അവിസ്മരണീയം ഹാലപ്പ്! സെറീനയെ തകർത്തു വിംബിൾഡൺ കിരീടം നേടുന്ന ആദ്യ റൊമാനിയൻ താരമായി

എന്തായിരുന്നു ആ പ്രകടനം. വിംബിൾഡൺ ഫൈനൽ കളിക്കുന്ന ആദ്യ റൊമാനിയൻ വനിത താരമായിരുന്നു അവർ. കളിക്കുന്നതോ സാക്ഷാൽ സെറീന വില്യംസിനെതിരെ. മാർഗരറ്റ് കോർട്ടിന്റെ 24 ഗ്രാന്റ്‌ സ്‌ലാം കിരീടങ്ങൾ എന്ന ചരിത്രനേട്ടം പിന്തുടർന്ന, 8 മത്തെ വിംബിൾഡൺ കിരീടം ലക്ഷ്യമിടുന്ന സെറീന വില്യംസിനെ പക്ഷെ റൊമാനിയയുടെ രാജകുമാരി നിലം തൊടീച്ചില്ല. ചരിത്രത്തിലെ എക്കാലത്തെയും മഹത്തായ വനിത ടെന്നീസ് താരത്തിനു തന്റെ കരിയറിലെ ഏറ്റവും മികച്ച ടെന്നീസ് ആണ് ഹാലപ്പ് പുറത്ത് എടുത്തത്. തന്റെ പ്രതിരോധം കുറ്റമറ്റതാക്കിയ ഹാലപ്പ് മത്സരത്തിൽ സെറീനക്കു ശ്വാസം വിടാൻ പോലും അവസരം നൽകിയില്ല എന്നു തന്നെ പറയാം. സെറീനക്കുള്ള സകല പഴുതും അടച്ച് കളം നിറഞ്ഞു കളിച്ച ഹാലപ്പ് ചരിത്രത്തിൽ ആദ്യമായി വിംബിൾഡൺ കിരീടം ഉയർത്തുന്ന റൊമാനിയൻ താരമായി. ഫൈനലിൽ വിംബിൾഡൺ ചരിത്രം തന്നെ കണ്ട ഏറ്റവും ദൈർഘ്യം കുറഞ്ഞ മത്സരമായി വെറും ഒരു മണിക്കൂറിൽ തീർന്ന ഈ മത്സരം. ഹാലപ്പിന്റെ വെറും രണ്ടാം ഗ്രാന്റ്‌ സ്‌ലാം ആണ് ഇത്.

ചരിത്രനേട്ടം ലക്ഷ്യമിട്ട് കളത്തിൽ ഇറങ്ങിയ സെറീന വില്യംസിന്റെ ആദ്യ രണ്ട് സർവീസുകളും ആദ്യ സെറ്റിൽ ബ്രൈക്ക് ചെയ്ത ഹാലപ്പ് മികച്ച പോരാട്ടം പ്രതീക്ഷിച്ച് എത്തിയ വിംബിൾഡൺ കാണികളെ അമ്പരപ്പിച്ചാണ് മത്സരം തുടങ്ങിയത്. 11 സീഡ് താരമായ സെറീനക്കും 7 സീഡായ സെറീനക്കു അത്ര നല്ല വർഷം അല്ലായിരുന്നു ഇത് എന്നതിനാലും വർഷം വളരെ കുറവ് മത്സരമേ ഇരു താരങ്ങളും ഈ വർഷം കളിച്ചത് എന്നതിനാലും ഏതാണ്ട്‌ തുല്യ സാധ്യതകൾ ആയിരുന്നു ഇരുവർക്കും കല്പിച്ചത്. എന്നാൽ ഹാലപ്പിന്റെ സ്വപ്ന ടെന്നീസിന് മുന്നിൽ നിഷ്പ്രഭമായ സെറീന പിഴവുകൾ കൂടി ആവർത്തിച്ചപ്പോൾ വെറും 26 മിനിറ്റു മാത്രമേ ആദ്യ സെറ്റ് നീണ്ടു നിന്നുള്ളൂ. 6-2 നു റൊമാനിയൻ താരം സെറ്റ് കൈക്കലാക്കി.

രണ്ടാം സെറ്റിന്റെ തുടക്കത്തിൽ തന്റെ പോരാട്ടവീര്യവുമായി സെറീന തിരിച്ച് വന്നേക്കും എന്ന സൂചന നൽകിയെങ്കിലും സെറീനയുടെ മൂന്നാം സർവീസ് ബ്രൈക്ക് ചെയ്ത ഹാലപ്പ് തന്റെ അസാമാന്യ പ്രകടനം ആവർത്തിച്ചു. 24 ലധികം അൺ ഫോസ്ഡ് പിഴവുകൾ വരുത്താൻ സെറീനയെ നിർബന്ധിതയാക്കിയ ഹാലപ്പ് സെറീനക്കു പൊരുതാൻ പോലും അവസരം നൽകിയില്ല എന്നതാണ് വാസ്തവം. വെറും 1 മണിക്കൂറിൽ താഴെ നീണ്ട മത്സരത്തിൽ ആദ്യ സെറ്റിൽ എന്ന പോലെ രണ്ടാം സെറ്റും 6-2 നു സ്വന്തമാക്കി ഹാലപ്പ് ചരിത്രമെഴുതി. സെറീനക്കു ചരിത്രനേട്ടം കൈവരിക്കാൻ ഇനിയും കാത്തിരിക്കണം എന്നർത്ഥം.

കിരീടം ഉയർത്തി തന്റെ മുഴുവൻ സന്തോഷവും പ്രകടിപ്പിച്ചു ഹാലപ്പ്. എന്നാൽ തോൽവിയിൽ വലിയ ദുഃഖമൊന്നും മുഖത്ത് കാണിച്ചില്ല സെറീന. ഹാലപ്പിന്റെ അസാമാന്യ പ്രകടത്തിലും കിരീട നേട്ടത്തിലും അഭിനന്ദനങ്ങൾ നേരാനും സെറീന മത്സരശേഷം മറന്നില്ല. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ആണെന്ന് ഇതെന്ന് പറഞ്ഞ സിമോണ ഹാലപ്പ്, താൻ ഇത്രയും നന്നായി ഒരിക്കലും കളിച്ചിട്ടില്ല എന്നാണ് മത്സരശേഷം പ്രതികരിച്ചത്. വിംബിൾഡൺ കിരീടനേട്ടത്തോടെ താൻ സഫലമാക്കിയത് തന്റെ അമ്മയുടെ സ്വപ്നമാണെന്നും കൂട്ടി ചേർത്തു ഹാലപ്പ്. മുമ്പ് ഫ്രഞ്ച് ഓപ്പൺ കിരീടവും ഉയർത്തിയ ഹാലപ്പിന്റെ കരിയറിലെ രണ്ടാമത്തെ മാത്രം ഗ്രാന്റ്‌ സ്‌ലാം നേട്ടമാണ് ഇത്.