അനായാസം ഫെഡറർ, റെക്കോർഡ് പതിനെട്ടാം തവണ വിംബിൾഡൺ മൂന്നാം റൗണ്ടിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

തന്റെ 22 വിംബിൾഡണിൽ റെക്കോർഡ് പതിനെട്ടാം തവണയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി ഇതിഹാസ താരം റോജർ ഫെഡറർ. ഫ്രഞ്ച് താരം ആയ റിച്ചാർഡ് ഗാസ്ഗറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഫെഡറർ മറികടന്നത്. ആദ്യ മത്സരത്തിൽ നിന്നു ഒരുപാട് മികച്ച രീതിയിൽ കളിക്കുന്ന ഫെഡററെയാണ് സെന്റർ കോർട്ടിൽ കണ്ടത്. മുമ്പ് വെറും രണ്ടു തവണ മാത്രം ഫെഡറർക്ക് എതിരെ ജയിച്ച ഗാസ്ഗറ്റ് ഏതാണ്ട് രണ്ടു വർഷങ്ങൾക്ക് മുകളിൽ ആയി ഫെഡറർക്ക് എതിരെ ഒരു സെറ്റ് എങ്കിലും ജയിച്ചിട്ട്. എന്നാൽ ആദ്യ സെറ്റിൽ കടുത്ത പോരാട്ടം ആണ് ഫ്രഞ്ച് താരം പുറത്ത് എടുത്തത്. ഇരു താരങ്ങളും ബ്രൈക്ക് ചെയ്യാൻ അവസരങ്ങൾ തുറന്നു എങ്കിലും സർവീസ് നിലനിർത്തിയതോടെ സെറ്റ് ടൈബ്രേക്കറിലേക്ക്. ടൈബ്രേക്കറിൽ തന്റെ മികവിലേക്ക് പൂർണമായും ഉയർന്ന ഫെഡറർ എതിരാളിക്ക് മേൽ വലിയ ആധിപത്യം നേടി ടൈബ്രേക്കർ ജയിച്ചു സെറ്റ് സ്വന്തം പേരിലാക്കി.

രണ്ടാം സെറ്റിൽ പക്ഷെ തന്റെ പ്രതാപ കാലം ഓർമ്മിപ്പിക്കുന്ന ഫെഡററെയാണ് കണ്ടത്. ടൂർണമെന്റിലെ ഷോട്ട് എന്നു പോലും പറയാവുന്ന ഗാസ്ഗറ്റ് ബാക്ക് ഹാൻഡ് പോലും അതിജീവിച്ച ഫെഡറർ ഇരട്ട ബ്രൈക്കുകൾ നേടി പെട്ടെന്ന് തന്നെ 4-0 നു മുന്നിലെത്തി. 26 മിനിറ്റിനുള്ളിൽ സെറ്റ് 6-1 നു നേടിയ ഫെഡറർ മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റിലും നിർണായക ബ്രൈക്ക് കണ്ടത്തിയ ഫെഡറർ 6-4 നു 36 മിനിറ്റിനുള്ളിൽ സെറ്റ് കയ്യിലാക്കി മൂന്നാം റൗണ്ടിലേക്ക് മുന്നേറി. 9 ഏസുകൾ അടിച്ച ഫെഡറർ ഒരു ഏസിലൂടെയാണ് മത്സരം തീർത്തത്. സീസണിൽ വെറും 10 മത്സരങ്ങൾ മാത്രം കളിച്ച ഫെഡറർ തന്റെ മികവിലേക്ക് ഉയരുന്ന സൂചന നൽകി. പലപ്പോഴും ഫ്രഞ്ച് താരത്തെ കാഴ്ചക്കാരായി നിർത്തി തെറ്റില്ലാത്ത മനോഹരമായ ഷോട്ടുകളും ആയി 40 വയസ്സിനു ഒരു മാസം അകലെ മാത്രമുള്ള ഫെഡറർ കളം നിറഞ്ഞ കാഴ്ച മനോഹരമായിരുന്നു. മൂന്നാം റൗണ്ടിൽ ഓസ്‌ട്രേലിയൻ താരം അലക്‌സ് ബോൾട്ടിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു വരുന്ന ബ്രിട്ടീഷ് താരം 29 സീഡ് കാമറോൺ നോരിയാണ് ഫെഡററിന്റെ എതിരാളി.