Picsart 24 07 13 00 37 43 633

നിസാരം! പത്താം വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറി നൊവാക് ജ്യോക്കോവിച്

കരിയറിലെ പത്താം വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറി നൊവാക് ജ്യോക്കോവിച്. 25 മത്തെ ഗ്രാന്റ് സ്ലാം കിരീടവും എട്ടാം വിംബിൾഡൺ കിരീടവും ലക്ഷ്യം വെക്കുന്ന രണ്ടാം സീഡ് ആയ ജ്യോക്കോവിച് 25 സീഡ് ആയ ഇറ്റാലിയൻ താരം ലോറൻസോ മുസെറ്റിയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സെമിഫൈനലിൽ തകർത്തത്. 2 തവണ ബ്രേക്ക് വഴങ്ങിയെങ്കിലും നാലു തവണ എതിരാളിയെ ബ്രേക്ക് ചെയ്ത ജ്യോക്കോവിച് നിർണായക സമയത്ത് ഏസുകൾ ഉതിർത്തു സർവീസ് നിലനിർത്തുന്ന കാഴ്ചയും മത്സരത്തിൽ കണ്ടു.

തനിക്ക് ആവുന്ന വിധം കളിച്ച ഇറ്റാലിയൻ താരത്തിന് പക്ഷെ ജ്യോക്കോവിച്ചിന് മുന്നിൽ ശരിക്ക് പിടിച്ചു നിൽക്കാൻ പോലും ആയില്ല. ആദ്യ സെറ്റ് 6-4 നു നേടിയ ജ്യോക്കോവിച് രണ്ടാം സെറ്റ് ടൈബ്രേക്കറിൽ ആണ് നേടിയത്. ഈ സെറ്റിൽ പിറകിൽ നിന്ന ശേഷം പൊരുതിയാണ് ജ്യോക്കോവിച് ടൈബ്രേക്കറിലേക്ക് കളി നീട്ടിയത്. തുടർന്ന് മൂന്നാം സെറ്റ് 6-4 നു നേടിയ ജ്യോക്കോവിച് സെന്റർ കോർട്ടിൽ മറ്റൊരു ജയം കുറിച്ചു ഫൈനലിലേക്ക് മുന്നേറി. ഫൈനലിൽ നിലവിലെ ജേതാവും മൂന്നാം സീഡും ആയ കാർലോസ് അൽകാരസ് ആണ് ജ്യോക്കോവിച്ചിന്റെ ഫൈനലിലെ എതിരാളി.

Exit mobile version