Picsart 24 07 09 23 36 15 155

ആദ്യ സെറ്റിന് ശേഷം വിശ്വരൂപം കാണിച്ചു കാർലോസ് അൽകാരസ് വിംബിൾഡൺ സെമിഫൈനലിൽ

വിംബിൾഡൺ സെമിഫൈനലിലേക്ക് മുന്നേറി നിലവിലെ ചാമ്പ്യനും മൂന്നാം സീഡും ആയ കാർലോസ് അൽകാരസ് ഗാർഫിയ. 12 സീഡ് ആയ അമേരിക്കൻ താരം ടോമി പൗളിനെ നാലു സെറ്റ് മത്സരത്തിന് ഒടുവിൽ ആണ് സ്പാനിഷ് താരം മറികടന്നത്. ആദ്യ സെറ്റ് അവസാനം 7-5 നു കൈവിട്ട ശേഷം തിരിച്ചു വന്നാണ് അൽകാരസ് മത്സരത്തിൽ ജയം കണ്ടത്. രണ്ടാം സെറ്റ് 6-4 നു നേടി അൽകാരസ് മത്സരത്തിൽ തിരിച്ചെത്തി. തുടർന്ന് മൂന്നും നാലും സെറ്റുകൾ 6-2, 6-2 എന്ന സ്കോറിന് ആണ് അൽകാരസ് സ്വന്തമാക്കിയത്.

മത്സരത്തിൽ 8 തവണ എതിരാളിയുടെ സർവീസ് അൽകാരസ് ഭേദിച്ചു. ഗ്രാന്റ് സ്ലാമുകളിൽ കഴിഞ്ഞ 42 മത്സരത്തിൽ 39 മത്തെ ജയം ആണ് അൽകാരസ് ഇന്ന് കുറിച്ചത്. സെമിഫൈനലിൽ അഞ്ചാം സീഡ് ഡാനിൽ മെദ്വദേവ് ആണ് അൽകാരസിന്റെ എതിരാളി. തുടർച്ചയായ വിംബിൾഡൺ കിരീടം തന്നെയാവും സ്പാനിഷ് യുവതാരം ലക്ഷ്യമിടുക. അതേസമയം വനിതകളിൽ ഏഴാം സീഡ് ഇറ്റലിയുടെ ജാസ്മിൻ പയോളിനി വിംബിൾഡൺ സെമിയിലേക്ക് മുന്നേറി. 19 സീഡ് അമേരിക്കയുടെ എമ്മ നവോരയെ 6-2, 6-1 എന്ന സ്കോറിന് ആണ് ജാസ്മിൻ തകർത്തത്. കരിയറിലെ ആദ്യ വിംബിൾഡൺ സെമിയിൽ ഡോണ വെകിച് ആണ് ജാസ്മിന്റെ എതിരാളി.

Exit mobile version