നാലാം റൗണ്ടിലേക്ക് അനായാസം മാർച്ച് ചെയ്തു സെറീനയും ബാർട്ടിയും

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഓരോ സെറ്റ് വീതം വഴങ്ങിയ ശേഷം മത്സരം സ്വന്തമാക്കിയ സെറീന തന്റെ ഇത് വരെയുള്ള ഏറ്റവും മികച്ച ടെന്നീസ് കളിക്കുന്നതാണ് മൂന്നാം റൗണ്ടിൽ കണ്ടത്. 18 സീഡ് ജൂലിയ ഗോർജെസിനെതിരെ നേരിട്ടുള്ള സെറ്റുകൾക്കാണ് സെറീന ഇന്ന് ജയിച്ച് കയറിയത്. നന്നായി തന്നെ തുടങ്ങിയ സെറീന ജൂലിയയുടെ മൂന്നാം സർവീസ് തന്നെ ബ്രൈക്ക് ചെയ്ത് തന്റെ നയം ആദ്യമേ വ്യക്തമാക്കി.

പൊരുതി നോക്കിയ ജൂലിയയക്ക് പക്ഷെ വലിയ അവസരം ഒന്നും നൽകാതിരുന്ന സെറീന അരമണിക്കൂർ നീണ്ട പോരാട്ടത്തിന് ഒടുവിൽ ആദ്യ സെറ്റ് 6-3 നു സ്വന്തമാക്കി. കഴിഞ്ഞ വർഷത്തെ വിംബിൾഡൺ സെമിയിലെത്തിയ ജൂലിയയിൽ നിന്ന് കൂടുതൽ ചെറുത്ത് നിൽപ്പാണ് രണ്ടാം സെറ്റിൽ കണ്ടത്. എന്നാൽ മാർഗരറ്റ് കോർട്ടിന്റെ 23 മത്തെ ഗ്രാന്റ്‌ സ്‌ലാം എന്ന ചരിത്രനേട്ടം പിന്തുടരുന്ന സെറീന ജൂലിയയുടെ പിഴവുകൾ മുതലെടുത്ത് ആദ്യ സെറ്റിൽ എന്ന പോലെ മൂന്നാം സർവീസ് ബ്രൈക്ക് ചെയ്തപ്പോൾ തന്നെ മത്സരത്തിന്റെ ഫലം സ്ഥിരീകരിക്കപ്പെട്ടു. പിന്നീട്‌ ജൂലിയക്ക് ഒരവസരവും നൽകാതെ സെറീന 6-4 നു രണ്ടാം സെറ്റും മത്സരവും സ്വന്തമാക്കി നാലാം റൗണ്ടിലേക്ക് മാർച്ച് ചെയ്തു. ഈ പ്രകടത്തിലൂടെ തന്റെ എതിരാളികൾക്ക് വ്യക്തമായ മുന്നറിയിപ്പ് ആണ് 11 സീഡ് സെറീന നൽകിയത്.

തന്റെ ഒന്നാം സീഡ് പൂർണമായും ന്യായീകരിക്കുന്ന പ്രകടനമാണ് നിലവിലെ ഫ്രഞ്ച്‌ ഓപ്പൺ ജേതാവായ ഓസ്‌ട്രേലിയൻ താരം ആഷ്ലി ബാർട്ടിയിൽ നിന്നുണ്ടായത്. ബ്രിട്ടീഷ് താരം ഹാരിയഷ് ഡാർട്ടിനെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് തന്നെയായിരുന്നു ബാർട്ടിയുടേതും മൂന്നാം റൗണ്ട് ജയം. തങ്ങളുടെ ആദ്യ സെന്റർ കോർട്ട് സിംഗിൾസ് മത്സരത്തിനിറങ്ങിയ ഇരു താരങ്ങളിൽ ബാർട്ടി മത്സരത്തിൽ പൂർണ്ണ ആധിപത്യം സ്ഥാപിച്ചു. ഡാർട്ടിന്റെ സർവീസുകൾ ആദ്യമേ തന്നെ ഇരു സെറ്റുകളിൽ ബ്രൈക്ക് ചെയ്ത ബാർട്ടി ഒരു മണിക്കൂർ പോലും നീണ്ടു നിൽക്കാത്ത മത്സരം 6-1, 6-1 എന്ന സ്കോറിന് സ്വന്തമാക്കി. ഡാർട്ടിന് ഒരു ദയയും കാണിക്കാതിരുന്ന ബാർട്ടി താൻ ഉറച്ചു തന്നെയാണ് എന്ന് വ്യക്തമാക്കി. അതേസമയം പുരുഷന്മാരിൽ അമേരിക്കൻ താരം സ്റ്റീവ്‌ ജോൻസനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന് 8 സീഡ് ജപ്പാന്റെ നിഷികോരിയും നാലാം റൗണ്ടിലേക്ക് മാർച്ച് ചെയ്തു. മത്സരത്തിൽ 6 പ്രാവശ്യം എതിരാളിയുടെ സർവീസ് ഭേദിച്ച നിഷികോരി 6-4, 6-3, 6-2 എന്ന സ്കോറിനാണ് ജയിച്ച് കയറിയത്.

വനിതകളിൽ ഏതാണ്ട് സമാനമായ പ്രകടനമാണ്‌ മുമ്പ് രണ്ട് തവണ വിംബിൾഡൺ കിരീടം നേടിയ 6 സീഡ് പെട്ര ക്വിവിറ്റോവയിൽ നിന്നുണ്ടായത്. മാഗഡ ലിനറ്റയെ 6-3, 6-2 എന്ന സ്കോറിന് മറികടന്നാണ്‌ ക്വിവിറ്റോവ നാലാം റൗണ്ടിൽ എത്തിയത്. മറ്റ് മത്സരങ്ങളിൽ 13 സീഡ് ബലിന്ദയെ മറികടന്ന് സീഡ് ചെയ്യാത്ത അമേരിക്കൻ താരം ആലിസൻ റിസ്‌കയും 15 സീഡ് വാങിനെ മറികടന്ന് 21 സീഡ് എൽസി മെർട്ടൻസും നാലാം റൗണ്ടിൽ കടന്നു. മറ്റൊരു മത്സരത്തിൽ 30 സീഡ് സ്പാനിഷ് താരം കാർല സുരാസിന്റെ ജയം അമേരിക്കൻ താരം ലോറൻ ഡേവിസിനെ മറികടന്നായിരുന്നു.