ജോക്കർ തിരിച്ചെത്തി

പരിക്കിന് ശേഷമുള്ള തിരിച്ചുവരവ് അത്ര സുഖകരമായിരുന്നില്ല നൊവാക് ജോക്കോവിച്ചിന്. നദാലും, ഫെഡററും ഭരിക്കുന്ന ഗ്രാൻഡ്സ്ലാമുകളിൽ പലപ്പോഴും കാലിടറി വീണു ഈ സെർബിയൻ താരം. എന്നാൽ വലിയ മത്സരങ്ങൾ ജയിക്കേണ്ടത് എങ്ങനെയെന്ന് നൊവാക് മറന്നിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു ഇന്നത്തെ വിജയം. അഞ്ച് സെറ്റുകളിൽ ലോക ഒന്നാം നമ്പർ താരമായ സാക്ഷാൽ റാഫേൽ നദാലിനെയാണ് നൊവാക് മറികടന്നത്. (സ്‌കോർ 6-4,3-6,7-6,3-6,10-8)

ഇന്നലെ കളിച്ച 3 സെറ്റുകളിൽ 2 സെറ്റുകൾ നേടിയിരുന്ന സെർബിയൻ താരത്തിന് ഫൈനൽ പ്രവേശനത്തിന് അവശേഷിക്കുന്ന 2 സെറ്റുകളിൽ ഒന്ന് മാത്രം നേടിയാൽ മതിയായിരുന്നു എന്നാൽ നാലാം സെറ്റ് നദാൽ നേടിയതോടെ മത്സരം ടൈബ്രേക്കർ ഇല്ലാത്ത അവസാന സെറ്റിലേക്ക് നീണ്ടു.

ആദ്യം സർവ്വ് ചെയ്യുന്നതിന്റെ ആനുകൂല്യം പൂർണ്ണമായും മുതലെടുത്ത നൊവാക് 10-8 എന്ന സ്കോറിന് നദാലിൽ നിന്ന് സെറ്റും മത്സരവും സ്വന്തമാക്കി എന്നുവേണം പറയാൻ. 2016 ന് ശേഷം ആദ്യമായി ഗ്രാൻഡ്സ്ലാം ഫൈനൽ കളിക്കാൻ പോകുന്ന നൊവാക് ജോക്കോവിച്ചിനെ കത്തിരിക്കുന്നത് സൗത്ത് ആഫ്രിക്കയുടെ കെവിൻ ആൻഡേഴ്‌സനാണ്‌.

ഇതിന് മുമ്പ് ഇരുവരും ഏറ്റുമുട്ടിയ 6 മത്സരങ്ങളിൽ ജോക്കോവിച്ച് 5-1 എന്ന നിലയിൽ മുന്നിട്ട് നിൽക്കുന്നുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും പുൽകോർട്ടിൽ ഫെഡററെ വീഴിത്തിയ കെവിനെ മറികടക്കുന്നത് അത്ര എളുപ്പമായിരിക്കില്ല എന്നതുറപ്പ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സെറീന കാത്തിരിക്കണം മടങ്ങി വരവിലെ കിരീടത്തിനായി, വിംബിള്‍ഡണില്‍ കെര്‍ബര്‍ ചാമ്പ്യന്‍

വിംബിള്‍ഡണ്‍ 2018 വനിത വിഭാഗം സിംഗിള്‍സ് ജേതാവായി കെര്‍ബര്‍. സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തിയാണ് ജര്‍മ്മന്‍ താരത്തിന്റെ വിജയം. 6-3, 6-3 എന്ന സ്കോറിനായിരുന്നു കെര്‍ബറുടെ വിജയം. ടൂര്‍ണ്ണമെന്റിലെ 11ാം സീഡായിരുന്നു കെര്‍ബര്‍. പ്രസവ ശേഷം കളിക്കളത്തിലേക്ക മടങ്ങിയെത്തിയ സെറീനയാവട്ടെ 25ാം സീഡായിരുന്നു.

4 തവണ കെര്‍ബര്‍ സെറീനയെ മത്സരത്തില്‍ ബ്രേക്ക് ചെയ്തിരുന്നു. സെറീനയാകട്ടെ ഒരു വട്ടം മാത്രമാണ് തിരിച്ചു ബ്രേക്ക് ചെയ്തത്. മത്സരത്തില്‍ സെറീന നാല് എയ്സും കെര്‍ബര്‍ ഒരു എയ്സുമാണ് പായിച്ചത്. 25 അണ്‍ഫോഴ്സഡ് പിഴവുകളാണ് സെറീന മത്സരത്തില്‍ വരുത്തിയത്. അതേ സമയം കെര്‍ബര്‍ 5 പിഴവുകളാണ് ഈ ഗണത്തില്‍ വരുത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആന്‍ഡേഴ്സണ്‍-ഇസ്നര്‍ പോരാട്ടം പിന്തള്ളിയത് ജോക്കോവിച്ച് – ഡെൽപോട്രോ മത്സരത്തെ

സെർവിലെ അതികായന്മാർ തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ അമേരിക്കയുടെ ജോൺ ഇസ്‌നറെ അഞ്ച് സെറ്റുകൾ നീണ്ട മാരത്തോൺ പോരാട്ടത്തിൽ മറികടന്ന് സൗത്താഫ്രിക്കയുടെ കെവിൻ ആൻഡേഴ്‌സൺ വിംബിൾഡൺ ഫൈനലിൽ സ്ഥാനം പിടിച്ചപ്പോള്‍. (സ്‌കോർ 7-6, 6-7, 6-7, 6-4, 26-24) അത് വിംബിൾഡൺ ചരിത്രത്തിലെ ഏറ്റവും നീളം കൂടിയ സെമി ഫൈനൽ ആയി മാറിയിരുന്നു.

ജോക്കോവിച്ച് – ഡെൽപോട്രോ മത്സരിച്ച നാലു മണിക്കൂർ 44 മിനിറ്റ് എന്ന പഴയ സെമി ഫൈനൽ റെക്കോർഡാണ് കെവിൻ – ഇസ്‌നർ മത്സരം മറികടന്നത്. അവസാന സെറ്റിൽ ടൈ ബ്രേക്കറുകൾ ഇല്ലെന്ന നിയമം മത്സരത്തെ എത്തിച്ചത് 26-24 എന്ന സ്കോറിനാണ് ! അഞ്ചാം സെറ്റിന് മാത്രം എടുത്ത സമയം 2 മണിക്കൂർ 55 മിനിറ്റ് !

വലിയ സർവുകൾ നിയന്ത്രിച്ച മത്സത്തിൽ ഇസ്‌നർ പായിച്ചത് 53 എയ്‌സുകൾ ആൻഡേഴ്‌സൻ അടിച്ചത് 49 ഉം. കഴിഞ്ഞ യുഎസ് ഓപ്പൺ റണ്ണറപ്പ് കൂടിയായ കെവിൻ ആൻഡേഴ്‌സൺ ഈ വിജയത്തോടെ റാങ്കിങ്ങിൽ കരിയറിൽ ആദ്യമായി നാലാം സ്ഥാനത്തേക്ക് എത്തും. രണ്ടാം സെമി വെളിച്ചക്കുറവ് മൂലം മാറ്റിവയ്ക്കുമ്പോൾ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് നൊവാക് ജോക്കോവിച്ച് റാഫേൽ നദാലിനെതിരെ ലീഡ് ചെയ്യുകയാണ്. മത്സരം ഇന്ന് പുനരാരംഭിക്കും. വനിതാ ഫൈനലിൽ ഇന്ന് സെറീന കെർബറെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആൻഡേഴ്‌സൺ = സ്പോർട്സ്മാൻഷിപ്പ്

അതിശയിപ്പിക്കുന്ന വിജയങ്ങൾക്ക് ശേഷവും അമ്പരപ്പിക്കുന്ന പെരുമാറ്റമാണ് അല്ലെങ്കിൽ സ്പോർട്സ്മാൻഷിപ്പാണ് കെവിൻ ആൻഡേഴ്‌സണെന്ന ഉയരക്കാരനെ വിംബിൾഡണിന്റെ താരമാക്കുന്നത്. ഫെഡററെ അവസാന മൂന്ന് സെറ്റുകൾ തുടർച്ചയായി നേടി തോൽപ്പിച്ച ശേഷം ‘താങ്കളുമായി കോർട്ട് പങ്കിടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ഒരുപാട് ബഹുമാനിക്കുന്നു’ എന്നുമാണ് കെവിൻ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത്.

ഇസ്‌നറുമായി ഇന്നലെ നടന്ന മാരത്തോൺ മത്സരശേഷം തന്റെ അഭിമാന വിജയത്തെ കുറിച്ച് വാചലനാവാതെ ‘ഇത്തരം സാഹചര്യങ്ങളിൽ കളിക്കേണ്ടി വരുന്നത് കഷ്ടമാണെന്നും ഇത്‌ ഒരു സമനില പോലെ ആണെന്നും ഇസ്‌നറിന്റെ തോൽവിയിൽ വിഷമമുണ്ടെന്നുമാണ്’ കെവിൻ പ്രതികരിച്ചത്. എതിരാളിയെ ബഹുമാനിക്കുക വഴി വലിയ വിജയങ്ങളിൽ എങ്ങനെ വിനയാന്വിതനാവാം അല്ലെങ്കിൽ എങ്ങനെ നല്ലൊരു മനുഷ്യനാവാം എന്നത് കൂടിയാണെന്ന് കെവിനെ പോലുള്ളവർ നമ്മളെ പഠിപ്പിക്കുന്നത്, അത് തന്നെയാണ് സ്പോർട്സിന്റെ സൗന്ദര്യവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാരത്തണിനൊടുവില്‍ ആന്‍ഡേര്‍സണ്‍, പൊരുതി വീണ് ഇസ്നര്‍

വിംബിള്‍ഡണ്‍ സെമി ഫൈനലുകളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരം. വിംബിള്‍ഡണ്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാം മത്സരം. ഒട്ടനവധി റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെട്ട മത്സരത്തില്‍ മാരത്തണ്‍ പോരാട്ടത്തിനൊടുവില്‍ വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേര്‍സണ്‍. തന്റെ രണ്ടാം ഗ്രാന്‍ഡ്സ്ലാം ഫൈനലിലേക്കും വിംബിള്‍ഡണിലെ ആദ്യ ഫൈനലിനുമുള്ള അര്‍ഹതയാണ് ആന്‍ഡേര്‍സണ്‍ ഇന്ന് അമേരിക്കന്‍ താരം ജോണ്‍ ഇസ്നറെ കീഴടക്കി സ്വന്തമാക്കിയത്. സ്കോര്‍: 7-6, 6-7, 6-7, 6-4, 26-24.

ആദ്യ മൂന്ന് സെറ്റുകളും ടൈബ്രേക്കറില്‍ കടന്നപ്പോള്‍ ആദ്യ സെറ്റ് കെവിന്‍ സ്വന്തമാക്കിയെങ്കിലും പിന്നീടുള്ള രണ്ട് സെറ്റുകളും ഇസ്നര്‍ക്കൊപ്പമാണ് പോയത്. രണ്ട് സെറ്റുകള്‍ക്ക് പിന്നില്‍ പോയ ശേഷമാണ് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് ആന്‍ഡേര്‍സണ്‍ നടത്തിയത്. അവസാന സെറ്റില്‍ ഇരു താരങ്ങളും ബ്രേക്കിനായി കിണഞ്ഞു പരിശ്രമിച്ചപ്പോള്‍ മത്സരം നീണ്ട് നീണ്ട് പോകുകയായിരുന്നു.

അവസാന സെറ്റില്‍ 26-24 എന്ന സ്കോറിനു ദക്ഷിണാഫ്രിക്കന്‍ താരം മത്സരം സ്വന്തമാക്കുമ്പോള്‍ 6 മണിക്കൂറും 35 മിനുട്ടുമാണ് മത്സരം പിന്നിട്ടത്. നൂറിലധികം എയ്സുകള്‍ പിറന്ന മത്സരത്തില്‍ 53 എയ്സുമായി ഇസ്നര്‍ ആയിരുന്നു മുന്നില്‍. ആന്‍ഡേര്‍സണ്‍ 49 എയ്സുകള്‍ പായിച്ചു. ഇസ്നര്‍ 6 ഡബിള്‍ ഫോള്‍ട്ട് വരുത്തിയപ്പോള്‍ 4 എണ്ണം ആന്‍ഡേര്‍സണിന്റെ അക്കൗണ്ടില്‍ രേഖപ്പെടുത്തി.

നൊവാക് ജോക്കാവിച്ച്-റാഫേല്‍ നദാല്‍ പോരാട്ടത്തിലെ വിജയികളെയാവും ആന്‍‍ഡേര്‍സണ്‍ ഫൈനലില്‍ നേരിടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കെർബർ ഫൈനലിൽ

മുൻ ഒന്നാം നമ്പർ താരവും, 2016 ലെ റണ്ണറപ്പുമായ കെർബർ വിംബിൾഡൺ വനിതാ ടെന്നീസിന്റെ ഫൈനലിൽ പ്രവേശിച്ചു. പതിനൊന്നാം സീഡായ കെർബർ പന്ത്രണ്ടാം സീഡായ ഒസ്റ്റാപെങ്കൊയ്ക്കെതിരെ ആധികാരികമായ വിജയത്തോടെയാണ് ഫൈനലിൽ ഇടം നേടിയത്. സ്‌കോർ 6-3, 6-3. ഈ വർഷം നടന്ന ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സെമി ഫൈനലിലും ഫ്രഞ്ച് ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിലും കെർബർ ഇടം നേടിയിരുന്നു. സെറീന വില്ല്യംസുമായി 2016 ഫൈനലിൽ തോറ്റ കെർബർക്ക് ഇതൊരു മധുര പ്രതികാരത്തിനുള്ള അവസരം കൂടിയാണ്. ഇന്ന് നടക്കാനിരിക്കുന്ന രണ്ടാം സെമിഫൈനലിൽ സെറീന ജയിച്ചാൽ മാത്രം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡെല്‍ പോട്രോയുടെ സമ്മര്‍ദ്ദത്തെ അതിജീവിച്ച് നദാല്‍ സെമിയിലേക്ക്

വിംബിള്‍ഡണ്‍ 2018ന്റെ പടികള്‍ റോജര്‍ ഫെഡറര്‍ പടിയിറങ്ങിയെങ്കിലും ഡെല്‍ പോട്രോയുടെ സമ്മര്‍ദ്ദത്തെ അതിജീവിച്ച് നദാല്‍ സെമിയിലേക്ക്. 33 എയ്സുകള്‍ പായിച്ച അര്‍ജന്റീന താരത്തിനെതിരെ അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവിലാണ് രണ്ടാം സീഡ് നദാലിന്റെ വിജയം. ആദ്യ സെറ്റ് നദാല്‍ വിജയിച്ചപ്പോള്‍ പിന്നീടുള്ള രണ്ട് സെറ്റുകളും നേടി നദാലിനെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു.

4 മണിക്കൂര്‍ 47 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ 7-5, 6-7, 4-6, 6-4, 6-4 എന്ന സ്കോറിനായിരുന്നു അഞ്ചാം സീഡ് ഡെല്‍ പോട്രോയ്ക്കെതിരെ വിജയം റാഫേല്‍ നദാല്‍ സ്വന്തമാക്കിയത്. സെമിയില്‍ ജോക്കാവിച്ച് ആണ് നദാലിന്റെ എതിരാളി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാച്ച് പോയിന്റ് സേവ് ചെയ്ത് ഫെഡറര്‍ക്ക് മടക്ക ടിക്കറ്റ് നല്‍കി കെവിന്‍ ആന്‍ഡേര്‍സണ്‍

വിംബിള്‍ഡണ്‍ നിലവിലെ ചാമ്പ്യനായ റോജര്‍ ഫെഡറര്‍ക്ക് തോല്‍വി സമ്മാനിച്ച് ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്സണ്‍. അഞ്ച് സെറ്റ് ത്രില്ലറിനൊടുില്‍ ജയം കെവിന്‍ സ്വന്തമാക്കുമ്പോള്‍ നാല് മണിക്കൂറിലധികം മത്സരം പിന്നിട്ടിരുന്നു. ദക്ഷിണാഫ്രിക്കയുടെ എട്ടാം സീഡ് കെവിന്‍ ആന്‍ഡേഴ്സണാണ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററെ അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിപ്പിച്ചത്. ഇത് മൂന്നാം തവണയാണ് ആദ്യ രണ്ട് സെറ്റുകള്‍ സ്വന്തമാക്കിയ ശേഷം ഫെഡറര്‍ മത്സരം കൈവിടുന്നത്.

ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ആദ്യ സെറ്റ് 6-2 എന്ന സ്കോറിനു റോജര്‍ ഫെഡറര്‍ അനായാസം സ്വന്തമാക്കിയെങ്കിലും പിന്നീട് കണ്ടത് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമായിരുന്നു. ആദ്യ രണ്ട് സെറ്റ് ഫെഡറര്‍ ജയിച്ചപ്പോള്‍ അടുത്ത രണ്ട സെറ്റും ജയിച്ച് ആന്‍ഡേര്‍സണ്‍ മത്സരം ആവേശകരമാക്കി.

മൂന്നാം സെറ്റില്‍ ഒരു മാച്ച് പോയിന്റ് രക്ഷിച്ച കെവിന്‍ സെറ്റ് 7-5നു സ്വന്തമാക്കി. തൊട്ടടുത്ത സെറ്റും കെവിന്‍ 6-4 എന്ന സ്കോറിനു സ്വന്തമാക്കി. നിര്‍ണ്ണായകമായ അവസാന സെറ്റില്‍ ഇരു താരങ്ങളും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയെങ്കിലും അന്തിമ ജയം 13-11 എന്ന സ്കോറിനു കെവിന്‍ സ്വന്തമാക്കി.

2-6, 6-7, 7-5, 6-4, 13-11 എന്ന സ്കോറിനായിരുന്നു കെവിന്റെ വിജയം.

മാച്ച് പോയിന്റ് സേവ് ചെയ്യുകയും സ്വന്തം സർവ്വിൽ ലഭിച്ച ആദ്യ മാച്ച് പോയിന്റ് തന്നെ പാഴാക്കാതെയാണ് കെവിൻ ജയിച്ചു കയറിയത്. മത്സരത്തില്‍ 28 എയ്സുകള്‍ കെവിന്‍ പായിച്ചപ്പോള്‍ ഫെഡററുടെ വക 16 എയ്സുകള്‍ മത്സരത്തില്‍ പിറന്നു. 3 ഡബിള്‍ ഫോള്‍ട്ടുകള്‍ കെവിന്‍ ആന്‍ഡേര്‍സണിന്റെ ഭാഗത്ത് നിന്ന് വന്നപ്പോള്‍ ഫെഡററര്‍ ഒരു വട്ടമാണ് ഡബിള്‍ ഫോള്‍ട്ട് വരുത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മൈക്ക് ബ്രയാൻ പ്രായം കൂടിയ നമ്പർ വൺ

ബ്രയാൻ സഹോദരന്മാരിലെ മൈക്ക് ബ്രയാൻ ടെന്നീസ് ഡബിൾസ് റാങ്കിങ്ങിൽ ഒന്നാമതെത്തി. ഇതോടെ ഏറ്റവും പ്രായം കൂടിയ ഒന്നാം നമ്പർ താരമെന്ന റെക്കോർഡും മൈക്ക് തന്റെ പേരിലാക്കി. സഹോദരൻ ബോബ് ബ്രയാൻ ഇടുപ്പിലെ പരിക്ക് മൂലം കളിക്കാത്തതിനാൽ ആദ്യമായി വേറെ പങ്കാളിയെ കൂട്ടിയാണ് മൈക്ക് വിംബിൾഡണിൽ മത്സരിക്കുന്നത്.

അമേരിക്കൻ താരമായ ജാക്ക് സോക്കാണ് മൈക്കിന്റെ പങ്കാളി. ഇന്തോ ഓസ്‌ട്രേലിയൻ ജോഡിയായ ശരൺ-സിടാക്‌ സഖ്യത്തെ തോൽപ്പിച്ച് സെമിയിൽ എത്തിയതോടെയാണ് മൈക്ക് ഒന്നാം സ്ഥാനം തന്റെ പേരിലാക്കിയത്. 2012 ൽ നാല്പത് വയസ്സും അഞ്ച് ദിവസവും ഉള്ളപ്പോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഡാനിയൽ നെസ്റ്ററിന്റെ പേരിലുള്ള റെക്കോർഡാണ് 40 വയസ്സും 78 ദിവസവും പ്രായമുള്ള മൈക്ക് തിരുത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിംബിൾഡൺ: വനിതാ സെമി ലൈനപ്പായി

വിംബിൾഡൻ വനിതാ വിഭാഗത്തിൽ സെമി ലൈനപ്പ് പൂർത്തിയായി. 7 തവണ ചാമ്പ്യനും, ഏറ്റവും അധികം ഗ്രാൻഡ്സ്ലാം എന്ന മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിനോട് അടുക്കുന്ന സെറീന വില്ല്യംസ് സെമിയിൽ കടന്നിട്ടുണ്ട്. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു സെറീനയുടെ തിരിച്ച് വരവ്. സ്‌കോർ 3-6, 6-3, 6-4. നിലവിൽ 23 ഗ്രാൻഡ്സ്ലാം വിജയങ്ങളാണ് സെറീനയുടെ പേരിൽ ഉള്ളത്. മറ്റു മത്സരങ്ങളിൽ പഴയ ഫോമിലേക്ക് ഉയർന്ന മുൻ ഒന്നാം നമ്പർ താരം കെർബർ, ജോർജസ്, ഒസ്റ്റാപെങ്കൊ എന്നിവർ സെമി ഫൈനലിലേക്ക് പ്രവേശിച്ചു. ഒസ്റ്റാപെങ്കൊ കെർബറേയും, സെറീന ജോർജസിനെയുമാണ് സെമിയിൽ നേരിടുക. വ്യാഴാഴ്ചയാണ് മത്സരങ്ങൾ.

പൂർത്തിയാകാതിരുന്ന ഏക പുരുഷ പ്രീക്വാർട്ടർ മത്സരത്തിൽ അർജന്റീനയുടെ ഡെൽപോട്രോ ഫ്രാൻസിന്റെ സിമോണിനെ തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിൽ കടന്നു. ഡബിൾസ് വിഭാഗത്തിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന ശരൺ സിടാക് സഖ്യം ക്വാർട്ടർ ഫൈനലിൽ വീണു. കഴിഞ്ഞ മത്സരത്തേത് പോലെ ആദ്യ രണ്ട് സെറ്റുകൾ അടിയറ വച്ച് മൂന്നാം സെറ്റ് സ്വന്തമാക്കി തിരിച്ചു വരുമെന്ന് തോന്നിപ്പിച്ചെങ്കിലും നാലാം സെറ്റിൽ പിഴച്ചതോടെ ഇന്തോ-ഓസ്‌ട്രേലിയൻ ജോഡി പുറത്തായി. ഇന്ന് നടക്കുന്ന പുരുഷ ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ റോജർ ഫെഡറർ ആൻഡേഴ്‌സണെയും, നദാൽ ഡെൽപോട്രോയെയും, ജോക്കോവിച്ച് നിഷിക്കോരിയെയും, റയോനിച്ച് ഇസ്‌നറെയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫെഡറർ, നദാൽ ക്വാർട്ടറിൽ

വനിതാ പ്രീക്വാർട്ടർ മത്സരങ്ങളിൽ ആദ്യ പത്തിലെ അവശേഷിച്ചിരുന്ന ഏക സീഡായ പ്ലിസ്‌കോവയും വീണപ്പോൾ പുരുഷന്മാരിൽ മുൻ നിര താരങ്ങൾ പരിക്കില്ലാതെ ജയിച്ചു കയറി. ഒന്നാം സീഡ് ഫെഡറർ മന്നാറിനോയ്ക്കെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായി വിജയം നേടിയപ്പോൾ ഏറെക്കാലത്തിന് ശേഷം പുൽകോർട്ടിൽ ഫോം കണ്ടെത്തിയ നദാൽ സീഡ് ചെയ്യപ്പെടാത്ത വെസ്‌ലിക്കെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് വിജയിച്ചു.

മറ്റു മത്സരങ്ങളിൽ നൊവാക് ജോക്കോവിച്ച്, റയോനിച്ച്, കെവിൻ ആൻഡേഴ്‌സൺ, ജോൺ ഇസ്‌നർ, നിഷിക്കോരി എന്നിവർ വിജയത്തോടെ ക്വാർട്ടർ ഉറപ്പാക്കി. ഡെൽപോട്രോ×സിമോൺ മത്സരം മഴ മൂലം ഇന്നേക്ക് മാറ്റിവച്ചു. ഇതുവരെ കളിച്ച മൂന്ന് സെറ്റുകളിൽ ഡെൽപോട്രോ 2-1 എന്ന സ്കോറിന് ലീഡ് ചെയ്യുമ്പോഴാണ് മഴ എത്തിയത്.

വനിതകളിൽ ഏഴുത്തവണ ചാമ്പ്യനായ സെറീന വില്ല്യംസ്, മുൻ ഒന്നാം നമ്പർ കെർബർ, ഒസ്റ്റാപെങ്കൊ, കസാറ്റ്കിന, സിബുൽക്കോവ, ജോർജസ്, ജ്യോർഗി, ബ്രിട്ടൻസ് എന്നിവർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിംബിൾഡൺ ഫൈനൽ മാറ്റിവയ്ക്കില്ല

ഇംഗ്ലണ്ട് ദേശീയ ടീം ഫൈനലിൽ എത്തിയാലും വിംബിൾഡണിലെ പുരുഷ ഫൈനൽ മത്സരം മാറ്റിവയ്ക്കില്ലെന്ന് അധികൃതർ അറിയിച്ചു. ബ്രിട്ടീഷ് സമയം ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് പുരുഷ ഫൈനലിന്റെ സമയം നിശ്ചയിച്ചിരിക്കുന്നത്. ഏതാണ്ട് രണ്ട് മണിക്കൂറിന് ശേഷം ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ മത്സരവും നടക്കും. സാധാരണ പുരുഷ ഫൈനലുകൾ മൂന്നും നാലും മണിക്കൂറുകൾ സമയത്തോളം നടക്കാറുണ്ട് എന്നതിനാൽ തന്നെ വേൾഡ്കപ്പ് ഫുട്‌ബോളിന്റെ ഫൈനൽ വിംബിൾഡൺ കാണാൻ വരുന്നവർക്ക് കാണാൻ സാധിക്കാതെ വന്നേക്കും.

1966 ൽ ചാമ്പ്യന്മാരായ ശേഷം ഒരിക്കൽ കൂടെ ജയിക്കാനുള്ള സുവർണ്ണാവസരമാണ് ഇംഗ്ലണ്ട് ഫുട്‌ബോൾ ടീമിന് ഇത്തവണത്തെ റഷ്യൻ വേൾഡ്കപ്പ്. ടിക്കറ്റുകൾ ഇതിനകം തന്നെ വിറ്റു പോയെന്നും ഒരാൾ പോലും ഇതിന്റെ പേരിൽ ഒരു പരാതി പോലും ഉന്നയിച്ചിട്ടില്ല എന്നതും വേണം എന്നുള്ളവർക്ക് ഫ്രീവൈഫൈയിൽ ശബ്ദമില്ലാതെ മത്സരം ആസ്വദിക്കാവുന്നതാണെന്നും ഓൾ ഇംഗ്ലണ്ട് ടെന്നീസ് ക്ലബിന്റെ തലവൻ റിച്ചാർഡ് ലൂയിസ്‌ മാധ്യമങ്ങളോട് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version