ജോക്കോവിചിന് പൊരുതാൻ പോലുമായില്ല!! അൽകരാസ് വിംബിൾഡൺ ചാമ്പ്യൻ!

ജോക്കോവിചിനെ തകർത്തെറിഞ്ഞു കൊണ്ട് കാർലോസ് അൽകരാസ് വിംബിൾഡൺ ചാമ്പ്യനായി. ഇന്ന് നടന്ന ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് വിജയിച്ചാണ് അൽകരാസ് കിരീടത്തിൽ എത്തിയത്. ജോക്കോവിചിന് ഒന്ന് പൊരുതി നോക്കാൻ പോലും ഇന്ന് ആയില്ല. 6-2, 6-2, 6-6 (7-4) എന്നായിരുന്നു സ്കോർ.

ആദ്യ സെർവ് തന്നെ ബ്രേക്ക് ചെയ്ത് കൊണ്ടായിരുന്നു അൽകരാസ് ഇന്ന് തുടങ്ങിയത്. തുടക്കം മുതൽ ജോക്കോവിച് കളിയിൽ താളം കണ്ടെത്താൻ ആകാതെ പ്രയാസപ്പെട്ടു. ആദ്യ രണ്ട് സെറ്റുകളും കണ്ണടച്ച് തുറക്കും മുമ്പ് കഴിഞ്ഞു എന്ന് പറയാം.

മൂന്നാം സെറ്റിൽ ആണ് ജോക്കോവിച് ഒന്ന് പൊരുതി നോക്കിയത്. ആ സെറ്റിൽ 4-4 എന്ന നിലവരെ ആയി. പക്ഷെ അടുത്ത ഗെയിമിൽ അൽകരാസ് ജോക്കോവിചിന്റെ സെർവ് ബ്രേക്ക് ചെയ്തു. തൊട്ടടുത്ത ഗെയിം കൂടെ വിജയിച്ച് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കാൻ അൽകരാസിന് ആകുമായിരുന്നു‌‌. എന്നാൽ ചാമ്പ്യൻഷിപ്പ് പോയിന്റിൽ വെച്ച് ജോക്കോവിച് തിരികെ വന്നു. സെറ്റ് ടൈ ബ്രേക്കറിലേക്ക് പോയി. അവിടെ 6-4ന് ജയിച്ച് അൽകരാസ് കിരീടത്തിൽ മുത്തമിട്ടു.

ജാസ്‌മിൻ പൗളീനിയുടെ പോരാട്ടം അതിജീവിച്ചു ബാർബൊറ ക്രജികോവ വിംബിൾഡൺ ചാമ്പ്യൻ

കരിയറിൽ ആദ്യമായി വിംബിൾഡൺ ജേതാവ് ആയി ചെക് താരവും 31 സീഡും ആയ ബാർബൊറ ക്രജികോവ. മൂന്നു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിന് ഒടുവിൽ ഏഴാം സീഡ് ഇറ്റാലിയൻ താരം ജാസ്‌മിൻ പൗളീനിയെ ആണ് ക്രജികോവ ഫൈനലിൽ തോൽപ്പിച്ചത്. 10 തവണ ഡബിൾസിൽ ഗ്രാന്റ് സ്ലാം കിരീടം നേടിയ താരത്തിന്റെ രണ്ടാമത്തെ മാത്രം സിംഗിൾസ് ഗ്രാന്റ് സ്ലാം കിരീടം ആണ് ഇത്. ജയത്തോടെ തുടർച്ചയായ രണ്ടാം മത്സരത്തിലും ആദ്യ 10 എതിരാളിക്ക് എതിരെ ജയം കുറിച്ച ക്രജികോവ റാങ്കിംഗിൽ ആദ്യ പത്തിലും തിരിച്ചെത്തി. മികച്ച തുടക്കം ആണ് മത്സരത്തിൽ ക്രജികോവക്ക് ലഭിച്ചത് ഇരട്ട ബ്രേക്ക് ആദ്യ സെറ്റിൽ നേടിയ താരം സെറ്റ് 6-2 നു നേടി മത്സരത്തിൽ മുന്നിലെത്തി.

എന്നാൽ ഫ്രഞ്ച് ഓപ്പൺ ഫൈനലിന് ശേഷം വിംബിൾഡൺ ഫൈനൽ കളിക്കുന്ന ജാസ്‌മിൻ സമാനമായി ആണ് രണ്ടാം സെറ്റിൽ തിരിച്ചടിച്ചത്. ഇരട്ട ബ്രേക്ക് കണ്ടത്തിയ താരം സെറ്റ് 6-2 നു നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ കടുത്ത പോരാട്ടം ആണ് കാണാൻ ആയത്. എന്നാൽ ജാസ്മിന്റെ മൂന്നാം സർവീസ് ഭേദിച്ച ക്രജികോവ മത്സരം പോയിന്റുകൾ മാത്രം അകലെയാക്കി. തുടർന്ന് സർവീസ് നിലനിർത്തിയ ക്രജികോവ 5-4 നു ചാമ്പ്യൻഷിപ്പിന് ആയി സെർവ് ചെയ്യാൻ തുടങ്ങി. എന്നാൽ വിട്ട് കൊടുക്കാത്ത പോരാട്ടം ആണ് പൗളീനി പുറത്ത് എടുത്തത്. 2 തവണ ചാമ്പ്യൻഷിപ്പ് പോയിന്റ് രക്ഷിച്ച ഇറ്റാലിയൻ താരം 2 തവണ ബ്രേക്ക് പോയിന്റും സൃഷ്ടിച്ചു. എന്നാൽ മത്സരം ജയിക്കാനുള്ള വലിയ അവസരം കൈവിടാതെ സമചിത്തതയോടെ കളിച്ച ക്രജികോവ സർവീസ് നിലനിർത്തി സെറ്റ് 6-4 നു സ്വന്തമാക്കി വിംബിൾഡൺ കിരീടം സ്വന്തം പേരിൽ കുറിച്ചു.

നിസാരം! പത്താം വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറി നൊവാക് ജ്യോക്കോവിച്

കരിയറിലെ പത്താം വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറി നൊവാക് ജ്യോക്കോവിച്. 25 മത്തെ ഗ്രാന്റ് സ്ലാം കിരീടവും എട്ടാം വിംബിൾഡൺ കിരീടവും ലക്ഷ്യം വെക്കുന്ന രണ്ടാം സീഡ് ആയ ജ്യോക്കോവിച് 25 സീഡ് ആയ ഇറ്റാലിയൻ താരം ലോറൻസോ മുസെറ്റിയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സെമിഫൈനലിൽ തകർത്തത്. 2 തവണ ബ്രേക്ക് വഴങ്ങിയെങ്കിലും നാലു തവണ എതിരാളിയെ ബ്രേക്ക് ചെയ്ത ജ്യോക്കോവിച് നിർണായക സമയത്ത് ഏസുകൾ ഉതിർത്തു സർവീസ് നിലനിർത്തുന്ന കാഴ്ചയും മത്സരത്തിൽ കണ്ടു.

തനിക്ക് ആവുന്ന വിധം കളിച്ച ഇറ്റാലിയൻ താരത്തിന് പക്ഷെ ജ്യോക്കോവിച്ചിന് മുന്നിൽ ശരിക്ക് പിടിച്ചു നിൽക്കാൻ പോലും ആയില്ല. ആദ്യ സെറ്റ് 6-4 നു നേടിയ ജ്യോക്കോവിച് രണ്ടാം സെറ്റ് ടൈബ്രേക്കറിൽ ആണ് നേടിയത്. ഈ സെറ്റിൽ പിറകിൽ നിന്ന ശേഷം പൊരുതിയാണ് ജ്യോക്കോവിച് ടൈബ്രേക്കറിലേക്ക് കളി നീട്ടിയത്. തുടർന്ന് മൂന്നാം സെറ്റ് 6-4 നു നേടിയ ജ്യോക്കോവിച് സെന്റർ കോർട്ടിൽ മറ്റൊരു ജയം കുറിച്ചു ഫൈനലിലേക്ക് മുന്നേറി. ഫൈനലിൽ നിലവിലെ ജേതാവും മൂന്നാം സീഡും ആയ കാർലോസ് അൽകാരസ് ആണ് ജ്യോക്കോവിച്ചിന്റെ ഫൈനലിലെ എതിരാളി.

യെവൻ ഡാ? തിരിച്ചു വന്നു വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറി കാർലോസ് അൽകാരസ്

ആദ്യ സെറ്റ് കൈവിട്ട ശേഷം വിജയം കണ്ടു വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറി കാർലോസ് അൽകാരസ് ഗാർഫിയ. മൂന്നാം സീഡ് ആയ അൽകാരസ് അഞ്ചാം സീഡ് ആയ ഡാനിൽ മെദ്വദേവിനെ നാലു സെറ്റ് പോരാട്ടത്തിൽ ആണ് വീഴ്ത്തിയത്. തുടർച്ചയായ രണ്ടാം വിംബിൾഡൺ കിരീടവും ഈ വർഷം ഫ്രഞ്ച് ഓപ്പൺ കിരീടത്തിനു പിറകെ വിംബിൾഡൺ കിരീടവും ലക്ഷ്യം വെക്കുന്ന അൽകാരസിന്റെ നാലാം ഗ്രാന്റ് സ്ലാം ഫൈനൽ ആണ് ഇത്. തുടർച്ചയായ 13 ഗ്രാന്റ് സ്ലാം, വിംബിൾഡൺ മത്സരത്തിൽ ആണ് അൽകാരസ് ജയിക്കുന്നത്. ആദ്യ സെറ്റിൽ തന്നെ മികച്ച പോരാട്ടത്തിന്റെ സൂചന മത്സരം തന്നു. ടൈബ്രേക്കറിലൂടെ ആദ്യ സെറ്റ് സ്വന്തമാക്കിയ മെദ്വദേവ് മത്സരത്തിൽ മുൻതൂക്കം കണ്ടെത്തി.

എന്നാൽ രണ്ടാം സെറ്റ് മുതൽ അൽകാരസ് കളി മാറ്റി. രണ്ടാം സെറ്റ് തുടക്കത്തിൽ തന്നെ ബ്രേക്ക് കണ്ടത്തിയ താരം സെറ്റ് 6-3 നു സ്വന്തമാക്കി മത്സരത്തിൽ ഒപ്പമെത്തി. തുടർന്ന് ഇതേ മികവ് മൂന്നാം സെറ്റിലും താരം തുടർന്നപ്പോൾ സെറ്റ് 6-4 നു അൽകാരസ് സ്വന്തമാക്കി. നാലാം സെറ്റിൽ മികച്ച പോരാട്ടം തന്നെ കണ്ടപ്പോൾ അവസാന നിമിഷങ്ങളിൽ മെദ്വദേവിന്റെ ബാക്ക് ഹാന്റ് പിഴവ് മുതലെടുത്ത് ബ്രേക്ക് കണ്ടെത്തിയ അൽകാരസ് സെറ്റ് 6-4 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. 3 തവണ ബ്രേക്ക് വഴങ്ങിയെങ്കിലും 6 തവണയാണ് എതിരാളിയുടെ സർവീസ് സെന്റർ കോർട്ടിൽ അൽകാരസ് ഭേദിച്ചത്. ഫൈനലിൽ നൊവാക് ജ്യോക്കോവിച്, ലോറൻസോ മുസെറ്റി മത്സരവിജയിയെ ആണ് അൽകാരസ് നേരിടുക.

തിരിച്ചു വന്നു ജയം കണ്ടു ബാർബൊറ ക്രജികോവ വിംബിൾഡൺ ഫൈനലിൽ

2022 ലെ വിംബിൾഡൺ ജേതാവും നാലാം സീഡും ആയ എലേന റൈബാകിനയെ മൂന്നു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ വീഴ്ത്തി 31 സീഡ് ചെക് താരം ബാർബൊറ ക്രജികോവ വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറി. 2021 ലെ ഫ്രഞ്ച് ഓപ്പൺ ജേതാവ് ആയ ക്രജികോവ 10 തവണ ഡബിൾസ് ഗ്രാന്റ് സ്ലാം ജേതാവ് കൂടിയാണ്. സിംഗിൾസിൽ കരിയറിലെ രണ്ടാം ഗ്രാന്റ് സ്ലാം ഫൈനലും ആദ്യ വിംബിൾഡൺ ഫൈനലും ആണ് ചെക് താരത്തിന് ഇത്. നന്നായി തുടങ്ങിയ റൈബാകിനക്ക് മുന്നിൽ ആദ്യ സെറ്റ് 6-3 നു അടിയറവ് പറഞ്ഞ ശേഷം തിരിച്ചു വന്നാണ് ക്രജികോവ സെമിഫൈനലിൽ വിജയം കണ്ടത്.

രണ്ടാം സെറ്റ് 6-3 നു നേടിയ ക്രജികോവ മൂന്നാം സെറ്റ് 6-4 നു നേടി മത്സരം സ്വന്തം പേരിൽ ആക്കുക ആയിരുന്നു. 3 തവണ സർവീസ് ബ്രേക്ക് വഴങ്ങിയ ക്രജികോവ നാലു തവണ എതിരാളിയുടെ സർവീസ് ഭേദിച്ചു. റൈബാകിനക്ക് എതിരെ കളിച്ച മൂന്നു കളികളിലും ജയം കണ്ട ക്രജികോവയുടെ ആദ്യ പത്തിലുള്ള താരങ്ങൾക്ക് എതിരെയുള്ള 2023 നു ശേഷമുള്ള ആദ്യ ജയം ആണ് ഇത്. ഫൈനലിൽ ഏഴാം സീഡ് ജാസ്മിൻ പൗളീനിയാണ് ക്രജികോവയുടെ എതിരാളി. ആരു ജയിച്ചാലും വിംബിൾഡണിൽ ഇത്തവണ പുതിയ ചാമ്പ്യൻ ഉണ്ടാവും എന്നു ഇതോടെ ഉറപ്പായി.

വിംബിൾഡൺ ഫൈനലിൽ എത്തുന്ന ആദ്യ ഇറ്റാലിയൻ വനിത താരമായി ജാസ്‌മിൻ പൗളീനി

വിംബിൾഡൺ ഫൈനലിൽ എത്തുന്ന ആദ്യ ഇറ്റാലിയൻ വനിത താരമായി ജാസ്‌മിൻ പൗളീനി. ഏഴാം സീഡ് ആയ പൗളീനി ആവേശകരമായ സെമിഫൈനലിൽ സീഡ് ചെയ്യാത്ത ക്രൊയേഷ്യൻ താരം ഡോണ വെകിചിനെ മൂന്നു സെറ്റ് പോരാട്ടത്തിന് ഒടുവിൽ ആണ് വീഴ്ത്തിയത്. വിംബിൾഡൺ ചരിത്രത്തിലെ ഏറ്റവും നീളമേറിയ വനിതാ സിംഗിൾസ് സെമിഫൈനൽ ആയിരുന്നു ഇത്. ആദ്യ സെറ്റ് 6-2 നു നഷ്ടമായ ശേഷമാണ് തിരിച്ചു വന്നു പൗളീനി മത്സരത്തിൽ ജയം കണ്ടത്. രണ്ടാം സെറ്റ് 6-4 നു നേടിയ പൗളീനി മത്സരത്തിൽ തിരിച്ചെത്തി. ശക്തമായ പോരാട്ടം ആണ് മൂന്നാം സെറ്റിൽ കാണാൻ ആയത്.

ഇടക്ക് മാച്ച് പോയിന്റ് ഉണ്ടാക്കിയെങ്കിലും പൗളീനിക്ക് അത് മുതലാക്കാൻ ആയില്ല. ഇരു താരങ്ങളും വിട്ട് കൊടുക്കാത്ത പോരാട്ടത്തിന് ഒടുവിൽ സെറ്റ് ടൈബ്രേക്കറിലേക്ക് നീളുക ആയിരുന്നു. അത്യന്തം ആവേശകരമായ ടൈബ്രേക്കറിനു ശേഷം 10-8 നു ജയം കണ്ട പൗളീനി ചരിത്രജയം നേടുക ആയിരുന്നു. മത്സരത്തിൽ നാലു തവണ ബ്രേക്ക് വഴങ്ങിയ പൗളീനി മൂന്നു തവണ എതിരാളിയുടെ സർവീസ് ഭേദിച്ചു. ഫ്രഞ്ച് ഓപ്പൺ ഫൈനലും കളിച്ച പൗളീനി ചരിത്രത്തിൽ ഒരേ സീസണിൽ ഫ്രഞ്ച് ഓപ്പണിലും വിംബിൾഡണിലും ഫൈനൽ കളിക്കുന്ന അഞ്ചാമത്തെ മാത്രം വനിതാ താരമാണ്. 2016 ൽ സെറീന വില്യംസിന് ശേഷം ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ ഫൈനൽ കളിക്കുന്ന ആദ്യ വനിതാ താരമാണ് പൗളീനി.

പരിക്കേറ്റ എതിരാളി പിന്മാറി, ജ്യോക്കോവിച് കളിക്കാതെ തന്നെ വിംബിൾഡൺ സെമിയിൽ

വിംബിൾഡൺ സെമിഫൈനലിലേക്ക് മുന്നേറി രണ്ടാം സീഡ് സെർബിയയുടെ നൊവാക് ജ്യോക്കോവിച്. എതിരാളി ആയിരുന്ന ഓസ്‌ട്രേലിയൻ താരം ഒമ്പതാം സീഡ് അലക്‌സ് ഡി മിനോർ പരിക്ക് കാരണം പിന്മാറിയതിനെ തുടർന്ന് ആണ് ജ്യോക്കോവിച് അവസാന നാലിൽ കളിക്കാതെ തന്നെ എത്തിയത്.

പ്രീ ക്വാർട്ടർ മത്സരത്തിൽ ആർതർ ഫിൽസിന് എതിരെ മാച്ച് പോയിന്റിന്റെ സമയത്ത് ആണ് ഓസ്‌ട്രേലിയൻ താരത്തിന് പരിക്കേറ്റത്. തുടർന്ന് ഇന്ന് താരം ക്വാർട്ടർ ഫൈനൽ കളിക്കാതെ പിന്മാറുക ആയിരുന്നു. സെമിഫൈനലിൽ 25 സീഡ് ഇറ്റലിയുടെ ലോറൻസോ മുസെറ്റി, 13 സീഡ് അമേരിക്കയുടെ ടെയ്‌ലർ ഫ്രിറ്റ്സ് മത്സരവിജയിയെ ആണ് 7 തവണ വിംബിൾഡൺ ജേതാവ് ആയ ജ്യോക്കോവിച് നേരിടുക.

ആദ്യ സെറ്റിന് ശേഷം വിശ്വരൂപം കാണിച്ചു കാർലോസ് അൽകാരസ് വിംബിൾഡൺ സെമിഫൈനലിൽ

വിംബിൾഡൺ സെമിഫൈനലിലേക്ക് മുന്നേറി നിലവിലെ ചാമ്പ്യനും മൂന്നാം സീഡും ആയ കാർലോസ് അൽകാരസ് ഗാർഫിയ. 12 സീഡ് ആയ അമേരിക്കൻ താരം ടോമി പൗളിനെ നാലു സെറ്റ് മത്സരത്തിന് ഒടുവിൽ ആണ് സ്പാനിഷ് താരം മറികടന്നത്. ആദ്യ സെറ്റ് അവസാനം 7-5 നു കൈവിട്ട ശേഷം തിരിച്ചു വന്നാണ് അൽകാരസ് മത്സരത്തിൽ ജയം കണ്ടത്. രണ്ടാം സെറ്റ് 6-4 നു നേടി അൽകാരസ് മത്സരത്തിൽ തിരിച്ചെത്തി. തുടർന്ന് മൂന്നും നാലും സെറ്റുകൾ 6-2, 6-2 എന്ന സ്കോറിന് ആണ് അൽകാരസ് സ്വന്തമാക്കിയത്.

മത്സരത്തിൽ 8 തവണ എതിരാളിയുടെ സർവീസ് അൽകാരസ് ഭേദിച്ചു. ഗ്രാന്റ് സ്ലാമുകളിൽ കഴിഞ്ഞ 42 മത്സരത്തിൽ 39 മത്തെ ജയം ആണ് അൽകാരസ് ഇന്ന് കുറിച്ചത്. സെമിഫൈനലിൽ അഞ്ചാം സീഡ് ഡാനിൽ മെദ്വദേവ് ആണ് അൽകാരസിന്റെ എതിരാളി. തുടർച്ചയായ വിംബിൾഡൺ കിരീടം തന്നെയാവും സ്പാനിഷ് യുവതാരം ലക്ഷ്യമിടുക. അതേസമയം വനിതകളിൽ ഏഴാം സീഡ് ഇറ്റലിയുടെ ജാസ്മിൻ പയോളിനി വിംബിൾഡൺ സെമിയിലേക്ക് മുന്നേറി. 19 സീഡ് അമേരിക്കയുടെ എമ്മ നവോരയെ 6-2, 6-1 എന്ന സ്കോറിന് ആണ് ജാസ്മിൻ തകർത്തത്. കരിയറിലെ ആദ്യ വിംബിൾഡൺ സെമിയിൽ ഡോണ വെകിച് ആണ് ജാസ്മിന്റെ എതിരാളി.

ഓസ്‌ട്രേലിയയിലെ പരാജയത്തിന് പകരം ചോദിച്ചു മെദ്വദേവ്, സിന്നറെ വീഴ്ത്തി വിംബിൾഡൺ സെമിഫൈനലിൽ

ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ 5 സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിൽ നേരിട്ട പരാജയത്തിന് ലോക ഒന്നാം നമ്പർ ആയ യാനിക് സിന്നറോട് പ്രതികാരം ചെയ്തു അഞ്ചാം സീഡ് ഡാനിൽ മെദ്വദേവ്. 5 സെറ്റ് പോരാട്ടത്തിനു ഒടുവിൽ ഈ വർഷത്തെ നാലാമത്തെ മാത്രം പരാജയം ആണ് മെദ്വദേവ് സിന്നറിന് നൽകിയത്. ആദ്യ സെറ്റ് മുതൽ മെദ്വദേവ് തന്റെ നയം വ്യക്തമാക്കിയിരുന്നു. എന്നാൽ ആദ്യ സെറ്റ് തിരിച്ചു വന്നു ടൈബ്രേക്കറിൽ സിന്നർ നേടി. എന്നാൽ രണ്ടാം സെറ്റിൽ തുടക്കത്തിൽ തന്നെ ബ്രേക്ക് നേടിയ മെദ്വദേവ് സെറ്റ് 6-4 നു നേടി മത്സരത്തിൽ തിരിച്ചെത്തി. മൂന്നാം സെറ്റ് ടൈബ്രേക്കറിൽ നേടിയ ടൈബ്രേക്കറിൽ മത്സരം ഒരു സെറ്റ് അകലെയാക്കി.

എന്നാൽ നാലാം സെറ്റിൽ തിരിച്ചു വന്ന സിന്നർ സെറ്റ് 6-2 നു മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിൽ തുടക്കത്തിൽ തന്നെ ബ്രേക്ക് കണ്ടത്താൻ ആയ മെദ്വദേവ് തുടർന്ന് സർവീസ് നിലനിർത്തി സെറ്റ് 6-3 നു നേടി ലോക ഒന്നാം നമ്പറിനെ നാട്ടിലേക്ക് പറഞ്ഞു വിട്ടു. മത്സരത്തിൽ സിന്നർ 17 ഏസുകൾ ഉതിർത്തപ്പോൾ മെദ്വദേവ് 15 എണ്ണം ഉതിർത്തു. നാലു മണിക്കൂർ ആണ് മത്സരം നീണ്ടത്. കരിയറിലെ ഒമ്പതാം ഗ്രാന്റ് സ്ലാം സെമിഫൈനലും രണ്ടാം വിംബിൾഡൺ സെമിഫൈനലും ആണ് മെദ്വദേവിനു ഇത്. സെമിയിൽ കാർലോസ് അൽകാരസ്, തോമസ് പൗൾ വിജയിയെ ആണ് മെദ്വദേവ് നേരിടുക. വനിതകളിൽ ലുലു സണിനെ 5-7, 6-4, 6-1 എന്ന സ്കോറിന് തോൽപ്പിച്ചു ക്രൊയേഷ്യയുടെ സീഡ് ചെയ്യാത്ത താരമായ ഡോണ വെകിചും സെമിഫൈനലിൽ എത്തി. കരിയറിലെ ആദ്യ ഗ്രാന്റ് സ്ലാം സെമിഫൈനൽ ആണ് ഡോണക്ക് ഇത്.

ഷെൽട്ടനെ വീഴ്ത്തി യാനിക് സിന്നർ വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ

വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ലോക ഒന്നാം നമ്പറും ഒന്നാം സീഡും ആയ ഇറ്റാലിയൻ താരം യാനിക് സിന്നർ. അമേരിക്കൻ യുവതാരവും 14 സീഡും ആയ ബെൻ ഷെൽട്ടനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സിന്നർ തോൽപ്പിച്ചത്. മൂന്നാം സെറ്റിൽ 4 സെറ്റ് പോയിന്റുകൾ രക്ഷിച്ച സിന്നർ ആ സെറ്റ് ടൈബ്രേക്കറിൽ ആണ് നേടിയത്. ആദ്യ രണ്ടു സെറ്റുകളിൽ സിന്നർ ക്ലാസ് ആണ് കാണാൻ ആയത്.

ആദ്യ സെറ്റ് 6-2 നു നേടിയ സിന്നർ രണ്ടാം സെറ്റ് 6-4 നും സ്വന്തമാക്കി. 15 ഏസുകൾ ഉതിർത്ത ഷെൽട്ടന്റെ സർവീസ് നാലു തവണ സിന്നർ ബ്രേക്ക് ചെയ്തു. മൂന്നാം സെറ്റിൽ 4-1 നു പിന്നിൽ നിന്ന ശേഷമാണ് സെറ്റിൽ താരത്തിന്റെ തിരിച്ചു വരവ് കണ്ടത്. തുടർച്ചയായ മൂന്നാം വിംബിൾഡൺ ക്വാർട്ടർ ഫൈനൽ ആണ് താരത്തിന് ഇത്. കരിയറിലെ എട്ടാം ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനലിൽ എത്തിയ സിന്നർ ഈ സീസണിൽ കളിച്ച എല്ലാ ടൂർണമെന്റിലും ക്വാർട്ടർ ഫൈനൽ കളിച്ചിട്ടും ഉണ്ട്.

കാർലോസ് അൽകാരസ് വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ

മൂന്നാം സീഡും നിലവിലെ ചാമ്പ്യനും ആയ കാർലോസ് അൽകാരസ് ഗാർഫിയ വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. 16 സീഡ് ഫ്രഞ്ച് താരം ഉഗോ ഉമ്പർട്ടിനെ നാലു സെറ്റ് പോരാട്ടത്തിന് ഒടുവിൽ ആണ് സ്പാനിഷ് താരം മറികടന്നത്. തന്റെ മികവ് തുടക്കം മുതൽ പുറത്തെടുത്ത അൽകാരസ് ആദ്യ രണ്ടു സെറ്റുകളിൽ എതിർ താരത്തിന് മേൽ വലിയ ആധിപത്യം പുലർത്തി. ആദ്യ സെറ്റ് 6-3 നും രണ്ടാം സെറ്റ് 6-4 നും ആണ് അൽകാരസ് നേടിയത്. എന്നാൽ മൂന്നാം സെറ്റിൽ ഉമ്പർട്ട് തിരിച്ചടിച്ചു. സെറ്റ് താരം 6-1 നു നേടി.

മികച്ച പോരാട്ടം കണ്ട നാലാം സെറ്റിൽ എന്നാൽ എതിർ താരത്തിന്റെ അവസാന സർവീസ് ബ്രേക്ക് ചെയ്ത അൽകാരസ് 7-5 നു സെറ്റ് നേടി മത്സരം സ്വന്തം പേരിലാക്കി. മത്സരത്തിൽ 14 ഏസുകൾ ഉതിർത്ത അൽകാരസ് 5 തവണ ബ്രേക്ക് വഴങ്ങിയെങ്കിലും എതിരാളിയെ 6 തവണ ബ്രേക്ക് ചെയ്തു. തന്റെ ഇത് വരെയുള്ള മികച്ച പോരാട്ടം ആണ് അൽകാരസ് ഇന്ന് പുറത്ത് എടുത്തത്. കരിയറിലെ 9 മത്തെ ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനൽ ആണ് 21 കാരനായ അൽകാരസിന് ഇത്. 22 വയസ്സിനു മുമ്പ് 10 ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനലുകൾ കളിച്ച ഇതിഹാസ താരങ്ങൾ ആയ ബെക്കർ, ബോർഗ്, വിലാണ്ടർ എന്നിവർ മാത്രമാണ് ഈ നേട്ടത്തിൽ നിലവിൽ അൽകാരസിന് മുന്നിൽ ഉള്ളത്.

രോഹൻ ബൊപ്പണ്ണ – എബ്ഡൻ സഖ്യം വിംബിൾഡണിൽ നിന്ന് പുറത്ത്

വിംബിൾഡണിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയുടെ സഖ്യം രണ്ടാം റൗണ്ടിൽ പുറത്ത്. രോഹൻ ബൊപ്പണ്ണയും മാത്യു എബ്‌ഡനും ചേർന്ന സഖ്യം ഇന്ന് ജർമ്മൻ സഖ്യമായ ഫ്രാന്റ്സെൻ/ജെബെൻസിനോട് പരാജയപ്പെട്ടു ‌3-6, 6-7 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്.

നേരത്തെ ബൊപ്പണ്ണ എബ്ഡൻ സഖ്യം ആദ്യ റൗണ്ടിൽ എസ്. ആരെൻഡ്‌സ്/ആർക്കെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് വിജയിച്ചിരുന്നു. ആ മത്സരത്തിൽ 7-5, 6-4 എന്ന സ്കോറിനായിരുന്നു അവരുടെ വിജയം. ഇന്ന് പക്ഷെ അത്തരൊത്തിൽ ഒരു നല്ല പ്രകടനം നടത്താൻ ബൊപണ്ണ എബ്ദൻ ടീമിനായില്ല.

Exit mobile version