ആന്റി മുറെ വിംബിൾഡൺ കളിക്കും സെറീന വില്യംസിനൊപ്പം

ഈ കാലഘട്ടത്തിൽ പിറന്നത് കൊണ്ട് മാത്രം രണ്ടു വിംബിൾഡൺ വിജയങ്ങൾ കൊണ്ട് ഒതുങ്ങി പോയൊരു പേരുണ്ട്, ടെന്നീസ് കളത്തിലെ നിർഭാഗ്യവാനെന്നോ മറ്റോ നമുക്ക് വിളിക്കാവുന്ന ബ്രിട്ടന്റെ സ്‌കോട്ട്‌ലൻഡിന്റെ അഭിമാനം ആന്റി മുറെ. 7 പതിറ്റാണ്ടുകൾക്കിപ്പുറം ആദ്യമായി ഒരു ബ്രിട്ടീഷ്കാരൻ വിംബിൾഡൺ ഉയർത്തിയത് ആ മനുഷ്യനിലൂടെയായിരുന്നു. ഫെഡറർ, നദാൽ, ദ്യോക്കോവിച്ച് എന്നീ അതിമാനുഷ്കർ കളിച്ച കാലഘട്ടത്തിൽ കളിച്ചത് കൊണ്ട് മാത്രം അർഹിച്ച ബഹുമാനം ഒരിക്കലും ലഭിക്കാതെ പോയൊരു വലിയ പാവം പച്ച മനുഷ്യൻ. ബിഗ് 4 എന്ന് പറയുമ്പോൾ തന്നെ താനും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം അയാൾക്കും ലോകത്തിനും നല്ല ബോധ്യമുണ്ടായിരുന്നു. മറ്റൊരു യുഗത്തിൽ അയ്യാൾ ചിലപ്പോൾ ടെന്നീസ് ലോകം വാണേനെ.

കഴിഞ്ഞ ഓസ്‌ട്രേലിയൻ ഓപ്പണിൽ അയ്യാൾ ടെന്നീസ് കളിക്കാൻ തന്റെ ശരീരം അനുവദിക്കുന്നില്ലെന്നു നിസംഗതയോടെയാണ് പറഞ്ഞത്. എങ്കിലും തന്റെ സ്വന്തം മണ്ണിൽ കളിച്ച് വിരമിക്കണം എന്ന ആഗ്രഹം മുറെ തുറന്നു തന്നെ പറഞ്ഞു. അന്ന് മുതലെ സിംഗിൾസ് കളിക്കില്ലെങ്കിലും ഉറപ്പായും ഡബിൾസിൽ ഒരു വിടവാങ്ങൽ മത്സരത്തിനായി മുറെ വിംബിൾഡനിൽ എത്തുമെന്ന് ഉറപ്പായിരുന്നു. ഇപ്പോയിത മിക്‌സിഡ്‌ ഡബിൾസിൽ മുറെ കളിക്കും എന്ന വാർത്ത മുറെയുടെ ടീം സ്ഥിരീകരിച്ചിരിക്കുന്നു. പങ്കാളി സാക്ഷാൽ സെറീന വില്യംസ്‌.

എത്രത്തോളം സെറീനയും മുറെയും മുന്നോട്ട് പോകും എന്ന്, കടുത്ത മത്സരങ്ങൾ എങ്ങനെ മറികടക്കും എന്നു, മുറെ തന്റെ ശാരീരിക ക്ഷമത എങ്ങനെ വീണ്ടെടുക്കും എന്നു നമുക്ക് കാത്തിരുന്നു കാണാം. അതേ ഒരിക്കൽ കൂടി തന്റെ നാട്ടുകാർക്ക് മുന്നിൽ, തന്റെ അമ്മക്ക് മുന്നിൽ ആന്റി മുറെ വിംബിൾഡൺ ഉയർത്തട്ടെ, അങ്ങനെ തന്നെ ആ മനുഷ്യൻ ടെന്നീസ് കളത്തിനോട് വിട പറയട്ടെ എന്തെന്നാൽ അത്രയെങ്കിലും ആന്റി മുറെ എന്ന മനുഷ്യൻ അർഹിക്കുന്നുണ്ട് എന്നതാണ് സത്യം.

Previous articleവീണു കിട്ടിയ പെനാൾട്ടി കളഞ്ഞ് ഇംഗ്ലണ്ട്, അമേരിക്ക വീണ്ടും ലോകകപ്പ് ഫൈനലിൽ
Next articleനീന്താൻ ഇറങ്ങിയ സ്വിസ് ദേശീയ ഫുട്ബോൾ താരം ഇസ്മായിലിയുടെ മരണം സ്ഥിതീകരിച്ചു