വിംബിൾഡൺ: മറെ, നദാൽ, വില്ല്യംസ് മുന്നോട്ട്

- Advertisement -

വിംബിൾഡണിലെ നാലാം ദിനം വലിയ അട്ടിമറികൾ ഇല്ലാതെ കടന്നു പോയി. പ്രമുഖ താരങ്ങളായ റാഫേൽ നദാൽ, നിലവിലെ ചാമ്പ്യനും ഒന്നാം സീഡുമായ മറെ, മുൻ വെറ്ററൻ ചാമ്പ്യൻ വീനസ് വില്ല്യംസ്, സിമോണ ഹാലെപ്, കോണ്ട, സ്വിറ്റോലിന എന്നിവർ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ഫ്രഞ്ച് ഓപ്പണിൽ മിന്നുന്ന ഫോം തുടരുന്ന നദാൽ അമേരിക്കയുടെ യങ്ങിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് മൂന്നാം റൗണ്ടിൽ പ്രവേശിച്ചത്. സ്‌കോർ (6-2, 6-4, 7-5). 2011 ന് ശേഷം ഇത് രണ്ടാം തവണ മാത്രമാണ് നദാൽ വിംബിൾഡണിൽ മൂന്നാം റൗണ്ടിൽകടക്കുന്നത്. ബ്രിട്ടന്റെ ആന്റി മറെ ജർമ്മനിയുടെ ഡസ്റ്റിൻ ബ്രൗണിനെ അനായാസം കീഴടക്കി മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. മരിയൻ സിലിച്ച്, സോങ്ങ, നിഷിക്കോരി മുതലായ പ്രമുഖരും മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

പുരുഷ ഡബിൾസിൽ ഇന്ത്യയുടെ ജീവൻ അംഗമായ സഖ്യം ആദ്യ റൗണ്ടിൽ പുറത്തായപ്പോൾ പേസ് ഭൂപതി സഖ്യത്തിന് ശേഷം ടെന്നീസ് പ്രേമികൾ ഉറ്റുനോക്കുന്ന സമ്പൂർണ്ണ ഇന്ത്യൻ ജോഡികളായ രാജ-ശരൺ സഖ്യം രണ്ടാം റൗണ്ടിൽ കടന്നു. വനിതാ ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ സഖ്യവും രണ്ടാം റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്.

വനിതകളിൽ മുൻ ചാമ്പ്യൻ വീനസ് മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ ചൈനയുടെ വാങ്ങിനെ തോൽപ്പിച്ചപ്പോൾ ഹാലെപ് ബ്രസീലിന്റെ ഹദാദ് മായെ തോൽപ്പിച്ചാണ് മൂന്നാം റൗണ്ടിൽ കടന്നത്. ആറാം സീഡ് കോണ്ട മൂന്നു സീറ്റുകൾ നീണ്ട പോരാട്ടത്തിൽ ക്രൊയേഷ്യയുടെ വെകിച്ചിനെ കഷ്ടിച്ച് മറികടന്നപ്പോൾ സ്‌പെയിനിന്റെ നുവാരോ രണ്ടാം റൗണ്ടിൽ തോറ്റു പുറത്തായി. സീഡ് ചെയ്യപ്പെടാത്ത ചൈനയുടെ പെങ് ആണ് നവാരോയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തത്. വനിതകളിൽ സിബുൽക്കോവ, അസരങ്ക, ഒസ്റ്റാപെങ്കോ എന്നിവരും മൂന്നാം റൗണ്ടിലേക്ക് ടിക്കറ്റ് നേടിയിട്ടുണ്ട്. ഇത്തവണത്തെ വിംബിൾഡണിൽ ചൈനയുടെയും, ജപ്പാന്റേയും താരങ്ങൾ നേടുന്ന വിജയങ്ങൾ ശ്രദ്ധേയമാണ്. സെറീന പങ്കെടുക്കാത്തത് കൊണ്ട് തന്നെ ലി നാ ക്ക് ശേഷം ഒരു ഏഷ്യൻ ചാമ്പ്യൻ എന്ന വളരെ വിദൂരമായ സാധ്യതയും തള്ളിക്കളയാൻ പറ്റില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement