Picsart 23 07 12 23 02 55 234

ക്രിസ്റ്റഫർ ഉബാങ്ക്സിന്റെ സ്വപ്നകുതിപ്പ് അവസാനിപ്പിച്ചു ഡാനിൽ മെദ്വദേവ് വിംബിൾഡൺ സെമിഫൈനലിൽ

സിറ്റിപാസിനെ അടക്കം വമ്പൻ താരങ്ങളെ അട്ടിമറിച്ചു വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ എത്തിയ സീഡ് ചെയ്യാത്ത അമേരിക്കൻ താരം ക്രിസ്റ്റഫർ ഉബാങ്ക്സിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചു റഷ്യയുടെ മൂന്നാം സീഡ് ഡാനിൽ മെദ്വദേവ് സെമിഫൈനലിൽ. 5 സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ മൂന്നു സെറ്റുകൾക്ക് ശേഷം 2-1 നു പിന്നിൽ നിന്ന ശേഷം തിരിച്ചു വന്നാണ് മെദ്വദേവ് കരിയറിലെ ആദ്യ വിംബിൾഡൺ സെമിഫൈനൽ ഉറപ്പിച്ചത്.

17 ഏസുകൾ ഉതിർത്ത അമേരിക്കൻ താരത്തിന് എതിരെ 28 ഏസുകൾ ആണ് റഷ്യൻ താരം ഉതിർത്തത്. ആദ്യ സെറ്റിൽ തുടക്കത്തിൽ തന്നെ ബ്രേക്ക് കണ്ടത്തിയ മെദ്വദേവ് എളുപ്പമുള്ള മത്സരം പ്രതീക്ഷിച്ചു എങ്കിലും തുടർന്ന് നടന്നത് അതല്ല. 6-4 നു ആദ്യ സെറ്റ് നേടിയ മെദ്വദേവിനു എതിരെ രണ്ടാം സെറ്റിൽ ഇരട്ട ബ്രേക്കുകൾ കണ്ടത്തിയ ഉബാങ്ക്സ് 6-1 നു സെറ്റ് നേടി മത്സരത്തിൽ ഒപ്പം എത്തി. തുടർന്ന് മൂന്നാം സെറ്റിൽ നിർണായക ബ്രേക്ക് നേടിയ ഉബാങ്ക്സ് 6-4 നു സെറ്റ് നേടി ജയത്തിനു ഒരു സെറ്റ് മാത്രം അകലെയെത്തി.

കടുത്ത പോരാട്ടം കണ്ട നാലാം സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. എന്നാൽ ടൈബ്രേക്കറിൽ സെറ്റ് നേടിയ മെദ്വദേവിനു പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അഞ്ചാം സെറ്റിൽ അതുഗ്രൻ ടെന്നീസ് പുറത്ത് എടുത്ത താരം സെറ്റ് 6-1 നു നേടി കരിയറിലെ ആദ്യ വിംബിൾഡൺ സെമിഫൈനൽ ഉറപ്പിച്ചു. പരാജയപ്പെട്ടു എങ്കിലും തീർത്തും അവിസ്മരണീയമായ ഒരു ഗ്രാന്റ് സ്ലാം പ്രകടനം ആണ് അമേരിക്കൻ താരത്തിൽ നിന്നു ഇത്തവണ ഉണ്ടായത്.

Exit mobile version