വിംബിൾഡൺ- ദി ചാമ്പ്യൻഷിപ്പ്

- Advertisement -

ഇനി ടെന്നീസ് ലോകത്തെ മാമാങ്കമായ വിംബിൾഡണിന്റെ നാളുകൾ. 140 വർഷങ്ങൾക്ക് മുൻപ് വിംബിൾഡണിലെ ഓൾ ഇംഗ്ലണ്ട് ക്ലബ്ബിൽ ആണ് വിംബിൾഡൺ ചാമ്പ്യൻഷിപ്പ് ആരംഭിച്ചത്. ദി ചാമ്പ്യൻഷിപ്പിന്റെ 131മത്തെ എഡിഷൻ ആണ് ഇത്തവണ നടക്കുന്നത്. ലോകത്തെ നാല് ഗ്രാൻഡ് സ്ലാമുകളിൽ ഒന്നാണ് വിംബിൾഡൺ. പുൽത്തകൈടിയിൽ നടക്കുന്ന ഒരേ ഒരു മേജർ ചാമ്പ്യൻഷിപ്പ് ആണ് വിംബിൾഡൺ.

ടൂർണമെന്റിന്റെ പാരമ്പര്യത്തേയും അനുഷ്ഠാന രീതികളേയും ഒരു പോലെ മാനിച്ചാണ് വിംബിൾഡൺ നടത്തിക്കൊണ്ട് പോരുന്നത്. കളിക്കാർക്ക് കൃത്യമായ ഡ്രെസ് കോഡും നിർബന്ധമാണ്. കോർട്ടുകളുടെ ചുറ്റും സ്പോൺസർമാരുടെ പരസ്യങ്ങൾ വിംബിൾഡണിൽ കാണാൻ സാധിക്കില്ല. 2009 മുതൽ സെന്റർ കോർട്ടിൽ മഴമൂലം കളി തടസപ്പെടുത്താതിരിക്കാൻ റിട്രാക്ടബിൾ റൂഫ് ഘടിപ്പിച്ചിട്ടുണ്ട്. 18 കോർട്ടുകൾ ചാമ്പ്യൻഷിപ്പിനായി ഉപയോഗിക്കുന്നു. 22 എണ്ണം പരിശീലനത്തിനായും. 15 മാസവും 9 ടണ്ണോളം പുല്ലും വേണം വിംബിൾഡൺ പുൽത്തകിടി തയ്യാറാക്കാൻ.

ആധുനിക കായികരംഗത്ത് പരസ്യമായിരിക്കും കിറ്റിലും ആക്സസറികളിലും കൂടുതൽ,വർണശബളമായ കിറ്റുകൾ, ആക്സസറികൾ. എന്നാൽ വിംബിൾഡണിൽ ഇത് മറിച്ചാണ്. വിംബിൾഡണിൽ താരങ്ങളുടെ കിറ്റിന്റെ കളറിന്റെ 90% വെള്ളയായിരിക്കണം. കർശനമായ ഡ്രെസ് കോഡാണ് ചാമ്പ്യൻഷിപ്പിൽ പാലിക്കുന്നത്.

ടെന്നീസ് കോർട്ടിൽ നിത്യ സാനിധ്യമാണ് ബോൾ ബോയിസ്/ഗേൾസ്. പന്തിന്റേയും ടൗവ്വലുകളുടേയും കാര്യസ്ഥന്മാരാവുക എന്ന കാര്യം എളുപ്പമാണെന്ന മുൻവിധി വിംബിൾഡണിന്റെ കാര്യത്തിൽ മാറ്റിവെക്കാം. അഞ്ചുമാസത്തെ പരിശീലനത്തിനൊടുവിൽ 700 അപേക്ഷകരിൽ നിന്നും 250 പേർ മാത്രമാണ് തിരഞ്ഞെടുക്കപ്പെടുന്നത്. ബോൾ ബോയ്(ഗേൾ) ശരാശരി പ്രായം 15 ആണ്.

പുൽത്തകിടിയുടെ പച്ചനിറത്തിനും കളിക്കാരുടെ കിറ്റിന്റെ വെള്ള നിറത്തിനുമൊപ്പം ചുവപ്പും വിംബിൾഡണിന്റെ കളറാണ്. വിംബിൾഡണിലെ ഏറ്റവും ഫേവറൈറ്റ് ഡിഷ് സ്ട്രോബെറീസ് ആൻഡ് ക്രീം ആണ്. ടൂർണമെന്റിനിടയ്ക്ക് 28,000 കിലോഗ്രാം സ്ട്രോബെറിയും 10,000 ലിറ്ററോളം ഫ്രെഷ് ക്രീം ഉപയോഗിക്കുന്നു. 29,000 ഷാമ്പെയിൻ ബോട്ടിലുകളും വിംബിൾഡണിൽ ഉപയോഗിക്കപ്പെടുന്നു.

വിംബിൾഡണിന് അവകാശപ്പെടാനുള്ളത് തകർപ്പൻ ഷോട്ടുകളാണ്. ഇതിഹാസതാരം ബോറിസ് ബെക്കറിന്റെ 1985 ലെ ഡൈവ,് അദ്ദേഹം കളിയവസാനിപ്പിച്ചെങ്കിലും ഇന്നും ആരാധകർ ഓർത്തിരിക്കുന്നു. നോവാക് ജ്യോകോവിചിന്റേയും ഡസ്റ്റിൻ ബ്രൗണിന്റേയും തകർപ്പൻ ഡൈവിങ്ങ് ഷോട്ടുകൾ സമീപകാലത്തെ ഉദാഹരണങ്ങളാണ്‌.

വിംബിൾഡണിന്റെ മറ്റൊരു പ്രധാന ആകർഷണമാണ് വിജേതാക്കൾ സ്വന്തമാക്കുന്ന ട്രോഫി. ടെന്നീസ് ലോകത്തെ ഏറ്റവും സ്റ്റൈലിഷായ ട്രോഫികളിൽ ഒന്നാണ് വിംബിൾഡൺ ട്രോഫി. “All England Lawn Tennis Club Single Handed Championship of the World.”  എന്നടയാളപ്പെടുത്തിയിട്ടുള്ള ട്രോഫിയാണ് പുരുഷ വിഭാഗത്തിലെ ചാമ്പ്യന്മാർക്ക് ലഭിക്കുക. ഒറിജിനൽ ട്രോഫി ഓൾ ഇംഗ്ലണ്ട് ക്ലബ്ബ് മ്യൂസിയത്തിൽ സൂക്ഷിക്കുന്നതിനാൽ 3 ക്വാർട്ടർ സൈസ് റിപ്ലിക്ക ആയിരിക്കും ജേതാക്കൾക്ക് ലഭിക്കുക. വനിതാ വിഭാഗത്തിലെ ജേതാക്കൾക്ക് ” ദി റോസ്വാട്ടർ ഡിഷ്” എന്നറിയപ്പെടുന്ന ട്രോഫിയാണ് ലഭിക്കുക. റോമൻ മിത്തോളജി അനുസരിച്ച് യുദ്ധത്തിന്റെ ദേവതയായ മിനർവ്വയുടെ ചിത്രം ട്രോഫിയിൽ അലേഖനം ചെയ്തിട്ടുണ്ട്. 2.8 മില്ല്യൺ യുഎസ് ഡോളറുകളാണ് വിംബിൾഡൺ ജേതാക്കൾക്ക് ലഭിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement