പ്രായം തളര്‍ത്താതെ ഫെഡററും ഹിംഗിസും

നീണ്ട കാലത്തെ വേർപ്പിരിയലിന് ശേഷം റോജർ ഫെഡറർ വിംബിൾഡൺ പുൽകോർട്ടുമായുള്ള പ്രണയം ഒരിക്കൽ കൂടെ പുതുക്കി. തന്റെ പ്രിയപ്പെട്ട താരത്തിനൊപ്പം പങ്കിട്ടിരുന്ന 7 കിരീടങ്ങൾ എന്ന സർവ്വകാല റെക്കോർഡ് സ്വന്തം പേരിൽ മാത്രമായി എഴുതി ചേർത്തു. പുൽക്കോർട്ടിലെ പതിനൊന്നാം ഫൈനലിൽ എട്ടാം കിരീടം. അതും ടൂര്ണ്ണമെന്റിലുടനീളം ഒരു സെറ്റ് പോലും എതിരാളികൾക്ക് വിട്ടു നൽകാതെ. ഫെഡററെ സംബന്ധിച്ചിടത്തോളം സ്വന്തം പ്രായം കുറയുകയും സ്ളാമുകളുടെ എണ്ണത്തിന് മാത്രം വയസ്സാവുകയുമാണ്. ഒന്ന് കൂടെ നേടിയാൽ സ്ളാമുകളുടെ എണ്ണത്തിൽ ‘ടീനേജെന്നതും’ പിന്നിടും. നിലവിലെ ഫോം കണക്കിലെടുത്താൽ ഫെഡറർക്ക് ഒന്നും അസാധ്യമല്ല താനും. വർഷാവസാനത്തെ യുഎസ് ഓപ്പൺ നേടി ഫെഡറർ 20 അടിയ്ക്കുമോ എന്നത് കാത്തിരുന്ന് കാണാം.

ടൂർണ്ണമെന്റിലുടനീളം എതിരാളികൾക്ക് ഒരു പഴുതും അനുവദിക്കാതെയായിരുന്നു ഫെഡററുടെ കുതിപ്പ്. ഒരു സെറ്റ് പോലും വഴങ്ങിയില്ല എന്നതും ഒരു റെക്കോർഡാണ്. പരിക്കിന്റെ നിഴലിലായിരുന്ന ക്രൊയേഷ്യയുടെ മരിയൻ സിലിച്ചിന് മിന്നുന്ന ഫോമിൽ കളിക്കുന്ന എതിരാളിക്ക് മുന്നിൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇതിഹാസതാരത്തിന്റെ റായ്‌ക്കറ്റിൽ നിന്ന് പിഴവുകളും അകന്ന് നിന്നതോടെ മത്സരം തികച്ചും ഏകപക്ഷീയമായി എന്ന് തന്നെ പറയാം. കഴിഞ്ഞ വര്ഷം ക്വാർട്ടറിൽ മാച്ച് പോയിന്റ് നേടി പരാജയപെപ്പടുകയും, 2014 യുഎസ് ഓപ്പണിൽ ഫെഡററെ അനായാസം പരാജയപ്പെടുത്തുകയും ചെയ്തിട്ടുള്ള സിലിച്ചിന് പക്ഷേ ഇന്നലെ കാഴ്ചക്കാരന്റെ വേഷമായിരുന്നു. 6-3, 6-1, 6-4 എന്ന സ്കോറിനായിരുന്നു ഫെഡററുടെ വിജയം. ഒരുപിടി റെക്കോർഡുകൾ സ്വന്തം പേരിൽ എഴുതി ചേർത്താണ് ഇക്കൊല്ലം ഫെഡറർ മടങ്ങുന്നത്. ഒരുപാട് ശാരീരിക ക്ഷമത ആവശ്യപ്പെടുന്ന പുരുഷ സിംഗിൾസ് സർക്ക്യൂട്ടിൽ പ്രായം ഈ പ്രതിഭയ്ക്ക് തോൽക്കുകയാണ്. പരിക്കുകൾ ഒന്നും വലിച്ചില്ലെങ്കിൽ കോർട്ടിലെ ഈ മാന്ത്രിക സ്പർശം ഇനിയും കുറച്ചധികം കാലം ഇതുപോലെ തുടർന്നേക്കാം.

ഇന്നലെ നടന്ന മിക്സഡ് ഡബിൾസ് ഫൈനലിൽ ആന്റിമറെയുടെ സഹോദരൻ ജേമി മറെയും സ്വിറ്റ്‌സർലാൻഡിന്റെ മാർട്ടിന ഹിംഗിസും ചേർന്ന സഖ്യം കിരീടം നേടി. കോണ്ടിനെൻ വാട്സൺ സഖ്യത്തിനെതിരെയായിരുന്നു ഇവരുടെ വിജയം. മറെയുടെ രണ്ടാം കിരീടമാണിത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐ എസ് എൽ ഡ്രാഫ്റ്റ് സിസ്റ്റം എന്ത്? എങ്ങനെ?
Next articleസുബ്രതോ കപ്പ്, അണ്ടർ 14ൽ എം എസ് പി മലപ്പുറം ചാമ്പ്യന്മാർ