15 കാരിയുടെ വിംബിൾഡൺ സ്വപ്നകുതിപിന് അന്ത്യം കുറിച്ച് സിമോണ ഹാലപ്പ്

- Advertisement -

ഈ വിംബിൾഡന്റെ താരമായി ഇതിനകം മാറിയ കോരി കൊക്കോ ഗോഫിന്റെ വിംബിൾഡൺ സ്വപ്നകുതിപ്പിന് പ്രീക്വാർട്ടറിൽ അവസാനം. നേരിട്ടുള്ള സെറ്റുകൾക്ക് മുൻ ലോക ഒന്നാം നമ്പർ താരവും ഗ്രാന്റ്‌ സ്‌ലാം ജേതാവുമായ റൊമാനിയയുടെ 7 സീഡ് സിമോണ ഹാലപ്പ് ആണ് ഗോഫിന്റെ ചരിത്രകുതിപ്പിന് അന്ത്യം കുറിച്ചത്. ഗോഫിന്റെ യുവത്വത്തിനും ഗോഫിനായി ആർത്ത് വിളിച്ച കാണികൾക്കും എതിരായി തന്റെ മുഴുവൻ അനുഭവസമ്പത്തും പുറത്തെടുത്ത ഹാലപ്പ് മത്സരത്തിൽ ഈ വിംബിൾഡനിലെ ഇത് വരെയുള്ള തന്റെ മികച്ച പ്രകടനമാണ്‌ പുറത്തെടുത്തത്. ഗോഫിന്റെ ആദ്യ സർവീസ് തന്നെ ആദ്യ സെറ്റിൽ ഹാലപ്പ് മറികടന്നു എങ്കിലും അതേനാണയത്തിൽ തന്നെ തിരിച്ചടിച്ച് ഹാലപ്പിന്റെ സർവീസ് ബ്രൈക്ക് ചെയ്ത ഗോഫ് മത്സരം ആവേശത്തിലാക്കി. എന്നാൽ ഒരിക്കൽ കൂടി ഗോഫിന്റെ പോരാട്ടവീര്യത്തെ മറികടന്ന ഹാലപ്പ് ഒരിക്കൽ കൂടി സർവീസ് ബ്രൈക്ക് നേടുകയും ആദ്യ സെറ്റ് 6-3 നു സ്വന്തമാക്കുകയും ചെയ്തു.

മത്സരത്തിൽ ഉടനീളം വിട്ട് കൊടുക്കാതെ പൊരുതിയ ഗോഫിന്റെ പരിചയക്കുറവ് ഹാലപ്പ് നന്നായി ഉപയോഗിച്ചു. രണ്ടാം സെറ്റിൽ ഗോഫിന്റെ ഇരട്ട സർവീസ് പിഴവ് മുതലെടുത്ത് സർവീസ് ബ്രൈക്ക് നേടിയ ഹാലപ്പിന്റെ അടുത്ത സർവീസ് ആദ്യ സെറ്റിൽ എന്ന പോലെ ബ്രൈക്ക് ചെയ്ത ഗോഫ് താൻ അത്ര പെട്ടെന്ന് കീഴടങ്ങാൻ ഇല്ലെന്നു വ്യക്തമാക്കി. എന്നാൽ ഗോഫിന്റെ അടുത്ത സർവീസ് കൂടി ബ്രൈക്ക് ചെയ്ത ഹാലപ്പ് മത്സരത്തിലെ മുൻതൂക്കം തിരിച്ചു പിടിച്ചു. മൂന്നാം റൗണ്ടിൽ മാച്ച് പോയിന്റുകൾ രക്ഷിച്ച് ജയിച്ച് കയറിയ ഗോഫിന് ഇത്തവണയും മാച്ച് പോയിന്റ് രക്ഷിക്കാൻ ആയെങ്കിലും തോൽവി ഒഴിവാക്കാൻ ആയില്ല. 6-3 നു തന്നെ രണ്ടാം സെറ്റും നേടിയ ഹാലപ്പ് 15 കാരിയുടെ സ്വപ്നകുതിപിന് അന്ത്യം കുറിച്ചു. ഒരിക്കൽ കൂടി വിംബിൾഡൺ അവസാന എട്ടിലേക്ക് സിമോണ ഹാലപ്പ് പ്രവേശിച്ചു.

ടെന്നീസിന്റെ അടുത്ത സൂപ്പർ സ്റ്റാറിന് ഭാവി വിംബിൾഡൺ ജേതാവിന് നിറഞ്ഞ കയ്യടികൾ കൊണ്ടാണ് വിംബിൾഡൺ കാണികൾ യാത്രയയപ്പ്‌ നൽകിയത്. തോറ്റെങ്കിലും ടെന്നീസിന്റെ ഭാവി സൂപ്പർ സ്റ്റാർ താൻ തന്നെയാവും എന്ന ഉറച്ച പ്രഖ്യാപനത്തോടെയാണ് ഗോഫ് വിംബിൾഡൺ വിടുന്നത്. 15 വയസ്സിൽ ഗോഫ് കാണിച്ച മികവും പോരാട്ടവീര്യവും വിംബിൾഡൺ ടെന്നീസ് ചരിത്രത്തിലേക്കാണ് എഴുതി ചേർക്കാൻ പോവുക. മറ്റൊരു പ്രീ ക്വാട്ടർ മത്സരത്തിൽ പുരുഷന്മാരിൽ ഫ്രഞ്ച് താരം 28 സീഡ് പൈറേയെ തോൽപ്പിച്ച് 21 സീഡ് സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റായും അവസാന എട്ടിലെത്തി. 6-3, 7-5, 6-2 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സ്പാനിഷ് താരത്തിന്റെ ജയം.

Advertisement