അനായാസം നദാൽ, പോർച്ചുഗീസ് താരത്തെ തകർത്തു വിംബിൾഡൺ ക്വാർട്ടറിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ചരിത്രത്തിൽ ആദ്യമായി വിംബിൾഡൺ പ്രീ ക്വാർട്ടറിൽ എത്തുന്ന പോർച്ചുഗീസ് താരമായ ജോ സോസയെ തകർത്തു മൂന്നാം സീഡും നിലവിലെ ഫ്രഞ്ച്‌ ഓപ്പൺ ജേതാവുമായ റാഫേൽ നദാൽ. ആദ്യമായി സെന്റർ കോർട്ട് മത്സരത്തിനിറങ്ങിയ സോസയുടെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്തു തുടങ്ങിയ നദാൽ എന്താണ് വരാനിരിക്കുന്നതെന്നു വ്യക്തമാക്കി. വീണ്ടുമൊരിക്കൽ കൂടി ആ സെറ്റിൽ സോസയുടെ സർവീസ് ഭേദിച്ച നദാൽ വെറും 29 മിനിറ്റിനുള്ളിൽ ആദ്യ സെറ്റ് 6-2 നു സ്വന്തമാക്കി. രണ്ടാം സെറ്റിലും സമാനമായ തുടക്കം തന്നെയാണ് നദാലിൽ നിന്നുണ്ടായത്. സോസയുടെ ആദ്യ സർവീസ് തന്നെ ഇത്തവണയും നദാൽ ബ്രൈക്ക് ചെയ്തു. പൊരുതി നോക്കാനുള്ള ചെറിയ ശ്രമം സോസയിൽ നിന്നുണ്ടായെങ്കിലും നദാലിന് മുന്നിൽ സർവീസ് നിലനിർത്താൻ പോലും സാധിക്കാതിരുന്ന സോസ രണ്ടാം സെറ്റ് 6-2 നു അടിയറവ് പറഞ്ഞു.

ആദ്യ രണ്ട് സെറ്റുകളിൽ നിന്നു വിഭിന്നമായി കുറച്ചു കൂടി മികച്ച പ്രകടനമാണ് ഇത്തവണ പോർച്ചുഗീസ് താരത്തിൽ നിന്നുണ്ടായത്. എന്നാൽ ആദ്യമേ തന്നെ സോസയുടെ സർവീസ് ബ്രൈക്ക് ചെയ്ത നദാൽ ഒരിക്കൽ കൂടി സർവീസ് മറികടന്ന് 6-2 നു ആദ്യ രണ്ട് സെറ്റിൽ എന്ന പോലെ മൂന്നാം സെറ്റും മത്സരവും സ്വന്തമാക്കി. ഒരു പരിശീലനമത്സരത്തിന്റെ തീവ്രത മാത്രം കണ്ട മത്സരത്തിൽ പക്ഷെ നദാലിന്റെ മാരക ഫോം എടുത്ത് കണ്ടു. 30 വയസ്സിന് ശേഷം 5 ഗ്രാന്റ്‌ സ്‌ലാമുകൾ നേടുക എന്ന റെക്കോർഡ് റോജർ ഫെഡററിന് ഒപ്പം പിന്തുടർന്ന നദാലിന് ഇത് തന്റെ കരിയറിലെ 7 മത്തെ വിംബിൾഡൺ ക്വാർട്ടർ ഫൈനൽ ആണിത്. നദാലിന്റെ ഈ പ്രകടനത്തോടെ ഫെഡറർ, ദ്യോക്കോവിച്ച് എന്നിവർക്ക് വലിയ മുന്നറിയിപ്പ് ആണ് നദാൽ നൽകിയത്.