ആവേശമായി നിക് – ഉമ്പർട്ട് പോരാട്ടം, ത്രില്ലറിൽ നിക്, ഫെലിക്‌സ് ദിമിത്രോവ് രണ്ടാം റൗണ്ടിൽ

20210701 001402

വിംബിൾഡൺ ആദ്യ റൗണ്ടിൽ ഏറ്റവും കൂടുതൽ ആവേശം നൽകും എന്നു പ്രതീക്ഷിച്ച മത്സരം ഒട്ടും നിരാശപ്പെടുത്തിയില്ല. രണ്ടു ദിനങ്ങളിൽ ആയി 5 സെറ്റ് പോരാട്ടം കണ്ട മത്സരത്തിൽ യുവ ഫ്രഞ്ച് താരവും 21 സീഡും ആയ ഉഗോ ഉമ്പർട്ടിനെ ഓസ്‌ട്രേലിയൻ ഓപ്പണിന് ശേഷമുള്ള തന്റെ ആദ്യ മത്സരത്തിനു ഇറങ്ങിയ ഓസ്‌ട്രേലിയൻ വിവാദ നായകൻ നിക് ക്യൂരിയോസ് വീഴ്‌ത്തി. ഒരു നിക് ക്യൂരിയോസ് മത്സരത്തിനു വേണ്ട എല്ലാ ചേരുവകളും കണ്ട മത്സരത്തിൽ ഇരു താരങ്ങളും അത്യന്തം ആവേശകരമായ ടെന്നീസ് ആണ് പുറത്ത് എടുത്തത്. ആദ്യ സെറ്റ് 6-4 നു നേടിയ ക്യൂരിയോസ് രണ്ടും മൂന്നും സെറ്റുകൾ 6-3, 6-1 എന്ന സ്കോറിന് കൈവിട്ടു. തുടർന്ന് വിംബിൾഡൺ ഗ്രാസിൽ വേഗം കുറവാണ് എന്നു പരാതി പറയുന്ന ക്യൂരിയോസിനെയും കണ്ടു. എന്നാൽ നാലാം സെറ്റ് 6-1 നു നേടി തിരിച്ചു വന്ന ക്യൂരിയോസ് മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. ഇന്നലെ അഞ്ചാം സെറ്റ് തുടങ്ങിയെങ്കിലും പിന്നീട് സാങ്കേതിക കാരണങ്ങൾ കൊണ്ട് അത് ഇന്നത്തേക്ക് മാറ്റി.

ഇരു താരങ്ങളും വിട്ട് കൊടുക്കാൻ തയ്യാറാവാതെ പൊരുത്തിയപ്പോൾ അഞ്ചാം സെറ്റ് നീണ്ടു പോയി. സെറ്റിനു ഇടയിൽ തെന്നി വീണെങ്കിലും ഒടുവിൽ 9-7 നു സെറ്റ് കയ്യിലാക്കിയ ക്യൂരിയോസ് മത്സരം സ്വന്തം പേരിൽ കുറിച്ചു. മത്സരത്തിൽ ക്യൂരിയോസ് 23 ഏസുകൾ അടിച്ചപ്പോൾ ഉമ്പർട്ട് 13 എണ്ണം ആണ് അടിച്ചത്. 3 തവണ ബ്രൈക്ക് വഴങ്ങിയ ക്യൂരിയോസ് 5 തവണ എതിരാളിയെ ബ്രൈക്കും ചെയ്തു. എന്നും പ്രവചനങ്ങൾക്ക് പിടി തരാത്ത ക്യൂരിയോസ് അടുത്ത റൗണ്ടിൽ എന്ത് കാണിക്കും എന്നു കണ്ടറിയാം. 16 സീഡ് യുവതാരം ഫെലിക്‌സ് ആഗർ അലിയാസ്‌മെ ബ്രസീൽ താരം തിയാഗോയെ 6-3, 6-3, 6-3 എന്ന നേരിട്ടുള്ള സ്കോറിന് മറികടന്നു രണ്ടാം റൗണ്ടിൽ എത്തി. മികച്ച ടെന്നീസ് ആണ് ഫെലിക്‌സ് കളിച്ചത്. ആദ്യ സെറ്റ് സ്പാനിഷ് താരം ഫെർണാണ്ടോ വെർഡസ്കോക്ക് എതിരെ കൈവിട്ട ശേഷം ജയം കണ്ട 18 സീഡ് ഗ്രിഗോർ ദിമിത്രോവും രണ്ടാം റൗണ്ടിൽ എത്തി. അതേസമയം 20 സീഡ് റഷ്യയുടെ അസ്ലൻ ആദ്യ റൗണ്ടിൽ ഫ്രഞ്ച് താരം ജെറമി ചാർഡിയോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റു പുറത്തായി. ബ്രിട്ടീഷ് ഒന്നാം നമ്പറും 22 സീഡും ആയ ഡാൻ ഇവാൻസ്, 23 സീഡ് ഇറ്റാലിയൻ താരം ലോറൻസോ സൊനെഗ, 26 സീഡ് ഫാബിയോ ഫോഗ്നിനി എന്നിവർ രണ്ടാം റൗണ്ടിൽ എത്തിയപ്പോൾ സിറ്റിപാസിനെ അട്ടിമറിച്ചു രണ്ടാം റൗണ്ടിൽ എത്തിയ ഫ്രാൻസസ് ടിയഫോ മൂന്നാം റൗണ്ടിലേക്ക് മുന്നേറി.