂറേയേയും, മരിയൻ സിലിച്ച് ജൈൽസ് മുള്ളറെയും നേരിടും.
