വീണ്ടും അട്ടിമറി, ലോക ഒന്നാം നമ്പർ താരം ആഷ്ലി ബാർട്ടി വിംബിൾഡനിൽ നിന്ന് പുറത്ത്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

വിംബിൾഡനിലെ രണ്ടാം ആഴ്ച്ചക്കും അട്ടിമറിയോടെ തന്നെ തുടക്കം. ലോക ഒന്നാം നമ്പർ താരവും ഒന്നാം സീഡുമായ നിലവിലെ ഫ്രഞ്ച് ഓപ്പൺ ജേതാവിനെയാണ് ഇത്തവണ അട്ടിമറി തേടിയെത്തിയത്. ആദ്യ സെറ്റ് സ്വന്തമാക്കി നന്നായി തുടങ്ങിയ ബാർട്ടിയെ 3 സെറ്റ് നീണ്ട പോരാട്ടത്തിൽ ഒടുവിൽ സീഡ് ചെയ്യാത്ത അമേരിക്കൻ താരം ആലിസൻ റിസ്ക് ആണ് അട്ടിമറിച്ചത്. കോർട്ട് രണ്ടിൽ നടന്ന മത്സരത്തിൽ മത്സരം പുരോഗമിക്കും പോലെ റിസ്കിന് മുന്നിൽ ബാർട്ടി തളർന്നു. ആദ്യ സെറ്റ് 6-3 നു ബാർട്ടി സ്വന്തമാക്കിയപ്പോൾ വിംബിൾഡനിൽ ഇത് വരെ മികച്ച ഫോമിലുള്ള ബാർട്ടി ക്വാട്ടറിലേക്ക് മുന്നേറും എന്നാണ് പലരും പ്രതീക്ഷിച്ചത്.

എന്നാൽ തിരിച്ച് വന്ന അമേരിക്കൻ താരം ബാർട്ടിയുടെ റാങ്കിനേയും സീഡിനെയും കാര്യമാക്കിയില്ല. രണ്ടാം സെറ്റ് ബാർട്ടിക്ക് ഒരവസരവും നൽകാതെ 6-2 നു റിസ്‌ക് എടുത്തു. മൂന്നാം സെറ്റിലും നന്നായി തുടർന്നു കളിച്ച റിസ്‌ക് 6-3 നു സെറ്റും മത്സരവും സ്വന്തമാക്കി അവസാന എട്ടിൽ സ്ഥാനം പിടിച്ചു. മറ്റ് മത്സരങ്ങളിൽ 24 സീഡ് പെട്ര മാർട്ടിച്ചിയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന് 8 സീഡ് എലീന സ്‌വിറ്റോലിനയും അവസാന എട്ടിൽ എത്തി. സ്‌കോർ- 6-4, 6-2. പ്രീ ക്വാട്ടറിൽ ജയം കണ്ട 21 സീഡ് എൽസി മെർട്ടൻസും സീഡ് ചെയ്യാത്ത ചൈനീസ് താരം സാങ് സൂയിയും ക്വാട്ടർ ഫൈനലിൽ പ്രവേശിച്ചു.